മുംബൈ: ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് 15ാം സീസണിനു മുന്നോടിയായുള്ള മെഗാ താരലേലം ഇത്തവണ ബെംഗളൂരുവില്‍ നടക്കും. കൊവിഡ് സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായില്ലെങ്കില്‍ ഐപിഎല്ലിലെ മെഗാ താരലേലം ഫെബ്രുവരി 7,8 തീയതികളിലായിരിക്കും നടക്കുക. ഇതിനായുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്നും ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
മെഗാ താരലേലത്തിനു പരിഗണിക്കേണ്ട താരങ്ങളെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ അടുത്തിടെ വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും സംസ്ഥാന അസോസിയേഷനുകള്‍ക്കും കത്തു നല്‍കിയിരുന്നു. ജനുവരി 17നു മുന്‍പ് പേരുകള്‍ നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇത്തവണ ഐപിഎല്ലില്‍ പുതുതായി രണ്ട് ടീമുകള്‍ കൂടി എത്തിയതോടെയാണ് മെഗാ താരലേലം ആവശ്യമായി വന്നത്. സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയില്‍ ലക്നൗ ആസ്ഥാനമായുള്ള ടീമും സിവിസി ഗ്രൂപ്പിന് കീഴില്‍ അഹമ്മദാബാദ് ആസ്ഥാനമായ ടീമുമാണ് ഇത്തവണ പുതുതായി ഐപിഎല്ലില്‍ കളിക്കുന്നത്.
രണ്ടു പുതിയ ടീമുകള്‍ കൂടി എത്തുന്നതോടെ ഇത്തവണ 10 ടീമുകളായിരിക്കും ഐപിഎലില്‍ മത്സരിക്കുന്നത്. ഏതാണ്ട് ആയിരത്തോളം താരങ്ങളുടെ പേരുകളാണ് ഐപിഎല്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അവരില്‍നിന്ന് ഇടംപിടിക്കുന്ന 200-250 താരങ്ങളെയാകും ലേലത്തിനു പരിഗണിക്കുന്നത്. ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും മെഗാ താരലേലം നടത്തുന്നതിനെ നിലവിലെ ടീമുകള്‍ എതിര്‍ക്കുന്നതിനാല്‍ മെഗാ താരലേലം തന്നെ ഉപേക്ഷിക്കാന്‍ ബിസിസിഐ ആലോചിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: