സുകുമാര്‍ അഴീക്കോട് ഒരിക്കല്‍ പറഞ്ഞു. ”വായിച്ചു വളരുക” എന്ന സന്ദേശത്തിലുടെ കേരളീയ സംസ്‌കാരത്തിന് ദിശാബോധം നല്‍കിയ ഗ്രാമീണനായിരുന്നു പി.എന്‍.പണിക്കര്‍ എന്ന്. കേരളത്തിന്റെ സാംസ്‌കാരിക പിതാവെന്നാണ് പി.എന്‍. പണിക്കരെക്കുറിച്ച് തകഴി പറഞ്ഞത്. ഡി.സി കിഴക്കേമുറി അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ എഴുതി, ”കേരളഗ്രന്ഥശാല സംഘം എന്ന മഹാപ്രസ്ഥാനത്തിന് ചുക്കാന്‍ പിടിച്ചത് അഞ്ചടികഴിഞ്ഞ് മുന്നോ നാലോ ഇഞ്ച് പൊക്കവും അമ്പതു കിലോഗ്രാമില്‍ താഴെ ഭാരവുമുള്ള കൊച്ചു മനുഷ്യന്‍ പി.എന്‍. പണിക്കരാണ്. ആകാശം മുട്ടെ ഉയര്‍ന്ന് വലിയ മനുഷ്യനായി, കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ മനുഷ്യരില്‍ ഒരുവനായി മാറി.” ‘മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ യെന്ന ഗുരുവചനത്തിനുശേഷം കേരളീയരെ പിടിച്ചുകുലുക്കിയ മുദ്രാവാക്യമായിരുന്നു പി.എന്‍. പണിക്കരുടെ ‘വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക’യെന്നത്”
ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാര്‍ച്ച് ഒന്നിന് പുതുവായില്‍ നാരായണപണിക്കര്‍ ജനിച്ചു. ചങ്ങനാശ്ശേരി ഹൈസ്‌കൂളില്‍ നിന്ന് പത്താംതരം ജയിച്ചു. ചേട്ടന്‍ കേശവപ്പണിക്കര്‍ അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തിന് കുറച്ചുകാലത്തേക്ക് അവധി വേണ്ടിവന്നു. ആ ഒഴിവില്‍ പകരക്കാരനായി പി.എന്‍.പണിക്കര്‍ അദ്ധ്യാപകവൃത്തിയില്‍ പ്രവേശിച്ചു. നീലംപേരൂര്‍ ഭഗവതിക്ഷേത്രത്തിനു സമീപമുള്ള ആല്‍ത്തറ, നാട്ടുകാരില്‍ ചില പ്രമുഖരുടെ വിശ്രമസങ്കേതമായിരുന്നു. പി.എന്‍. പണിക്കര്‍ അവരുടെ ഇടയിലേക്ക് കടന്നുചെന്നു സൗഹൃദം സ്ഥാപിച്ചു. അവരില്‍ പത്രപാരായണത്തില്‍ താല്‍പര്യം ജനിപ്പിച്ചു. അവര്‍ക്ക് പത്രം വായിച്ചുകൊടുത്തു. ക്ഷേത്രമതില്‍ കെട്ടിടത്തിനടുത്ത് ദേവസ്വം നല്‍കിയ സ്ഥലത്ത് ‘സനാതനധര്‍മം വായനശാല’ തുടങ്ങി. വായനശാലയ്‌ക്ക് ഒരു പത്രം പോലും വാങ്ങാന്‍ അന്ന് നിവൃത്തിയില്ല. പി.എന്‍. പണിക്കര്‍, മാമ്മന്‍ മാപ്പിളയെ ചെന്നുകണ്ട് സൗജന്യമായി മനോരമ സംഘടിപ്പിച്ചു. ഓലപ്പുരയില്‍ തുടങ്ങിയ ആ വായനശാലയ്‌ക്ക് സ്വന്തം കെട്ടിടമുണ്ടായി. വായനശാലാ മന്ദിരനിര്‍മ്മാണ പുരോഗതിയുടെ വിവിധ ഘട്ടങ്ങളില്‍ പണിക്കര്‍ക്ക് അനുഭവിക്കേണ്ടവന്ന യാതനകള്‍ കുറച്ചൊന്നുമായിരുന്നില്ല. ആ ഗ്രന്ഥശാലയ്‌ക്കായി വിദ്യാഭ്യാസവകുപ്പില്‍ നിന്ന് പത്തുരൂപ ഗ്രാന്റായി അനുവദിച്ചു വാങ്ങി.
നീലംപേരൂര്‍ മിഡില്‍ സ്‌കൂളിലെ മാതൃകാ അധ്യാപകനെന്ന നിലയിലും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ പ്രവര്‍ത്തകനെന്ന നിലയിലും പി.എന്‍. പണിക്കര്‍ നാട്ടുകാരുടെ ശ്രദ്ധാകേന്ദ്രമായി. സ്‌കൂള്‍ ഇന്‍സ്‌പെക്ടറായിരുന്ന പി.ടി. ഇടിയ്‌ക്കുളയ്‌ക്ക് പണിക്കരുടെ അധ്യാപന ചാതുര്യത്തില്‍ മതിപ്പ് തോന്നി. തുടര്‍ന്നും ജോലി ചെയ്യാന്‍ നിര്‍ദ്ദേശമുണ്ടായി. പകരക്കാരില്‍ കൂടുതല്‍ സര്‍വീസുള്ളവരെ സ്ഥിരാധ്യാപകരായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അങ്ങനെ മൂന്നുവര്‍ഷത്തെ സര്‍വീസുള്ള പി.എന്‍. പണിക്കര്‍ക്ക് സ്ഥിരനിയമനം ലഭിച്ചു. അധ്യാപകനെന്ന നിലയില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സ്‌നേഹ ബഹുമാനങ്ങള്‍ ആര്‍ജിക്കാന്‍ കഴിഞ്ഞു. അമ്പലപ്പുഴ ആമയിടമാളേക്കല്‍ പറമ്പില്‍ ചെമ്പകകുട്ടിയെ സഹധര്‍മ്മിണിയായി സ്വീകരിച്ചു. ഭാര്യാഗൃഹത്തിന്റ സംരക്ഷണ ചുമതല അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടിവന്നു. അതോടെ അമ്പലപ്പുഴ സ്‌കൂളിലേക്ക് സ്ഥലം മാറ്റം വാങ്ങി. അവിടെയും ഗ്രന്ഥശാല സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു. നാട്ടുകാരുമായുള്ള ചര്‍ച്ചയില്‍ അമ്പലപ്പുഴയുടെ സാംസ്‌കാരിക പാരമ്പര്യം അവരെ ഓര്‍മ്മിപ്പിച്ചു. അങ്ങനെ അവരില്‍ ഗ്രന്ഥശാലയുടെ ആവശ്യകത ഉയര്‍ത്തിയെടുത്തു. വായനശാല തുടങ്ങുന്നതു ആലോചിക്കാനായി പൊതുയോഗം വിളിച്ചു. അമ്പലപ്പുഴക്കാരനായ ഹൈക്കോടതി ജഡ്ജി പി.കെ. നാരായണപിള്ള സാഹിത്യ നിരൂപകനും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ പേരില്‍ പി.കെ.വിലാസം വായനശാല തുടങ്ങാന്‍ തീരുമാനിച്ചു. പ്രസിഡന്റ് പി.കെ.മാധവ കുറുപ്പും സെക്രട്ടറി പി.എന്‍. പണിക്കരും. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ ഓലമേഞ്ഞ ഒരു ഷെഡ് ഒരു രൂപയ്‌ക്ക് വാടകയ്‌ക്കെടുത്തു പ്രവര്‍ത്തനം ആരംഭിച്ചു.
പത്രം വരുത്താനും മറ്റ് ചിലവുകള്‍ക്കും പണിക്കര്‍ പലരേയും കണ്ട് സംഭാവനകള്‍ സ്വീകരിച്ചു. വീടുകള്‍ തോറും കയറിയിറങ്ങി പുസ്തകങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ചുമതലയും ഏറ്റെടുത്തു. കുടുംബവായന എന്ന ആശയത്തിന് തുടക്കമിട്ടു. പി.കെ. അന്തരിച്ചപ്പോള്‍ പി.കെ. മെമ്മോറിയല്‍ ഗ്രന്ഥശാല എന്ന് ഭേദഗതി വരുത്തി. ഗ്രന്ഥശാലയ്‌ക്ക് ആസ്ഥാന മന്ദിരം വേണമെന്ന ആശയത്തിലെത്തി. ഗ്രന്ഥശാലയുടെ ധനശേഖരണാര്‍ത്ഥവും പുസ്തകശേഖരണത്തിനുമായി നിരവധി പേരെ സമീപിച്ചു. അത്യാവശ്യം മേശകളും കസേരകളും സംഭാവനയായി സ്വീകരിച്ചു.
കന്യാകുമാരി മുതല്‍ വടക്കന്‍ പരവൂര്‍ വരെയുള്ള തിരുവിതാംകൂര്‍ രാജ്യത്ത് പല ഭാഗങ്ങളിലായി ഒട്ടേറെ ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. അതിനൊരു ഏകോപിത സ്വഭാവം ആവശ്യമാണെന്ന് തീരുമാനിച്ചു. തിരുവിതാംകൂറിലെ എല്ലാ ഗ്രന്ഥശാലകളുടെയും കൂട്ടായ്മയ്‌ക്കായി ഒരു യോഗം വിളിച്ചു കൂട്ടി. 47 ഗ്രന്ഥശാലകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഈ ഗ്രന്ഥശാലകളെ ഒറ്റചരടില്‍ കോര്‍ത്തിണക്കാനായി ‘അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാല സംഘം’ രൂപീകരിക്കാന്‍ തീരുമാനിച്ചു. അമ്പലപ്പുഴ ആസ്ഥാനമായി നിശ്ചയിച്ചു. മന്ദീഭവിച്ചവയും നിന്നുപോയതുമായ ഗ്രന്ഥശാലകളെ പുനരുദ്ധരിക്കാനും,
പുതിയ വായനശാലകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. അമ്പലപ്പുഴയില്‍ അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാല സംഘത്തിന്റെ ആദ്യ സമ്മേളനം 1946 സെപ്തംബര്‍ 16-ന് സര്‍ സി.പി. ഉദ്ഘാടനം ചെയ്തു.മലബാര്‍ ഭാഗത്ത് കേളപ്പജി പ്രസിഡന്റായും കെ. ദാമോദരന്‍ ജനറല്‍ സെക്രട്ടറിയുമായി മലബാര്‍ ഗ്രന്ഥശാല സംഘം പ്രവര്‍ത്തിച്ചിരുന്നു. ഈ സംഘത്തിനായി ലൈബ്രറി നിയമവും ഉണ്ടായിരുന്നു. കേരള സംസ്ഥാനം രൂപീകൃതമായതോടെ രണ്ടു ലൈബ്രറി പ്രസ്ഥാനങ്ങളെയും സംയോജിപ്പിക്കാന്‍ ഒരു കമ്മിറ്റി ഉണ്ടാക്കി. രണ്ടു ഗ്രന്ഥശാല പ്രസ്ഥാനങ്ങളെയും ഒന്നാക്കി ‘കേരള ഗ്രന്ഥശാല സംഘ’മായി വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി ഉത്തരവിറക്കി. കേരളഗ്രന്ഥശാലാ സംഘം മലബാറില്‍ ശക്തിപ്പെടുത്താനായി പി.എന്‍ പണിക്കരെയും ഗുപ്തന്‍ നായരെയും ചുമതലപ്പെടുത്തി. പി.എന്‍ പണിക്കരെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഗ്രന്ഥശാല പ്രവര്‍ത്തനത്തിനായി നിയോഗിച്ചു.
ഇന്ന് പിഎസ്‌സി പ്രവര്‍ത്തിക്കുന്ന തുളസി ഹില്ലിലാണ് ഗ്രന്ഥശാല സംഘത്തിന്റെ ആസ്ഥാനമാക്കി തിരുവനന്തപുരത്തു പ്രവര്‍ത്തിച്ചു തുടങ്ങിയത്. തുടര്‍ന്ന് കണ്‍റ്റോണ്‍മെന്റ് ഹൗസിലെ ഔട്ട് ഹൗസിലും സംസ്‌കൃത കോളേജ് വളപ്പിലുമായി സംഘത്തിന്റെ പ്രവര്‍ത്തനം. പിന്നീട് പബഌക്ക് ലൈബ്രറി വളപ്പില്‍ പത്തുസെന്റ് സ്ഥലം സംഘത്തിനു അനുവദിച്ചിടത്തേയ്‌ക്ക് മാറി. 1945 മുതല്‍ 1977 വരെ 32 വര്‍ഷക്കാലം കര്‍മ നിപുണതയോടെ ഗ്രന്ഥശാല സംഘത്തിന്റെ അമരക്കാരനായിരുന്നു പി.എന്‍ പണിക്കര്‍. ഈ കാലയളവിലെല്ലാം ജനാധിപത്യപരമായി തെരഞ്ഞെടുത്ത ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന്റെ കൂടെ ഗ്രന്ഥശാല സംഘത്തിന്റെ പ്രസിഡന്റായി സാരഥ്യം വഹിച്ചത് ഒമ്പതു പ്രമുഖരാണ്; ഇതില്‍ മുഖ്യമന്ത്രിമാരും ഉള്‍പ്പെടുന്നു.
അദ്ദേഹം കേരളത്തിന്റെ നാനാഭാഗത്തും സഞ്ചരിച്ച് പ്രവര്‍ത്തകരെ കണ്ട് പുതിയ ഗ്രന്ഥശാലകള്‍ തുടങ്ങുകയും മന്ദീഭവിച്ചവയും നിന്നുപോയതുമായ ഗ്രന്ഥശാലകള്‍ പുനരുദ്ധരിക്കുകയും ചെയ്തു. അതിനായി കുന്നും മലയും ഒറ്റയടിപ്പാതകളും താണ്ടി. കേരളത്തിലെ ഏതു ഓണംകേറാമൂലയും പണിക്കര്‍ക്ക് സുപരിചിതമായി. സാമൂഹികവും സാംസ്‌കാരികവുമായ വിവിധ രംഗങ്ങളിലേയ്‌ക്ക് ഗ്രന്ഥശാലകളെ ഉയര്‍ത്താന്‍ അഹോരാത്രം പണിയെടുത്തു. അതിന്റെ ഫലമായി നാലായിരം ഗ്രന്ഥശാലകളുമായി ഗ്രന്ഥശാല സംഘം ഉയര്‍ന്നു. ലക്ഷക്കണക്കിനു പ്രവര്‍ത്തകരുമായി വികസനത്തിന്റെ പടവുകള്‍ കയറി. നാട്ടിലെ സാമൂഹിക സാംസ്‌കാരിക കേന്ദ്രങ്ങളായി ഗ്രന്ഥശാലകള്‍ മാറി. 1971 കാലഘട്ടമായപ്പോഴേയ്‌ക്കും കേരളത്തിലെമ്പാടും ശക്തിയാര്‍ജ്ജിച്ചു വളര്‍ന്നു. ‘ഗ്രന്ഥാ ലോകം’ മാസിക തുടങ്ങി. സംഘത്തിന്റെ പുരോഗതിയ്‌ക്കായി ജനറല്‍ സെക്രട്ടറി വഹിച്ച നിസ്തുല സേവനങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ ഒരു സ്‌റ്റേറ്റ് കാര്‍ നല്‍കി പി.എന്‍ പണിക്കരെ ആദരിച്ചു. 1975 ല്‍ യൂനസ്‌കോയുടെ ‘ക്രൂപ്‌സായ’ അവാര്‍ഡ് കേരളഗ്രന്ഥശാല സംഘത്തെ ത്തേടിയെത്തി.
പരുക്കന്‍ തൂവെള്ള ഖദര്‍ വസ്ത്രവും, ഒരു ഡയറിയുമായി ദിനംപ്രതി പ്രവര്‍ത്തനനിരതനാകും. ഗ്രന്ഥശാല സന്ദര്‍ശനങ്ങളും, ചര്‍ച്ചകളും സംവാദങ്ങളുമായി ഒരു ദിവസം അവസാനിക്കും. രാത്രി പതിനൊന്നോ പന്ത്രണ്ടോ മണി കഴിയുമ്പോഴേയ്‌ക്കും, അപ്പോള്‍ എത്തുന്ന സ്ഥലം എവിടെയായാലും അവിടെ വിശ്രമിക്കും. ചിലപ്പോള്‍ ഉറക്കം വണ്ടിയിലുമാകും. ഈ ത്യാഗപൂര്‍വ്വമായ ജീവിതമാണ് മലയാളികളുടെ ബോധമണ്ഡലത്തെ മാറ്റി മറിച്ചത്. ഗ്രാമീണ സര്‍വ്വകലാശാലകളാണ് വായനശാലകളെന്ന് അദ്ദേഹം ഉദ്ബാധിപ്പിച്ചു. ഗ്രാമന്തരങ്ങളില്‍ പര്യടനം നടത്തി കേരള ജനതയെ തിരിച്ചറിഞ്ഞ ശേഷം അദ്ദേഹം പറഞ്ഞു. ‘സാസ്‌കാരിക പുരോഗതി കൈവരിക്കാതെ സാമൂഹിക പുരോഗതി സാധ്യമല്ലെന്ന്.’ ആ ലക്ഷ്യപ്രാപ്തിക്കായി ഗ്രന്ഥശാലകള്‍ അന്നോളം ഇന്നോളം മുഖ്യപങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: