കോഴിക്കോട്: വൈദ്യുതി ബോര്‍ഡില്‍ സിപിഎം നിയന്ത്രണത്തിലുള്ള യൂണിയനില്‍ കടുത്ത ഭിന്നത കൂടുതല്‍ പരസ്യമാകുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത്, അധികാര സ്ഥാനങ്ങളില്‍നിന്ന് ഒതുക്കപ്പെട്ട നേതാവ് എം.ജി. സുരേഷ് കുമാറിനെതിരേ ഗുരുതരമായ കേസ് ഉണ്ടാകാതിരിക്കാനും, സിപിഎമ്മിലെ ചില മുതിര്‍ന്ന നേതാക്കളുടെ താല്പര്യത്തില്, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് നേതാവുകൂടിയായ ഡയറക്ടര്‍ ആര്. സുകുവിനെ മുന്‍നിര്‍ത്തി നടത്തുന്ന നീക്കങ്ങള്‍ തടയാനും ലക്ഷ്യമിട്ട് ഇന്നലെ തലസ്ഥാനത്തെ സിപിഎം യൂണിയനില്‍പെട്ട ജീവനക്കാര്‍ വായമൂടിക്കെട്ടി പ്രകടനം നടത്തി.
സിപിഎം യൂണിയനായ കെഎസ്ഇബിഒഎ വൈസ്പ്രസിഡന്റും ബോര്‍ഡ് ഡയറക്ടറുമായ ആര്. സുകു, ബോര്‍ഡ് ചെയര്മാന് എന്നിവരെ ലക്ഷ്യമിട്ടാണ് ജീവനക്കാരെ നിരത്തിലിറക്കി യൂണിയന് പ്രസിഡന്റ് എം.ജി. സുരേഷ്കുമാറിന്റെ പ്രതിരോധം. എന്നാല്‍, ലക്ഷ്യം വ്യക്തിപരമാണെന്ന് അറിയാമായിട്ടും, യൂണിയനിലെ ശക്തമായ ഗ്രൂപ്പിസത്തിന്റെ ഭാഗമായി, സുരേഷിന്റെ പക്ഷക്കാര്‍ സമരങ്ങള്ക്കിറങ്ങുകയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സുരേഷ്കുമാര്‍, ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെ ഡെപ്യൂട്ടേഷനില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായിരിക്കെ നടത്തിയ പല ഇടപാടുകളില്‍ പങ്കാളികളായവരാണ് ഇപ്പോള്‍ ഒപ്പമുള്ളതെന്ന് സിപിഎം നേതാക്കള്‍തന്നെ പറയുന്നു. സംഘടനയ്ക്കും മുകളില്‍ വളര്‍ന്ന യൂണിയന് നേതാവിനെ വരുതിയിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിതന്നെയാണ്. അതിനാലാണ് പലവട്ടം വൈദ്യുതിവകുപ്പ് മന്ത്രിമാരോടൊപ്പം പ്രവര്‍ത്തിച്ച പരിചയമുണ്ടായിട്ടും ഇത്തവണ വകുപ്പില്‍ അടുപ്പിക്കാഞ്ഞതെന്നും അവര്‍ വിശദീകരിക്കുന്നു. ഇതുകൊണ്ടൊന്നും ഒതുങ്ങിയില്ലെങ്കില്‍ മുന്‍കാല ഔദ്യോഗിക ചെയ്തികള്‍ക്കുമേല്‍ അന്വേഷണങ്ങള്‍ക്കുപോലും ബോര്‍ഡ് തീരുമാനം വരാനുള്ള സാധ്യതയും പാര്‍ട്ടിയിലെ ചില നേതാക്കള്‍ പറയുന്നു.
എറണാകുളത്ത് ഒരു ഉപഭോക്താവിന്റെ പരാതിക്ക് ഉദ്യോഗസ്ഥ വാട്സ്ആപ്വഴി നല്കിയ മറുപടി വിവാദമായിരുന്നു. ഈ വിഷയത്തില്‍ ഉപഭോക്താവിനോട് ബോര്‍ഡ് ക്ഷമ ചോദിച്ചു. തുടര്‍ന്ന് ആ വിവാദ ശബ്ദ സന്ദേശം സീനയര്‍ ഓഫീസര്‍മാരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ ഡയറക്ടര്‍ ആര്. സുകു പങ്കുവെച്ചു. ഇതിനെ ബോര്‍ഡിന്റെ വിതരണവിഭാഗം ദക്ഷിണ മേഖലാ ചീഫ് എഞ്ചിനീയര്‍ ചോദ്യം ചെയ്തു. ഇത് അച്ചടക്ക ലംഘനമായി കണക്കാക്കി, അദ്ദേഹത്തിന് ബോര്‍ഡ് കാരണംകാണിക്കല്‍ നോട്ടീസ് നല്കി. ഇത് ഫാസിസ്റ്റ് രീതിയാണെന്ന് ആരോപിച്ചാണ് ഇന്നലെ വായ്മൂടിക്കെട്ടി പ്രകടനം നടത്തിയത്.
എന്നാല്‍, പുതിയ ചെയര്മാന് വന്നപ്പോള്‍ മുതല്‍ ബോര്‍ഡിലെ ഇടതുപക്ഷ സംഘടനകളുടെ ഫാസിസ്റ്റ് നടപടികള്‍ തടസപ്പെട്ടിരിക്കുകയാണ്. ബോര്‍ഡ് രക്ഷപ്പെടാന്‍ ലക്ഷ്യമിട്ട് ചെയര്മാന് നടത്തുന്ന പല പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയാതീതമായി ജീവനക്കാരില്‍നിന്ന് പിന്തുണയുണ്ട്. ജീവനക്കാരും അംഗങ്ങളായ ഡയറക്ടര്‍ബോര്‍ഡില്‍ ഭൂരിപക്ഷവും ചെയര്‍മാന്റെ നടപടികള്‍ക്കൊപ്പമാണ്.
യൂണിയന് നേതാക്കളും പങ്കെടുത്ത ഒരു യോഗത്തില്‍ ഒരേ യൂണിയനിലായ ഡയറക്ടറെ ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ് പേരുവിളിച്ച് ആക്ഷേപിച്ചിരുത്തിയെന്ന് പരാതി വന്നിരുന്നു. അതിന്റെ പേരില്‍ അസോസിയേഷന് പ്രസിഡന്റിനെ ചെയര്മാന്താക്കീതും ചെയ്തു. എന്നാല്‍, പേരല്ല, ജാതിപ്പേരാണ് വിളിച്ചതെന്നും ആ നിലയ്ക്കുള്ള പരാതി അധികൃതരുടെ പക്കല്‍ എത്തിയെന്നുമാണ് വിവരം. ചെയര്മാന് താക്കീത് ചെയ്ത വിഷയം മുഖ്യമന്ത്രിയുടെ അടുത്തുവരെ പരാതിയായി എത്തിയെങ്കിലും അസോസിയേഷന് പ്രസിഡന്റിനൊപ്പം പാര്‍ട്ടിയിലെ ആരും നിന്നില്ല. ജാതിപ്പേരുവിളിച്ചുവെന്ന പരാതി കേസായാല്‍ ഗുരുതരമായ വിഷയമാകും. അതുണ്ടാകാതിരിക്കാന്‍ നടത്തുന്ന സമ്മര്‍ദ തന്ത്രമാണ് വായ്മൂടിക്കെട്ടി സമരമെന്നാണ് ചില വിശദീകരണങ്ങള്‍.
എന്നാല്‍, ഏറെ കൗതുകകരമായ കാര്യം, യുഡിഎഫ് ഭരണകാലത്ത്, അസോസിയേഷന് വൈസ് പ്രസിഡന്റായ ഇപ്പോഴത്തെ ഡയറക്ടര്‍ സാമൂഹ്യ മാധ്യമത്തിലൂടെ അന്നത്തെ മുഖ്യമന്ത്രിയുടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തി. അന്ന് ബോര്‍ഡ് നടപടിയെടുത്തപ്പോള്‍ അതിനെതിരേയും ഇതേ ബോര്‍ഡ് ഓഫീസേഴ്സ് അസോസിയേഷന് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. അദ്ദേഹത്തിനെതിരേ -ഇപ്പോള്‍ നടത്തുന്ന പ്രതിഷേധം ബോര്‍ഡ് ജീവനക്കാരുടെ വാട്സ്ആപ് ഗ്രൂപ്പുകളില്‍ ചൂടന്‍ ചര്‍ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: