റാന്നി: ഗ്രാമീണ റോഡുകള്‍ പലതും വികസിക്കുമ്പോള്‍ അധികൃതരുടെ അവഗണയില്‍ ഐത്തല – അറുവച്ചാന്‍ കുഴി, തീരദേശ റോഡിന്റെ ഭാഗമായ ഏറാട്ടുകടവ് – കിടങ്ങുമൂഴി റോഡ്. കഴിഞ്ഞ അഞ്ചു വര്‍ഷം മുന്‍പ് മരാമത്ത് വകുപ്പ് അളന്ന് കല്ലിട്ട് പോയെങ്കിലും ഇപ്പോള്‍ ഇത് ഫയലില്‍ പോലും ഇല്ലാത്തവസ്ഥയാണ്. വടശ്ശേരിക്കര പഞ്ചായത്തിലെ ഐത്തല പാലം, കിടങ്ങുമൂഴി, ബംഗ്ലാകടവ്, പെരുനാട്, മാടമണ്‍ ശ്രീനാരായണ കണ്വന്ഷന് സെന്റര്‍ പടിവഴി നാറാണംമൂഴി പഞ്ചായത്തില്‍ എത്തി കടുമിന് ചിറയില്‍ കൂടി വെച്ചുച്ചിറയില്‍ എത്തി മുന്നോട്ടു നീങ്ങുന്ന തീരദേശറോഡ് കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തില്‍ എത്തി അറുവച്ചാന്‍ കുഴിയിലെത്തുന്നതായിരുന്നു പദ്ധതി.
രണ്ടു ജില്ലകളെയും അഞ്ച് പഞ്ചായത്തുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ തീരദേശ റോഡിന്റെ അവസാനഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചെങ്കിലും തുടക്കമായ ഐത്തല മുതല്‍ നാറാണംമൂഴി വരെയാണ് ഉന്നത നിലവാരത്തില്‍ വികസിപ്പിക്കേണ്ടത്. ഇതില്‍ പഴവങ്ങാടി പഞ്ചായത്തിന്റെ അതിര്ത്തിയായഐത്തല റോഡിനെയും ഇട്ടിയപ്പാറ കിടങ്ങുമൂഴി റോഡിനേയും ബന്ധിപ്പിക്കുന്ന രണ്ടര കിലോമീറ്റര്‍ ദൂരം വരുന്ന ഏറാട്ടുകവ് – ചൊവ്വൂര്‍മൂഴി വരെ പഞ്ചായത്ത് റോഡായതിനാല്‍ വീതി നന്നേ കുറവാണ്. ഇവിടമാണ് അളന്ന് കല്ലുകളിട്ടിട്ട് തിരിഞ്ഞു നോക്കാതായത്. ബാക്കി ഭാഗം പൊതുമാരാമത്തിന്റെ അധീനതയിലായതിനാല്‍ സാധാരണ വീതിയുള്ള ഗ്രാമീണ റോഡുകളാണ്.
അറുവച്ചാന്‍ കുഴി മുതല്‍ കടുമീന്‍ചിറ വരെയുള്ള ഭാഗം പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും സര്‍ക്കാരിന്റെ ഫണ്ടിലും പണി പൂര്‍ത്തികരിച്ചതാണ്. വടശ്ശേരിക്കര പഞ്ചായത്തിലെ ഒന്നും, രണ്ടും വാര്‍ഡുകള്‍ ഉള്‍പ്പെട്ട ഏറാട്ട് കടവ് – ചൊവ്വുര്മൂഴി രണ്ടര കിലോ മീറ്റര്‍ ഭാഗം മാത്രമാണ് ഇനിയും വീതി കൂട്ടി കലുങ്കും സംരക്ഷണ ഭിത്തികളും നിര്‍മ്മിച്ച് പുനരുദ്ധരിക്കേണ്ടത്. 2011ല്‍ ഈ പഞ്ചായത്ത് റോഡ് മുന്‍ എംപി പി.ജെ കുര്യന്റെ ഫണ്ടില്‍ നിന്നും മുല്ലശ്ശേരി പടി മുതല്‍ ചൊവ്വൂര്‍മൂഴി വരെ മൂന്ന് മീറ്റര്‍ വീതില്‍ ടാര്‍ ചെയ്തിരുന്നു. പിന്നീട് പഞ്ചായത്തു പോലും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. റാന്നി ഇട്ടിയപ്പാറയില്‍ നിന്നും വടശ്ശേരിക്കരക്കു പോകുവാന്‍ ഏറ്റവും കുറവുദൂരമുള്ള റോഡാണിതന്നുള്ള പ്രത്യേകതയും ഈ റോഡിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: