വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന നിര്‍ണായക വ്യവസ്ഥ ഉള്‍പ്പെടുന്ന തെരഞ്ഞെടുപ്പ് പരിഷ്കരണ ബില്‍ ലോക്സഭ പാസാക്കിയത് രാജ്യത്തെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ മഹത്തായ ഒരു ചുവടുവയ്പ്പാണ്. രാജ്യസഭയും കടന്ന ബില്ല് രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമമാവുകയും തെരഞ്ഞെടുപ്പ് രംഗത്ത് വലിയ മാറ്റത്തിന് വഴിതുറക്കുകയും ചെയ്യും.
കള്ളവോട്ടും വ്യാജവോട്ടും തടയാന്‍ കഴിയുമെന്നതാണ് ഈ നിയമനിര്‍മാണത്തിന്റെ നേട്ടം. ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ വോട്ടര്‍പട്ടിക സ്വാഭാവികമായിത്തന്നെ ശുദ്ധീകരിക്കപ്പെടും. നിയമത്തിലെ പുതിയ ഭേദഗതിയനുസരിച്ച് വര്‍ഷത്തില്‍ നാലുതവണ, ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലെ ഒന്നാം തീയതി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാം. സൈനികര്‍ക്കും അവരുടെ ഭാര്യമാര്‍ക്കും സ്വന്തം നാട്ടില്‍ പേരുചേര്‍ക്കാന്‍ അവസരമുണ്ട്. തെരഞ്ഞെടുപ്പ് നടപടികള്‍ക്കായി ഏതു സ്ഥലവും ഏറ്റെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പുതിയ നിയമമനുസരിച്ച് അധികാരം ലഭിക്കുമെന്നതാണ് മറ്റൊരു സവിശേഷത. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുമ്പോള്‍ പന്ത്രണ്ടക്ക ആധാര്‍ നമ്പര്‍ കൂടി ഇനി മുതല്‍ നല്‍കേണ്ടി വരും. നിലവില്‍ വോട്ടര്‍ പട്ടികയിലുള്ളവരുടെ ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്താനും വ്യവസ്ഥയുണ്ട്. ഇതുവഴി വിവിധ മണ്ഡലങ്ങളില്‍ വോട്ടുള്ളവരെ അനായാസം കണ്ടെത്താനും, അനധികൃത വോട്ടര്‍മാരെ നീക്കം ചെയ്യാനുമാവും.
ആധാര്‍ കാര്‍ഡോ നമ്പറോ ഹാജരാക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ആരെയും ഒഴിവാക്കരുതെന്ന് നിയമത്തില്‍ കൃത്യമായി പറയുന്നു. മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് പഴയ രീതിയില്‍ത്തന്നെ ഇവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താം. ഇത്രയും കാര്യങ്ങള്‍ വ്യക്തമായിരിക്കെ നിയമഭേദഗതി ബില്ലിനെ ലോക്സഭയില്‍ അന്ധമായി എതിര്‍ക്കുകയാണ് പ്രതിപക്ഷം ചെയ്തത്. ഭേദഗതികള്‍ നിര്‍ദ്ദേശിക്കാന്‍ സമയം കിട്ടിയില്ലെന്നതാണ് ഇവരുടെ പരാതി. സാങ്കേതിക കാരണങ്ങള്‍ കണ്ടെത്തി, ബില്ല് നിയമമാകുന്നത് നീട്ടിക്കൊണ്ടുപോവുകയെന്ന തന്ത്രമാണ് പ്രതിപക്ഷം പ്രയോഗിക്കുന്നത്. ബില്ല് പാര്‍ലമെന്റിന്റെ സ്റ്റാന്റിങ് കമ്മറ്റിക്ക് വിടണമെന്നതാണ് മറ്റൊരു ആവശ്യം. സ്റ്റാന്റിങ് കമ്മറ്റി ഈ ബില്ല് നേരത്തെ പരിശോധിച്ച് അനുമതി നല്‍കിയതാണെന്ന വസ്തുത കണ്ടില്ലെന്നു നടിച്ച് ബോധപൂര്‍വം തടസം സൃഷ്ടിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തിയത്. ഇത് അംഗീകരിക്കാന്‍ ബാധ്യതയില്ലാത്ത സര്‍ക്കാര്‍, ശബ്ദവോട്ടോടെ ബില്‍ ലോക്സഭയില്‍ പാസാക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ എം.എസ്. ഗില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നപ്പോള്‍ വച്ച നിര്‍ദ്ദേശമാണിത്. ഇതേ ഗില്‍ പിന്നീട് കോണ്‍ഗ്രസ്സിന്റെ എംപിയാവുകയും യുപിഎ സര്‍ക്കാരില്‍ മന്ത്രിയാവുകയും ചെയ്തു. അന്നൊന്നുമില്ലാതിരുന്ന എതിര്‍പ്പ് കോണ്‍ഗ്രസ് ഇപ്പോള്‍ പ്രകടിപ്പിക്കുന്നത് ശുദ്ധ കാപട്യമാണ്. ജിഎസ്ടി നിയമത്തിന്റെയും കാര്‍ഷിക നിയമങ്ങളുടെയും കാര്യത്തില്‍ കണ്ടതുപോലെ സങ്കുചിതമായ രാഷ്ട്രീയ താല്പര്യം മുന്‍നിര്‍ത്തി മലക്കം മറിയുകയാണ് തെരഞ്ഞെടുപ്പ് പരിഷ്കരണത്തിന്റെ കാര്യത്തിലും കോണ്‍ഗ്രസ് ചെയ്തിരിക്കുന്നത്. മറ്റുള്ളവര്‍ ശരി ചെയ്യുന്നതിനെ അംഗീകരിക്കാതെയുള്ള ഈ അസഹിഷ്ണുത അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്.
കള്ളവോട്ടര്‍മാരെയും വ്യാജ വോട്ടര്‍മാരെയും തടയാന്‍ പുതിയ നിയമഭേദഗതിക്ക് കഴിയുമെന്നതിനാലാണ് കോണ്‍ഗ്രസ്സിനെയും തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും പോലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്തുവരുന്നത്. പശ്ചിമബംഗാളിനെയും ബീഹാറിനെയും അസമിനെയും പോലുള്ള അതിര്‍ത്തി സംസ്ഥാനങ്ങളില്‍ അനധികൃത നുഴഞ്ഞുകയറ്റക്കാരായ ലക്ഷക്കണക്കിനാളുകള്‍ വ്യാജവോട്ടര്മാരായുണ്ട്. ഇതില്‍ പലരും നിയമവിരുദ്ധമായി റേഷന്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുമൊക്കെ കൈക്കലാക്കിയവരുമാണ്. നേപ്പാളില്‍ നിന്നുള്ള മണികുമാര്‍ സുബ്ബ അസമില്‍ നിന്ന് കോണ്‍ഗ്രസിന്റെ എംപിയാകുന്ന സ്ഥിതി വരെയുണ്ടായി. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ വലിയ പങ്ക് വഹിക്കുന്നതായി ആധികാരികമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. രാജ്യത്തിന്റെ മറ്റിടങ്ങളിലും നുഴഞ്ഞുകയറ്റക്കാരെ ഉപയോഗിച്ച് കള്ളവോട്ട് ചെയ്യുന്ന രീതി നിലനില്ക്കുന്നു. മദ്രസകളിലും മസ്ജിദുകളിലുമൊക്കെ സജ്ജീകരിക്കുന്ന പോളിങ് ബൂത്തുകള്‍ വഴി വന്‍തോതില്‍ കൃത്രിമം നടക്കുന്നതായി പല സംസ്ഥാനങ്ങളിലും കണ്ടെത്തുകയുണ്ടായി. ഇതിനൊക്കെ അറുതിവരുത്തുന്നതാണ് പുതിയ നിയമനിര്‍മാണം. വോട്ടര്‍മാര്‍ ബിജെപിയെയും നരേന്ദ്ര മോദിയെയും വിജയിപ്പിച്ചാല്‍ യാതൊരു അടിസ്ഥാനവുമില്ലാതെ അതില്‍ കൃത്രിമം ആരോപിക്കുന്ന ചില പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യതാല്പര്യത്തെ അട്ടിമറിച്ചുകൊണ്ടുപോലും തെരഞ്ഞെടുപ്പ് ജയിക്കാന്‍ നോക്കുന്നവരാണ്. ഇതിനുള്ള അവസരം നഷ്ടപ്പെടുന്നതിലെ അമര്‍ഷമായിരിക്കണം തെരഞ്ഞെടുപ്പ് പരിഷ്കരണ ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തുവരാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: