ഡോ. സുകുമാര്‍
മനുഷ്യജന്മത്തിന്റെ ധാര്‍മ്മികമായ ലക്ഷ്യംതന്നെ എന്തിനാണീ ജന്മമെടുത്തത് എന്ന അന്വേഷണം നടത്തുകയെന്നതാണ്. ഒരു മൃഗം അതിന്റെ ജീവിതത്തില്‍ സുരക്ഷയും സമയാസമയം ഭക്ഷണവും കാലത്തിനൊത്ത് ഇണചേരാന്‍ അവസരവും കിട്ടിയാല്‍ സംതൃപ്തനാണ്. എന്നാല്‍ മനുഷ്യര്‍ക്ക് അതില്‍ കൂടുതലായി എന്തെങ്കിലുമൊക്കെ നേടാനുള്ള അദമ്യമായ ആഗ്രഹം എപ്പോഴുമുണ്ട്. ഒരിക്കല്‍ ആത്മാന്വേഷണം എന്ന ഒരാശയം ഉള്ളില്‍ മുളപൊട്ടിയാല്‍ അതെങ്ങിനെ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാം എന്നതാണ് അവന്റെ നോട്ടം. നമ്മുടെ വേദപുരാണങ്ങള്‍ അതിനു നമ്മെ സഹായി ക്കുന്നുണ്ട്. ഭാരതീയ തത്വചിന്തയനുസരിച്ച് മുപ്പത്തിമൂന്ന് കോടി ദേവതകള്‍ ഉണ്ടെന്ന് നമുക്കറിയാം. വേദത്തിലും മറ്റും ഒരേയൊരു പരംപൊരുളിനെക്കുറിച്ചാണ് പറയുന്നത്. എന്നാല്‍ എന്തിനാണീ ലക്ഷക്കണക്കിന് ദേവീദേവന്മാര്? കാരണം ആത്മാന്വേഷണപാത, ഓരോരുത്തര്‍ക്കും അവരവരുടെ മനോഭാവത്തെ അടിസ്ഥാനമാക്കിയാണ് ഉണ്ടാവുക. സാധകന് തനിക്കിഷ്ടമുള്ള മാര്‍ഗ്ഗം തെരഞ്ഞെടുക്കാന്‍ ഈ വൈവിദ്ധ്യമാര്‍ന്ന ദേവതാസങ്കല്‍പ്പങ്ങളുടെ സഹായത്തോടെ സാധിക്കുമല്ലോ. തങ്ങള്‍ക്ക് യോജിച്ച മാര്‍ഗ്ഗത്തിലൂടെ ആത്മവിചാരം ചെയ്യു ന്നത് അവരുടെ ചുമതലയുമാണ്.
എങ്ങിനെയാണ് നാമത് നടപ്പിലാക്കുക? ശ്രവണം, മനനം നിധിധ്യാസനം എന്നീ മൂന്നു കാര്യങ്ങള്‍ കൃത്യമായി അനുഷ്ഠിക്കുന്നതിലൂടെ മനസ്സിന് ഉറപ്പും നൈര്‍മ്മല്യവും കൈവരാനിടയാകുന്നു. വേദപുരാണങ്ങളിലെ ആത്മീയ ചിന്താപരമായ ജ്ഞാനം ഗുരുമുഖത്തുനിന്ന് കേട്ടും വായിച്ചും മനസ്സിലാക്കുന്നതാണ് ശ്രവണം. സമാനചിന്തകളില്‍ സ്വാസ്ഥ്യവും സുഖവും കണ്ടെത്തുന്നവരുമായുള്ള സത്സംഗം ഇതിനേറെ സഹായകരമാണ്. സത്സംഗങ്ങളില്‍ വേദേതിഹാസങ്ങളിലെ പ്രചോദനപരങ്ങളായ കഥകള്‍ കേട്ട് അവയെ നിത്യജീവിതത്തിന് മാറ്റുകൂട്ടുന്ന വിധത്തിലെങ്ങനെ പ്രസക്തമാക്കാം എന്ന് നമുക്ക് ചിന്തിക്കാമല്ലോ. മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാക്കാത്ത രീതിയില്‍ ജീവിതവിജയവും സന്തോഷവും എങ്ങനെ കണ്ടെത്താം എന്നും പരിശോധിക്കാനുള്ള അവ സരമാണിത്.
ഭഗവദ്ഗീതയില്‍ ‘ഉദ്ധരേത് ആത്മനാത്മാനം, ന ആത്മാനം അവസാധയേത്’ എന്ന് പറയുന്നു. നാം തന്നെയാണ് സ്വയം നമ്മെ ഉയര്‍ത്തേണ്ടത്. ഒരിക്കലും സ്വയം നമ്മെ താഴേക്ക് കൊണ്ടുപോവാന്‍ ഇടയാക്കരുത് എന്ന് സാരം. നമ്മിലെ ആത്മാവുതന്നെയാണ് നമ്മുടെ ബന്ധുവും ശത്രുവും.
മനനം എന്നാല്‍ കിട്ടിയ അറിവിനെക്കുറിച്ച് ശാന്തമനസ്സോടെ വിശകലനം ചെയ്യുക എന്നതാണ്. മനനത്തിലൂടെ ഗുരുക്കന്മാരുടെ പാഠങ്ങള്‍ക്ക് തെളിമയുണ്ടാവുന്നു. അവയെല്ലാം നമുക്ക് എവിടെ, എപ്പോഴാണ് പ്രയോജനപ്പെടുക എന്ന ബോധം തമ്മിലുണരുന്നു. എല്ലാ പാഠങ്ങളും എല്ലാവര്ക്കും ഒരുപോലെ സമ്മതമോ പ്രസക്തമോ ആവുകയില്ല എന്നതുറന്ന മനസ്സ് നമുക്കുണ്ടാവണം. അതുകൊണ്ടാണല്ലോ നമുക്കിത്രയധികം ദേവതാസങ്കല്‍പ്പങ്ങളും ആറ് ദര്‍ശനങ്ങളും ഉള്ളത്!
നിധിധ്യാസനം എന്നാല്‍ നമുക്ക് കിട്ടിയ അറിവുകളുടെ വെളിച്ചം നിത്യജീവിതത്തില്‍ പകര്‍ത്തുക എന്നതാണ്. അറിവുകളെ യുക്തിഭദ്രമായി അപഗ്രഥിച്ച് തനിക്ക് ചേര്‍ന്നവയെ ലോകത്തിന് ഉപയോഗപ്രദമാക്കിത്തീര്ക്കുക. അതിലൂടെ ആനന്ദം കണ്ടെത്തുക.
മണ്ഡലകാലത്തെ അയ്യപ്പപൂജകളിലൂടെ നാം ശ്രവണ-മനന-നിധിധ്യാസന രീതിയാണ് പിന്തുടരുന്നത്. അതിന്റെ ധ്യാനാത്മകമായ പരിസമാപ്തിയാണ് സന്നിധാനത്തിലെത്തി പതിനെട്ടു പടികേറി ഒടുവില്‍ അയ്യപ്പദര്‍ശന സായൂജ്യത്തിലൂടെ ഒരു സാധകന് നേടുന്നത്. ഒരുവന്റെ ആത്മീയ പുരോഗതിയുടെ ഭാവതലമനുസരിച്ച് ദൈ്വതാദൈ്വത മാര്‍ഗ്ഗങ്ങളില്‍ സാധകന് തന്റെ സാധന തുടരുന്നു. നമ്മില്‍ പലരും ഇവയുടെ സമ്മിശ്രമായ ഒരു സാധനാ പദ്ധതിയാണ് അവലംബിക്കുന്നത്. ദൈ്വതരീതിയില് പൂജയും ധ്യാനവും നടത്തുന്നതിനോടൊപ്പം അദൈ്വതഭാവത്തില് സ്വയം വിലീനമാവുന്ന നിമിഷങ്ങളും 41 ദിവസത്തിന്റെ വ്രതാനുഷ്ഠാനത്തില്‍ അയ്യപ്പഭക്തന് കൊണ്ടാടുന്നു. ഏതെങ്കിലും ഒരു മാര്‍ഗ്ഗത്തില്‍ ദൃഢീകരിക്കുന്നതിനു പകരം ആത്മീയമാര്‍ഗ്ഗത്തില്‍ പുരോഗമിക്കുമ്പോള്‍ ദൈ്വതാദൈ്വതമാര്ഗ്ഗങ്ങളിലുള്ള വ്യത്യാസങ്ങള്‍ ഇല്ലാതായി ആനന്ദസ്ഫുരണം മാത്രം അനുഭവവേദ്യമാവുന്ന ആയാസ രഹിതമായ അവസ്ഥയാണ് നാം കണ്ടെത്തേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: