തേഞ്ഞിപ്പലം: അറുപത്തിയഞ്ചാമത് സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാട് ഓവറോള്‍ കിരീടം നിലനിര്‍ത്തി. സ്വര്‍ണ നേട്ടത്തില്‍ എറണാകുളത്തിനും കോഴിക്കോടിനും പിന്നിലാണെങ്കിലും കൂടുതല്‍ പോയിന്റ് നേടിയതിന്റെ കരുത്തിലാണ് പാലക്കാടിന്റെ കിരീടധാരണം. 22 സ്വര്‍ണവും 23 വെള്ളിയും 22 വെങ്കലവുമടക്കം 491 പോയിന്റാണ് പാലക്കാട് നേടിയത്. 30 സ്വര്‍ണവും 17 വെള്ളിയും 12 വെങ്കലവുമടക്കം 421.5 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. മൂന്നാം സ്ഥാനത്തെത്തിയ കോഴിക്കോടിന് 24 സ്വര്‍ണവും 16 വെള്ളിയും 12 വെങ്കലുമടക്കം 375.5 പോയിന്റാണുള്ളത്. 13 സ്വര്‍ണ്ണം, 23 വെള്ളി, 22 വെങ്കലം നേടി 352.5 പോയിന്റുമായി കോട്ടയം നാലാം സ്ഥാനത്തെത്തി. ആതിഥേയരായ മലപ്പുറത്തിന് ആറാം സ്ഥാനം കൊണ്ട് ത്യപ്തിപ്പെടേണ്ടി വന്നു. 259 പോയിന്റാണ് നേടാനായത്. ഏഴ് സ്വര്‍ണവും 15 വെള്ളിയും 13 വെങ്കലവുമാണ് മലപ്പുറത്തിന്റെ നേട്ടം.
അണ്ടര്‍ 14 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കോഴിക്കോടിനാണ് ഒന്നാം സ്ഥാനം. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്ന് സ്വര്‍ണമടക്കം 28 പോയിന്റും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നാല് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം 55 പോയിന്റും നേടിയാണ് കോഴിക്കോട് ഒന്നാമതെത്തിയത്. പെണ്‍കുട്ടികളില്‍ 19 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനവും 18.5 പോയിന്റുമായി കോട്ടയം മൂന്നാം സ്ഥാനവും നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 25 പോയിന്റുമായി പാലക്കാട് രണ്ടാമതും 23 പോയിന്റുമായി ഇടുക്കി മൂന്നാമതുമെത്തി.
അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തിലും കോഴിക്കോടാണ് ഒന്നാം സ്ഥാനത്ത്. 6 സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമടക്കം 76 പോയിന്റാണ് സ്വന്തമാക്കിയത്. 55 പോയിന്റുമായി കോട്ടയം രണ്ടാം സ്ഥാനവും 43 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനവും നേടി. ആണ്‍കുട്ടികളില്‍ പാലക്കാടാണ് ഒന്നാമത്. 5 സ്വര്‍ണവും 2 വെള്ളിയും മൂന്ന് വെങ്കലവുമടക്കം 76 പോയിന്റാണ് പാലക്കാട് നേടിയത്. 66 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനവും 26.5 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അണ്ടര്‍ 18 പെണ്‍കുട്ടികളില്‍ നാല് വീതം സ്വര്‍ണവും വെള്ളിയും മൂന്ന് വെങ്കലവുമടക്കം 82 പോയിന്റോടെ കോഴിക്കോടിനാണ് ഒന്നാം സ്ഥാനം. 81 പോയിന്റോടെ എറണാകുളം രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തെത്തിയ പാലക്കാട് 74 പോയിന്റും നേടി. ആണ്‍കുട്ടികളില്‍ 5 വീതം സ്വര്‍ണവും വെള്ളിയും നാല് വെങ്കലവുമടക്കം 103 പോയിന്റുമായി പാലക്കാട് ഒന്നാമതെത്തി. 76 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 58 പോയിന്റുമായി മലപ്പുറം മൂന്നാമതുമെത്തി.
അണ്ടര്‍ 20 ആണ് വിഭാഗത്തില്‍ നാല് സ്വര്‍ണവും ആറ് വീതം വെള്ളിയും വെങ്കലവുമടക്കം 112 പോയിന്റുള്ള പാലക്കാടാണ് ചാമ്പ്യന്മാര്. 91 പോയിന്റുള്ള തൃശൂര്‍ രണ്ടാമതെത്തി. 66 പോയിന്റുള്ള എറണാകുളത്തിനാണ് മൂന്നാം സ്ഥാനം. അണ്ടര്‍ 20 പെണ് വിഭാഗത്തില്‍ എറണാകുളമാണ് ചാമ്പ്യന്മാര്. 14 സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 161.5 പോയിന്റ്. 115.5 പോയിന്റുള്ള കോട്ടയത്തിനാണ് രണ്ടാം സ്ഥാനം. 67 പോയിന്റുമായി തൃശൂര്‍ മൂന്നാമതുമെത്തി. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍കോടിന്റെ കെ.സി. സര്‍വനും പെണ്‍കുട്ടികളില്‍ കോഴിക്കോടിന് വേണ്ടി മത്സരിച്ച ലക്ഷദ്വീപുകാരി മുബസിന മുഹമ്മദും മികച്ച അത്ലറ്റുകളായി. അണ്ടര്‍ 14 ആണ്-പെണ് വിഭാഗത്തില്‍ ആലപ്പുഴയുടെ സച്ചു മാര്‍ട്ടിനും കോഴിക്കോടിന്റെ മിന്‍സാര പ്രസാദുമാണ് മികച്ച അത്ലറ്റുകള്. അണ്ടര്‍ 18 ആണ് വിഭാഗത്തില്‍ പാലക്കാടിന്റെ ആര്.കെ. വിശ്വജിത്തും അണ്ടര്‍ 18 പെണ് വിഭാഗത്തില്‍ കോഴിക്കോടിന്റെ സാനിയ ട്രീസ ടോമിയും അണ്ടര്‍ 20 ആണ്-പെണ് വിഭാഗത്തില്‍ യഥാക്രമം കോഴിക്കോടിന്റെ വി.കെ. മുഹമ്മദ് ലസ്സനും എറണാകുളത്തിന്റെ ഗൗരി നന്ദനയും മീറ്റിലെ മികച്ച അത്ലറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടു.
മീറ്റിന്റെ സമാപന ദിനത്തില്‍ ആറ് മീറ്റ് റെക്കോര്‍ഡുകളും പിറന്നു. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ 1.64 മീറ്ററില്‍ കോഴിക്കോടിന്റെ കരോലിന മാത്യു റെക്കോഡ് സ്ഥാപിച്ചു. 2013-ല്‍ കോട്ടയത്തിന്റെ ഡൈബി സെബാസ്റ്റിയന് സ്ഥാപിച്ച 1.63 മീറ്ററിന്റെ റെക്കോഡാണ് തിരുത്തിയത്. വനിതകളുടെ അണ്ടര്‍ 18 ഷോട്ട്പുട്ടില്‍ കാസര്‍കോടിന്റെ അഖില രാജു 13.20 മീറ്റര്‍ എറിഞ്ഞ് റെക്കോഡ് ബുക്കില്‍ ഇടംപിടിച്ചു. 2016-ല്‍ തിരുവനന്തപുരത്തിന്റെ മേഘ മറിയം മാത്യു സ്ഥാപിച്ച 13.16 മീറ്ററിന്റെ റെക്കോഡ് പഴങ്കഥയായി. അണ്ടര്‍ 20 വിഭാഗം ട്രിപ്പിള്‍ജമ്പില്‍ എറണാകുളത്തിന്റെ മീരാ ഷിബു 12.90 മീറ്റര്‍ ചാടി റെക്കോഡിന് അവകാശിയായി. 2014-ല്‍ തിരുവനന്തപുരത്തിന്റെ ജെനിമോള് ജോയ് സ്ഥാപിച്ച 12.70 മീറ്ററിന്റെ റെക്കോഡാണ് മീര ഷിബു മറികടന്നത്. ഈയിനത്തില്‍ രണ്ടാമതെത്തിയ എറണാകുളത്തിന്റെ തന്നെ അനു മാത്യുവും 12.71 മീറ്റര്‍ ചാടി നിലവിലെ റെക്കോഡ് മറികടന്നു. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലും ഡിസ്കസ്ത്രോയിലും ഇരട്ട റെക്കോഡ് സ്വന്തമാക്കി കാസറഗോഡിന്റെ കെ.സി. സര്‍വന്‍ സൂപ്പര്‍ താരമായി. ഡിസ്കസില്‍ 59.25ഉം ഷോട്ട്പുട്ടില്‍ 17.65 മീറ്ററും എറിഞ്ഞാണ് സര്‍വന്‍ റെക്കോഡ് ഡബിളിന് അവകാശിയായത്. ഗേള്‍സ് അണ്ടര്‍ 16 ഹെക്സാതലണില് കോഴിക്കോടിന്റെ മുബസിന മുഹമ്മദ് 3696 പോയന്റോടെ പുതിയ റെക്കോഡ് സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: