ന്യൂദല്‍ഹി: കൊറോണ വൈറസ് വകഭേദമായ ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണ് പുതിയ വകഭേദമായ ഒമിക്രോണ്‍ എന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്. പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ഒമിക്രോണ്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുള്ള നിര്‍ണായക യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകുമെന്നാണ് റിപ്പോര്‍ട്ട്. ഒമിക്രോണിന്റെ 213 കേസുകള്‍ രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.
പുതിയ വെല്ലുവിളിയെ നേരിടാന്‍ വാര് റൂമുകള്‍ സജീവമാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് വ്യക്തമാക്കി. പരിശോധനയും നിരീക്ഷണവും വര്‍ധിപ്പിക്കുന്നതിനൊപ്പം രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തല്‍, വലിയ ഒത്തുചേരലുകള്‍ക്ക് കര്‍ശന നിയന്ത്രണം, വിവാഹങ്ങളിലും ശവസംസ്കാര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ക്കായി ഇടപെടലുകള്‍ നടപ്പിലാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് 19 പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതിന് ശേഷം ചുരുങ്ങിയ സമയത്തിനകം തന്നെ ഇന്ത്യ അടക്കം പല രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: