ഡോ. സുകുമാര്‍, കാനഡ
സന്ത്‌കേശവദാസ് ആത്മസാക്ഷാത്ക്കാരം എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതുന്നു; ‘ഏതൊരുസാധകന്‍ എത്രകഷ്ടപ്പെട്ടും ആത്മീയതയില്‍ അഭിരമിക്കുന്നുവോ അയാള്‍ ചെയ്യുന്നത് ഒരു തപസ്സുതന്നെയത്രേ! തപിക്കുക എന്നാല്‍ ചൂടില്‍ എരിയുക എന്നാണ് അര്‍ത്ഥം. ചൂടുകൊണ്ട് സാധകന്റെയുള്ളിലെ കര്‍മ്മങ്ങളും വാസനകളും എരിഞ്ഞടങ്ങുന്നു. നിത്യവുംഅനുഷ്ഠിക്കുന്ന സന്ധ്യാവന്ദനം, പ്രഭാതത്തിലും പ്രദോഷത്തിലും ചെയ്യുന്ന ധ്യാനം, വേദപുരാണങ്ങളുടെ നിത്യപാരായണം, നിത്യേനയുള്ള ഗായത്രീമന്ത്രജപം, ഭഗവല്‍പൂജാദികള്‍ എല്ലാം തപസ്സാണ്.’
ഈ തപശ്ചര്യ മണ്ഡലകാലത്ത് തുടര്‍ച്ചയായി അനുഷ്ഠിക്കുമ്പോള്‍ സാധകന്‍ മുന്‍പത്തേക്കാള്‍ സത്യസാക്ഷാത്ക്കാരത്തില്‍ ഒരുപടി മുന്നില്‍ ഏറിക്കഴിഞ്ഞു എന്ന് കണക്കാക്കാം. വേദങ്ങള്‍ പറയുന്നത് എല്ലാ സൃഷ്ടിക്കും നിദാനമായത് തപസ്സാണ് എന്നത്രേ. ബ്രഹ്മാവ് സൃഷ്ടികര്‍മ്മം ചെയ്യാന്‍ പ്രാപ്തനായത് തപസ്സ് ചെയ്തിട്ട് തന്നെയാണ്. ‘തപഃ തപഃ’ എന്ന ആഹ്വാനം അശരീരിയായി കേട്ടാണ് ബ്രഹ്മാവ് തപസ്സിലേര്‍പ്പെട്ടത്.
മണ്ഡലവ്രതത്തിന് ചില ചിട്ടവട്ടങ്ങള്‍ പരമ്പരാഗതമായി ചെയ്തു വരുന്നുണ്ട്. രാവിലെ എഴുന്നേറ്റ് ദേഹശുദ്ധിവരുത്തി അടുത്തുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. വ്രതത്തിന്റെ ആദ്യദിവസം രുദ്രാക്ഷമോ മറ്റ് മുത്തുകളോ കൊണ്ടുള്ള മാലയിട്ട് മണ്ഡലവ്രതം നോല്‍ക്കുന്നതിനായി മനസ്സാ പ്രതിജ്ഞ ചെയ്യണം. വ്രതകാലം കഴിഞ്ഞേ മാല ഊരാന്‍പാടുള്ളൂ. സസ്യഭക്ഷണം കഴിച്ച് ദിനം മുഴുവന്‍ വേദപുരാണ പഠനങ്ങളിലും സമൂഹ സേവനങ്ങളിലും മുഴുകണം. തന്റെ ജീവിതായോധന പ്രവര്‍ത്തനങ്ങളും പെരുമാറ്റങ്ങളും ധാര്‍മ്മികമാവാന്‍ സാധകന്‍ എപ്പോഴും പരിശ്രമിക്കണം. വിനയപൂര്‍വ്വമായ പെരുമാറ്റം, ലളിതമായ വസ്ത്രധാരണം എന്നിവയും പ്രധാനമാണ്. ദീക്ഷവളര്‍ത്തി മണ്ഡലം കഴിഞ്ഞേ സാധകന്‍ മുടിവെട്ടലും മുഖംവടിക്കലും പതിവുള്ളൂ. രാവിലെയും വൈകുന്നേരവും ഉള്ള കുളി, ക്ഷേത്രദര്‍ശനം, പുരാണപാരായണം എന്നിവയില്‍ മുടക്കം വരുത്തരുത്. വ്രതകാലം തികഞ്ഞ ബ്രഹ്മചര്യം പാലിക്കണം.
വ്രതസമയത്ത് പുരുഷന്‍മാര്‍ യൗവനയുക്തകളായ സ്ത്രീകളുടെ സാമീപ്യം ഒഴിവാക്കണം. തമിഴ്‌നാട്ടിലും ആന്ധ്രയിലും മറ്റും ഒരു ഗ്രാമത്തിലെ അയ്യപ്പന്മാര്‍ സ്വന്തംഗൃഹങ്ങളില്‍ താമസിക്കാതെ അമ്പല സത്രങ്ങളിലാണ് വ്രതകാലം ഭജനയും മറ്റുമായി കഴിച്ചുകൂട്ടുക. 10 മുതല്‍ 50 വരെ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയാത്രയില്‍ പങ്കെടുക്കാറില്ല. അതൊരു പാരമ്പര്യവും നിയമപരമായ നിയന്ത്രണവുമാണ്.
വ്രതകാലത്ത് സാധകന്‍ താപസതുല്യമായ ജീവിതം നയിക്കുന്നത്, ഒരു സംന്യാസ ജീവിതത്തിന്റെ മാതൃക എങ്ങനെയെന്ന് അയാള്‍ക്കൊരു രസാനുഭവം കിട്ടാനായിക്കൂടിയാണ്. ഈ 41 ദിവസങ്ങള്‍കൊണ്ട് സ്വായത്തമാക്കുന്ന സ്വഭാവസവിശേഷതകള്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കാന്‍ സാദ്ധ്യതയുള്ളവയത്രേ. അടുത്ത മണ്ഡലം സമാഗതമാവുമ്പോള്‍ അയാള്‍ വീണ്ടും വ്രതനിഷ്ഠയില്‍ ആകൃഷ്ടനാവുന്നു. വര്‍ഷാവര്‍ഷം അവന്‍ മണ്ഡലകാലത്തെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: