പത്തനംതിട്ട: കോന്നി-വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പിന് ഇരയായവര്‍ ജില്ലാ കളക്ടറുടെ പുതിയ ഉത്തരവിനെതിരെ രംഗത്ത്. പണം നഷ്ടപ്പെട്ടവര്‍ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട തഹസില്‍ദാരുടെ ഓഫീസില്‍ ലഭ്യമാക്കണമെന്നാണ് കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ ഉത്തരവില്‍ പറയുന്നത്.
തഹസില്‍ദാര്‍മാരുടെ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മാതൃകയില്‍ ഡിസംബര്‍ 22, 23, 24 തീയതികളില്‍ വിവരങ്ങള്‍ നല്‍കാവുന്നതാണെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നിക്ഷേപകരുടെ കൂട്ടായ്മ രംഗത്ത് എത്തിയിരിക്കുന്നത്. നിക്ഷേപ വിവരങ്ങള്‍ കളക്ടറേറ്റില്‍ ഹെല്‍പ്പ് ഡസ്ക് തുറന്ന് അവിടെ സ്വീകരിക്കണമെന്നായിരുന്നു കൂട്ടായ്മയുടെ ആവശ്യം. അതിനായി ഒരു മാതൃകയും ജില്ലാ കലക്ടര്‍ക്ക് നല്‍കിയിരുന്നു. അനുഭാവപൂര്‍വം ആവശ്യം പരിഗണിക്കാമെന്ന് പറഞ്ഞ കളക്ടര്‍ ഇപ്പോള്‍ അക്കാര്യം മറന്ന് പുതിയ ഉത്തരവ് ഇറക്കിയിരിക്കുകയാണെന്ന് നിക്ഷേപക കൂട്ടായ്മയുടെ സംഘടനാ പ്രസിഡന്റ് സി.എസ്. നായര്‍ പറഞ്ഞു.
മറ്റു എല്ലാ ജില്ലയിലും കളക്ടറേറ്റ് കേന്ദ്രീകരിച്ചുള്ള ഹെല്‍പ്പ് ഡെസ്ക് മുഖേനയാണ് നിക്ഷേപകരുടെ വിവരം നിക്ഷേപക കൂട്ടായ്മയിലൂടെ ശേഖരിച്ചത്. ജില്ലാ കളക്ടറുമായി നിക്ഷേപക കൂട്ടായ്മ ഭാരവാഹികള്‍ കഴിഞ്ഞ ആഴ്ചയിലും സംസാരിച്ചിരുന്നു. കളക്ടറേറ്റില്‍ പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകര്‍ക്ക് വേണ്ടി ഹെല്‍പ്പ് ഡസ്ക് രൂപീകരിക്കുകയും അതു വഴി നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിക്കണം എന്നുമാണ് സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിക്ഷേപകര്‍ക്ക് അനുകൂലമായ നടപടി സ്വീകരിക്കാതെ ഹെല്‍പ്പ് ഡസ്ക് സംവിധാനം അതാത് താലൂക്ക് ഓഫീസുകളിലേക്ക് മാറ്റുകയായിരുന്നു. ഇതിനായി താലൂക്ക് ഓഫീസില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയില്‍ പൂര്‍ണ വിവരം ഇല്ലെന്നും പരാതിയുണ്ട്.
നിക്ഷേപക കൂട്ടായ്മ രൂപം നല്കിയ അപേക്ഷാ ഫോറം മാതൃകയില്‍ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആ അപേക്ഷ കലക്ടറേറ്റില്‍ സ്വീകരിക്കണം എന്നാണ് നിക്ഷേപക കൂട്ടായ്മ ആവശ്യപ്പെടുന്നത്. നിക്ഷേപകരില്‍ പലരും വാര്‍ധക്യ സഹജമായ അസുഖം മൂലം കിടപ്പിലാണ്. മറ്റു ചിലര്‍ വിദേശത്ത് ജോലി തേടിപ്പോയി. മാനസികമായി ആകെ തകര്‍ന്നു നില്ക്കുന്ന നിക്ഷേപകര്‍ വീണ്ടും താലൂക്ക് ഓഫീസില്‍ എത്തി പുതിയ അപേക്ഷ നല്‍കണം എന്നുള്ള ഉത്തരവ് ജില്ലാ കളക്ടര്‍ പിന്‍വലിക്കണമെന്നാണ് നിക്ഷേപക സംഘടനയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: