കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുവേണ്ടി ഹാജരാകാനില്ലെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിലപാടില്‍ ഗവര്‍ണറോടുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ വിദ്വേഷ മനോഭാവമാണ് പ്രകടമാകുന്നത്. ഹൈക്കോടതി പരിഗണിക്കുന്ന ഇതേ കേസില്‍ സര്‍ക്കാരിനുവേണ്ടി ഹാജരാവുന്നതിനാലാണ് ഇതെന്നും, കേസില്‍ ഗവര്‍ണര്‍ക്കുവേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെടുന്ന കത്ത് രാജ്ഭവനില്‍ നിന്ന് എജിയുടെ ഓഫീസിലെത്തിയത് വൈകിയെന്നുമൊക്കെയാണ് കാരണമായി പറയുന്നത്. എന്നാല്‍, യാഥാര്‍ത്ഥ്യം വേറെയാണെന്ന് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാവും. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമന കാര്യത്തില്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങേണ്ടി വന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച്, മുഖ്യമന്ത്രി പിണറായി വിജയന് ചാന്‍സലറായ ഗവര്‍ണര്‍ കത്തെഴുതിയതോടെ ആരംഭിച്ച വിവാദത്തിന്റെ തുടര്‍ച്ചയാണ് എജിയുടെ നിലപാടും. കേസില്‍ സര്‍ക്കാര്‍ എതിര്കക്ഷിയല്ലാതിരിക്കുകയും, രാജ്ഭവനില്‍നിന്നുള്ള കത്ത് യഥാസമയം ലഭിക്കുകയും ചെയ്തുവെന്നിരിക്കട്ടെ, ഗവര്‍ണര്‍ അനഭിമതനായാല്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ കണ്ടെത്തി കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് എജി ഒഴിഞ്ഞുനില്‍ക്കുമായിരുന്നു എന്ന് കരുതിയാല്‍ തെറ്റില്ല. ഗവര്‍ണറോടുള്ള സര്‍ക്കാരിന്റെ ഇഷ്ടക്കേടിനൊപ്പം എജി നില്‍ക്കാനാണ് എല്ലാ സാധ്യതയും. ചാന്‍സലര്‍ക്കുള്ള ഹൈക്കോടതി നോട്ടീസ് എജി വാങ്ങാതിരുന്നതിനെ തുടര്‍ന്ന് പ്രത്യേക ദൂതന് വഴി ഗവര്‍ണര്‍ക്ക് എത്തിക്കേണ്ടി വന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ഗവര്‍ണര്‍ക്ക് സ്വന്തം നിലയ്ക്ക് അഭിഭാഷകനെ വച്ച് കേസ് വാദിക്കേണ്ട സ്ഥിതിയാണ് വന്നിരിക്കുന്നത്.
മികവിന്റെ കേന്ദ്രങ്ങളായി വര്‍ത്തിക്കേണ്ട അക്കാദമിക് സ്ഥാപനങ്ങളെ അവയുടെ സ്വയംഭരണ സ്വഭാവം തകര്‍ത്ത് രാഷ്ട്രീയമായി അടക്കിഭരിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ ശ്രമത്തെ തുറന്നുകാട്ടുന്നതായിരുന്നു മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ അയച്ച കത്ത്. ഇങ്ങനെയാണ് പോക്കെങ്കില്‍ ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കുന്നതാണ് നല്ലതെന്നും കത്തില്‍ ഗവര്‍ണര്‍ പറഞ്ഞത് സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ്. തനിനിറം വെളിച്ചത്തായതില്‍ ഒരുവേള എന്തുചെയ്യണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ആശയക്കുഴപ്പത്തില്‍പ്പെട്ടു. ഒരു ഭാഗത്ത് ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും, തന്റെ അച്ഛന്റെ പ്രായമുള്ള ഗവര്‍ണറോട് മറുപടി പറയാനില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിന്റെ പ്രതികരണവുമൊക്കെ ഇതിനു തെളിവാണ്. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തിയ കോടിയേരി ബാലകൃഷ്ണന് ഗവര്‍ണര്‍ക്കെതിരെ സ്വരം കടുപ്പിച്ചു. ഇത് രണ്ടിനും ഗവര്‍ണര്‍ വഴങ്ങില്ലെന്ന് മനസ്സിലായപ്പോഴാണ് എജിയെയും രംഗത്തിറക്കിയതെന്നു വേണം കരുതാന്‍. വിസി നിയമന കാര്യത്തില്‍ തനിക്ക് കത്തെഴുതാനോ ശുപാര്‍ശ ചെയ്യാനോ മന്ത്രി ബിന്ദുവിന് അധികാരമില്ലെന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ചുനില്‍ക്കുകയാണ്. ഇത് നിരസിക്കാമായിരുന്നില്ലേ എന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ചോദ്യത്തിന്, തനിക്കുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായി എന്ന ഗവര്‍ണറുടെ മറുപടി കോടതിക്ക് പരിഗണിക്കേണ്ടിവരും. ചാന്‍സലറായ ഗവര്‍ണര്‍ക്ക് കത്തെഴുതാനുള്ള അധികാരം പ്രോ ചാന്‍സലറായ മന്ത്രിക്ക് ഇല്ലെന്നാണ് നിയമജ്ഞര്‍ പറയുന്നത്. ഇത് ചാന്‍സലറും പ്രോ ചാന്‍സലറും തമ്മിലെ ‘ആശയവിനിമയം’ ആണെന്ന് മന്ത്രിയും മറ്റും ദുര്‍വ്യാഖ്യാനിക്കുന്നത് വിലപ്പോവില്ല.
ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഏറ്റെടുക്കാത്ത സ്ഥിതി വന്നാല്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാവും. ചാന്‍സലറുടേത് ഭരണഘടനാ പദവിയല്ലെങ്കിലും ബദല്‍ സംവിധാനമൊരുക്കുക എളുപ്പമാവില്ല. അതിനാല്‍ ഏതുവിധേനയും സര്‍ക്കാരിന് ഗവര്‍ണറെ അനുനയിപ്പിച്ചേ മതിയാവൂ. പക്ഷേ ഗവര്‍ണര്‍ ഇതിനൊന്നും വഴങ്ങാതിരിക്കുന്നത് സര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയതിനുശേഷവും പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള മാര്‍ഗമുണ്ടായിരുന്നു. കണ്ണൂര്‍ വിസിയെ നിയമിക്കേണ്ടിവന്നത് തന്റെ മനഃസാക്ഷിക്ക് ചേരാത്തവിധമാണെന്ന് ഗവര്‍ണര്‍ തുറന്നുപറഞ്ഞത് മുഖവിലക്കെടുത്തുകൊണ്ട്, ഗോപിനാഥ് രവീന്ദ്രനെ ആ സ്ഥാനത്തുനിന്ന് രാജിവയ്പ്പിച്ചിരുന്നെങ്കില്‍ അന്തരീക്ഷത്തിന് അയവുവന്നേക്കാമായിരുന്നു. ഗവര്‍ണര്‍ തന്റെ കടുത്ത നിലപാടുകള്‍ പുനഃപരിശോധിക്കാനും സാധ്യതയുണ്ടായിരുന്നു. പക്ഷേ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയ്ക്ക് അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നല്‍കിയതുള്‍പ്പെടെ മറ്റു ചില കെട്ടുപാടുകള്‍ ഉള്ളതിനാല്‍ ഗോപിനാഥ് രവീന്ദ്രനെ ഒഴിവാക്കാന്‍ സര്‍ക്കാരിനാവില്ല. പ്യൂണ്‍ മുതല്‍ വിസി വരെയുള്ള സ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് വിടുപണി ചെയ്യുന്നവരെ തിരുകിക്കയറ്റി അക്കാദമിക് സ്ഥാപനങ്ങളുടെ അന്തസ്സുകെടുത്തുന്ന രീതി സിപിഎം നേതൃത്വം നല്കുന്ന ഒരു സര്‍ക്കാരിനും ഉപേക്ഷിക്കാനാവില്ല. അക്കാദമിക് സ്ഥാപനങ്ങളില്‍ പുലരേണ്ടത് നിയമവാഴ്ചയാണെന്ന് ഗവര്‍ണര്‍ പറയുമ്പോള്‍ അത് മുഖ്യമന്ത്രി പിണറായിയുടെയും പാര്‍ട്ടി നേതാക്കളുടേയും ബധിരകര്‍ണങ്ങളിലാണ് പതിക്കുന്നത്. ഭരണഘടനാ തത്വങ്ങളെ അനുസരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. അധികാരത്തിനുവേണ്ടി അവയെ ഉപയോഗിക്കുന്നു എന്നു മാത്രം. അതുകൊണ്ട് സംസ്ഥാനത്ത് ഒരു ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കാനും അവര്‍ക്ക് മടിയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗവര്‍ണര്‍ക്ക് ചില വലിയ റോളുകള്‍ വഹിക്കാനുണ്ട്. അങ്ങനെ ചിലതുണ്ടായാല്‍ യഥാര്‍ത്ഥ ജനാധിപത്യ വിശ്വാസികള്‍ സന്തോഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: