പി. കെ. സുരേന്ദ്രന് രാമമംഗലം
പിറവം: പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള രാമമംഗലം സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ രോഗികള്‍ ബുദ്ധിമുട്ടുന്നു. നൂറ് കണക്കിന് രോഗികളാണ് ദിനംപ്രതി ആരോഗ്യകേന്ദ്രത്തില്‍ ചികിത്സക്കെത്തുന്നത്. ഒന്നര കോടി രൂപയോളം മുടക്കി നിര്‍മിച്ച ആധുനിക സൗകര്യങ്ങളടങ്ങിയ കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. അഞ്ച് ഡോക്ടര്‍മാരുടെ സേവനം ലഭിച്ച് കൊണ്ടിരുന്ന ആരോഗ്യ കേന്ദ്രത്തില്‍ ഇപ്പോള്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. ഉച്ചയോടെ അവരുടെ സേവനം കഴിയുന്നതോടെ ആശുപത്രി പൂട്ടുന്ന അവസ്ഥയിലാണ്.
രാമമംഗലം, ഊരമന, കിഴുമുറി, മാമ്മലശ്ശേരി, കുന്നത്ത്നാട് താലൂക്കിലെ തമ്മാനിമറ്റം, പാലയ്കാമറ്റം തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് ദിവസേന നൂറ് കണക്കിന് രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. വളരെ ഭംഗിയും വൃത്തിയുമുള്ള ആശുപത്രിയില്‍ മറ്റ് സ്റ്റാഫുകളും ക്യാഷ്വാലിറ്റി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
രോഗികളെ കിടത്തി ചികിത്സിക്കാന്‍ വാര്‍ഡുകളുണ്ടെങ്കിലും ഡോക്ടര്‍ ഇല്ലാത്തതിനാല്‍ രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ കഴിയില്ല. ഒരു ഡോക്ടര്‍ എങ്കിലും ക്വാര്‍ട്ടേഴ്സില്‍ താമസിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് കാല് നൂറ്റാണ്ട് പഴക്കമുണ്ട്. ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ വൈകുന്നേരത്തെ ഒപി നിര്‍ത്തലാക്കിയത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. പുതുതായി കെട്ടിടങ്ങള്‍ പണിത് ഉയര്‍ത്തുമ്പോഴും കൂടുതല്‍ ഡോക്ടര്മാാരുടെ ആവശ്യകതയേക്കുറിച്ച് അധികൃതര്‍ വിസ്മരിക്കുകയാണ്. നേരത്തെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ബ്ലോക്ക് പഞ്ചായത്ത്് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: