കൊല്ലം: രാത്രിയില്‍ ബസ് സര്‍വീസ് ഇല്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളും സാധാരണനിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. അതിനാല്‍ത്തന്നെ യാത്രക്കാരുടെ എണ്ണവും കൂടിയിരിക്കുന്നു. കെഎസ്ആര്‍ടിസി രാത്രിയിലുണ്ടായിരുന്ന ദീര്‍ഘദൂര സര്‍വീസുകളും ഗ്രാമീണ മേഖലയിലേക്കുള്ള സര്‍വീസുകളൊന്നും പുനഃരാരംഭിച്ചിട്ടില്ല. ദേശീയപാതയില്‍ മാത്രമാണ് രാത്രി സര്‍വീസുകളുള്ളത്. അതില്‍ കൂടുതലും സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളാണ്.
ഗ്രാമീണ മേഖലയിലാണ് രാത്രിയില്‍ യാത്രാദുരിതം കൂടുതല്‍. തിരക്കേറിയ കൊല്ലം-ചെങ്കോട്ട ദേശീയ പാതയില്‍ കൊട്ടാരക്കര, കുണ്ടറ ഭാഗത്തേക്ക് രാത്രി 7.30ന് ശേഷം കൊല്ലത്തുനിന്ന് ബസ് സര്‍വീസുകളില്ല. കൊവിഡ് പ്രതിസന്ധിക്കുമുമ്പ് രാത്രി 7.40നും 8നും 8.15നും 9.15, 10.15 നും പതിനൊന്നുവരെ കൊട്ടാരക്കര ഭാഗത്തേക്ക് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തിയിരുന്നു. കൂടാതെ, ഒന്‍പതിനുശേഷം ഗ്രാമീണ മേഖലയിലേക്കും കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നടത്തിയിരുന്നു. ഇവയൊന്നും കൊവിഡ് പ്രതിസന്ധിക്കുശേഷം പുനരാരംഭിച്ചിട്ടില്ല.
റെയില്‍വേസ്റ്റേഷനില്‍ എത്തുന്നവരാണ് രാത്രി ബസില്ലാത്തതിനാല്‍ ഏറെയും വലയുന്നത്. തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിലേക്ക് ട്രെയിന്‍മാര്‍ഗം നിരവധിയാള്‍ക്കാര്‍ ദിവസവും ജോലിക്കുപോകുന്നുണ്ട്. കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തുന്ന കൂടുതലാള്‍ക്കാരും കൊട്ടാരക്കര റോഡിലെ ബസ് സര്‍വീസിനെ ആശ്രയിക്കുന്നവരാണ്. എന്നാല്‍, രാത്രി 7.30ന് ശേഷം ബസില്ലാത്തത് ഇവരെ അക്ഷരാര്‍ത്ഥത്തില്‍ വലയ്ക്കുകയാണ്. രാത്രിയില്‍ ബസ് സ്റ്റോപ്പില്‍ മണിക്കൂറുകളോളം കാത്തുനിന്നശേഷം ഓട്ടോയിലും മറ്റും വീടുകളിലേക്കു പോകുകയാണ് പലരും ചെയ്യുന്നത്. കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ കുറവാണ് രാത്രികാല സര്‍വീസ് തുടങ്ങാന്‍ തടസ്സമാകുന്നത്.
കെഎസ്ആര്‍ടിസിയുടെ നഷ്ടക്കണക്ക് എണ്ണിപ്പറയുന്ന അധികൃതര്‍ ഓടിക്കാതെ നശിപ്പിക്കുന്നത് ഫിറ്റ്നസുള്ള നൂറിലധികം ബസുകളാണ്. ബസ് ഓടിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡിക്ക് യാത്രക്കാര്‍ നിരവധി പരാതികള്‍ നല്‍കിയതാണ്.
സര്‍വീസ് നടത്താന്‍ ആവശ്യത്തിന് ഡ്രൈവര്‍മാരില്ലെന്നതാണ് നിലവിലെ പ്രശ്നം. 2012 ല്‍ നിലവില്‍ വന്ന കെഎസ്ആര്‍ടിസി റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും കോടതിവിധിപ്രകാരം എം-പാനല്‍കാരെ പിരിച്ചുവിടുകയും ചെയ്തതാണ് ഡ്രൈവര്‍മാരുടെ ക്ഷാമത്തിന് കാരണം. 2455 പേരുടെ പിഎസ്സി ലിസ്റ്റ് നിലവിലുണ്ട്. ലിസ്റ്റില്‍നിന്ന് ആളുകളെ നിയമിച്ച് പരിഹരിക്കാവുന്ന കാര്യമേയുള്ളൂവെന്നാണ് റാങ്ക് ഹോള്‍ഡേഴ്സ് പറയുന്നത്. എന്നാല്‍ പിഎസ്സി ലിസ്റ്റില്‍നിന്ന് ഉദ്യോഗാര്‍ഥികളെ നിയമിക്കാതെ, കെ-സ്വിഫ്റ്റ് എന്ന പേരില്‍ പുതിയ കമ്പനിയുണ്ടാക്കി എം-പാനലുകാരെ തിരിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിന് ഉദ്യോഗാര്‍ഥികള്‍ സ്റ്റേ വാങ്ങിയിരുന്നു. പക്ഷേ കെ-സ്വിഫ്റ്റിന്റെ നടപടികളുമായി മുന്നോട്ടുപോകാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: