കാഞ്ഞാണി: കുളങ്ങളിലും കോൾപ്പാടങ്ങളിലെ കനാലുകളിലും സമൃദ്ധമായിരുന്ന നാടൻ മത്സ്യങ്ങളിൽ പലതും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. ഇവയിൽ രുചികളിൽ കേമനായ മുശു ഉൾപ്പടെയുള്ള നാടൻ മത്സ്യങ്ങളാണ് വംശനാശ ഭീഷണി നേരിടുന്നത്.
പതിറ്റാണ്ടുകളായി കുളങ്ങൾ കേന്ദ്രീകരിച്ച് മത്സ്യ ബന്ധനം നടത്തുന്ന പ്രാദേശിക മീൻപിടുത്തക്കാർക്ക് മുമ്പൊക്കെ കുളങ്ങൾ വറ്റിച്ച് മീൻപിടിക്കുമ്പോൾ 50 കിലോയോളം മുശു ലഭിച്ചിരുന്നതായി പറയുന്നു. ഇപ്പോൾ ഒരെണ്ണം പോലും കിട്ടാത്ത അവസ്ഥയാണ്. ഇടക്കാലത്ത് വ്യാപകമായി മുശു ചത്തു പൊങ്ങിയിരുന്ന സമയം ഉണ്ടായിരുന്നു. പിന്നീട് പതിയെ പതിയെ മുശു എന്ന നാടൻ മത്സ്യം അപൂർവ്വമായി മാറുകയും നിലവിൽ വംശനാശം വന്നു കഴിഞ്ഞതായും മത്സ്യതൊഴിലാളിയായ മണലൂർ സ്വദേശി പുരുഷോത്തമൻ പറയുന്നു.
മറ്റൊരു നാടൻ മത്സ്യമായ ബ്രാലിന്റെ (വരാൽ) ലഭ്യതയും കുറഞ്ഞ് വരുന്നതായും ഇവക്കും വംശനാശം സംഭവിക്കുമെന്നും ഇവർക്കു ഭീതിയുണ്ട്. ഇതിന് പുറമെ വരവ് മത്സ്യങ്ങളായ തായ്ലൻറ് ബ്രാലുകൾ നാടൻ മത്സ്യങ്ങളെ തിന്നു തീർക്കുന്നതായും പറയുന്നു. മുണ്ടത്തി, പിലോപി, കടു, ആരൽ, കരിപ്പിടി, പള്ളത്തി, എന്നി നാടൻ മത്സ്യങ്ങൾക്കും ആവശ്യക്കാർ ഏറെയാണെങ്കിലും വർഷം കഴിയുംതോറും ഈ മത്സ്യങ്ങളുടെയും ലഭ്യത കുറഞ്ഞത് ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരിൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്.
മത്സ്യങ്ങൾക്ക് ബാധിച്ച എപ്പിസൂട്ടിക് അൽസറേറ്റീവ് സിൻഡ്രോമെന്ന രോഗമാണ് നാടൻ മത്സ്യങ്ങളുടെ വംശനാശത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ. ഈ രോഗം ബാധിക്കുന്ന മത്സ്യങ്ങളുടെ ശരീരത്തിലെ മാംസം മുഴുവൻ അഴുകി ഇവ ചത്ത് പോവുകയാണെന്ന് വിദഗ്ധർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: