കൊല്ലം: ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങള്‍ അടുത്തിരിക്കെ ശക്തമാകേണ്ട ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ ജില്ലയില്‍ നിര്‍ജ്ജീവം. മൊബൈല്‍ ഫുഡ് സേഫ്ടി ലാബും നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഭക്ഷ്യസുരക്ഷാ ലാബുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കാത്ത സ്ഥിതിയിലാണ്.
ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാനണ്ടും മായം കണ്ടെത്താനും ഭക്ഷ്യസുരക്ഷാ വകുപ്പ് ക്രിയാത്മകമായ ഇടപെടല്‍ നടത്തുന്നില്ലായെന്ന ആക്ഷേപമാണ് ഉയരുന്നത്. ഭക്ഷ്യ വസ്തുക്കളില്‍ രാസവസ്തുക്കളോ കലര്‍പ്പോ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും മറ്റ് സാമ്പിളുകള്‍ ശേഖരിക്കാനുമായി മൊബൈല്‍ ഫുഡ് സേഫ്ടി ലാബും ജില്ലയ്ക്ക് അനുവദിച്ചിരുന്നു.
ജില്ലാ അതിര്‍ത്തികളും ആര്യങ്കാവ് ചെക്ക്പോസ്റ്റും പ്രധാന മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ചായിരുന്നു മൊബൈല്‍ ഫുഡ് സേഫ്ടി ലാബിന്റെ പ്രവര്‍ത്തനം. എന്നാല്‍ ഇവയെല്ലാം ഇപ്പോള്‍ നിര്‍ജീവമായ അവസ്ഥയിലാണ്. കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ ഹോട്ടലുകളിലും ബേക്കറികളിലും ധാരാളം പേര് എത്തുന്നുണ്ട്. ഇവിടെ നിന്നും ലഭിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തേണ്ട ചുമതല ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ്.
പരിശോധനകള്‍ ഇപ്പോഴും തുടരുന്നതായി ഭക്ഷ്യസുരക്ഷാവകുപ്പ് വെളിപ്പെടുത്തുമ്പോഴും പരിശോധനാസംഘങ്ങളെയൊന്നും റോഡില്‍ കാണാനില്ല. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷ ലബോറട്ടറികള്‍ ജനുവരി മുതല്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോള്‍ നിലവിലുള്ള പരിശോധനകള്‍ പോലും കാര്യക്ഷമമല്ലായെന്നതാണ് വാസ്തവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: