കൊല്ലം: ഒമിക്രോണ്‍ വ്യാപനം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പ്രതിരോധത്തിന് മലയാളിക്ക് മാസ്‌ക്ക് മാത്രം. കൊവിഡ് വ്യാപനത്തെ ചെറുക്കാന്‍ കൈക്കൊണ്ടിരുന്ന സാമൂഹ്യഅകലവും കൈകഴുകലും സാനിറ്റൈസറുമെല്ലാം മലയാളി മറന്ന മട്ടാണ്. കൊവിഡിന്റെ വ്യാപനത്തിന് ചെറിയകുറവ് വന്നതോടെ സാമൂഹ്യ അകലവും സാനിറ്റൈസറും കൈകഴുകലുമെല്ലാം ഉപേക്ഷിച്ചു.
കൊവിഡിന്റെ വകഭേദങ്ങള്‍ പലതും മാറിമാറി വന്നപ്പോള്‍ അത് മനുഷ്യരാശിയെ കടന്നാക്രമിച്ചപ്പോഴും കുറച്ചെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത് മാസ്‌ക്കിന്റെയും സാനിറ്റൈസറിന്റെയും ഉപയോഗവും സാമൂഹ്യഅകലം പാലിക്കലും കൊണ്ടായിരുന്നു. എന്നാല്‍ അതിവേഗം വ്യാപനം നടത്തുന്ന കൊവിഡ് വകഭേദമായ ഒമിക്രോണ്‍ കടന്നുവരുമ്പോള്‍ മാസ്‌ക്ക് മാത്രം വച്ചുകൊണ്ടാണ് ആളുകള്‍ അതിനെ നേരിടാന്‍ ഒരുങ്ങുന്നത്. ഒരു ഭാഗത്ത് ഒമിക്രോണിനെ നേരിടാന്‍ സര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഒരുക്കിയെന്നുപറയുമ്പോഴും സാമൂഹ്യഅകലം എന്നത് മരീചികയായിരിക്കുകയാണ്.
യാത്രക്കാരെ കുത്തി നിറച്ച വാഹനങ്ങള്‍, വലിയ ജനക്കൂട്ടങ്ങള്‍ പങ്കെടുക്കുന്ന സമരങ്ങള്‍, പാര്‍ട്ടിസമ്മേളനങ്ങള്‍ മന്ത്രിമാര്‍വരെ സാമൂഹ്യഅകലം മറന്ന് വലിയ പരിപാടികളില്‍ പങ്കെടുക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പലപരിപാടികളിലും മാസ്‌ക്കുപോലും ഉപയോഗിക്കാത്ത അവസ്ഥയുമുണ്ട്. അതിവ്യാപനശേഷിയുള്ള വകഭേദമാണ് ഒമിക്രോണ്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. വിദേശരാജ്യങ്ങളില്‍ അതിന്റെ വ്യാപനം അതിശക്തമായിക്കൊണ്ടിരിക്കുന്നു. വലിയ അപകടശേഷിയുള്ളതല്ലെങ്കിലും ശാരീരിക ക്ഷമതയില്ലാത്തവര്‍ക്ക് അത് അപകടകരമാകാം. വിദേശ രാജ്യങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ വ്യാപനം വളരെവേഗം നടക്കുന്നത് മനസിലാക്കാന്‍ കഴിയും.
ഓമിക്രോണ്‍ അതിവേഗം വ്യാപിക്കാന്‍ തുടങ്ങിയാല്‍ അതനുസരിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാകും. വ്യാപനത്തിന് മുമ്പ് തന്നെ അതിനെ നേരിടാന്‍ തയ്യാറാകേണ്ടത് അത്യാവശ്യമാണ്. അതിനുവേണ്ട മുന്‍കരുതലെടുക്കാന്‍ ഇനിയും അമാന്തിക്കേണ്ടതില്ല. മാസ്‌ക്ക് മാത്രം കൊണ്ട് നമുക്കിതിനെ നേരിടാനാവില്ല. ഒപ്പം സാമൂഹ്യഅകലവും മറ്റും പാലിച്ചെ മതിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: