ഷൊര്‍ണൂര്‍: ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതികളിലേക്ക് മലിനജലം ഒഴുകിയെത്തുന്നത് തടയുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള അലംഭാവം പൊതുജനങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാവുന്നു. പുഴയിലെ വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്നും കോളിഫാം ബാക്ടീരിയയുടെ അമിതമായ സാന്നിധ്യമുണ്ടെന്നുമുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വെള്ളം പരിശോധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കും പുല്ല് വിലയാണ് ആരോഗ്യ വകുപ്പും, ജല അതോറിറ്റിയും കല്‍പ്പിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ നദിയും ലക്ഷോപലക്ഷം ജനങ്ങള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നതുമായ ഭാരതപ്പുഴയുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രിതന്നെ വിലപിച്ചിട്ടുണ്ട്. ഭാരതപ്പുഴയുടെ ഇരു കരകളിലുമുള്ള നഗര-ഗ്രാമ പ്രദേശങ്ങളിലെ മാര്‍ക്കറ്റുകള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നുള്ള ജൈവ മാലിന്യം പുഴയിലേക്ക് തള്ളുന്നത് മാലിന്യത്തിന് കാരണമാകുന്നു.
ദേശീയ ഹരിത ട്രൈബ്യുണലിന്റെ ഉത്തരവ് പ്രകാരം ഭാരതപ്പുഴയുടെ മലിനീകരണം സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും അഞ്ചുവര്‍ഷം പിന്നിട്ടിട്ടും മലിനീകരണം കൂടുകയല്ലാതെ അത് തടയുന്നതിനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പ്രകൃതിയുടെ വരദാനമായി പുഴയിലെ വെള്ളം സ്വയം ശുദ്ധി ചെയ്യുന്ന വാട്ടര്‍ ബെഡ്ഡായ മണല്‍ ശേഖരം കൊള്ള ചെയ്യുന്നതിന് ഒത്താശയും, പദ്ധതികളുമൊരുക്കുകയാണ് ബന്ധപ്പെട്ട അധികൃതര്‍. ഷൊര്‍ണൂര്‍ തടയണ കൊച്ചിന് പാലം ഉള്‍പ്പെടുന്ന ഭാഗം തുടങ്ങി പുഴയുടെ ദേശമംഗലം, കൊണ്ടയൂര്‍, വറവട്ടൂര്‍, ചെങ്ങണംകുന്ന് റെഗുലേറ്റര്‍ പരിധി വരെ വ്യാപകമായ മണല്‍ കൊള്ളയാണ് നടക്കുന്നത്. മണല്‍ നഷ്ടപ്പെട്ട പുഴയില്‍ പുല്‍മേടുകളും, വൃക്ഷങ്ങളും വളര്‍ന്ന് കുന്നിന് പ്രദേശ തുല്യമായി മാറിക്കഴിഞ്ഞു.
സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ മുന്നിട്ടിറങ്ങിയാണ് ചെളി നീക്കം ചെയ്യല്‍ എന്ന പേരില്‍ ഇപ്പോള്‍ മണല്‍ ക്കൊള്ള നടത്തുന്നത്. ഷൊര്‍ണൂര്‍ തടയണയുടെയും ചെങ്ങണാംകുന്ന് റെഗുലേറ്റര്‍ പ്രദേശത്തു നിന്നും ചെളി നീക്കം ചെയ്യലിന്റെ മറവില്‍ കോടികളുടെ മണല്‍ക്കൊള്ളയാണ് നടന്നത്. തമിഴ്നാടുള്പ്പടെയുള്ള വിവിധ സംസ്ഥാനങ്ങളിലേക്ക് ലോക്ഡൗണ്‍ കാലത്തുപോലും മണല്‍ കടത്തിയിരുന്നു.
വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെ ചെറുതുരുത്തി ഭാഗത്ത് പുഴയോരത്തുള്ള ഹോട്ടലുകളുടെ പുറകുവശത്തുള്ള അഴുക്കുചാല്‍ വഴി മലിനജലം പുഴയിലേക്കൊഴുക്കുന്നത് നിര്‍ത്തലാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ യാതൊരു നടപടികളും കൈകൊള്ളുന്നില്ലെന്ന് പരാതിയുണ്ട്. മാത്രമല്ല പ്ലാസ്റ്റിക് മാലിന്യങ്ങളും ധാരാളമായി പുഴയിലേക്ക് തള്ളുന്നു.
ലക്ഷക്കണക്കിനാളുകളുടെ കുടിവെള്ള സ്രോതസ്സായ പുഴവെള്ളം ഉപയോഗിക്കുന്നവര്‍ മാറാരോഗികളായി മാറിയേക്കാവുന്ന അവസ്ഥക്കെതിരെ അതീവ ജാഗ്രത കൈക്കൊള്ളേണ്ട ആരോഗ്യവകുപ്പ് ഇപ്പോഴും മൗനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: