എരുമേലി: എരുമേലി-പമ്പ സംസ്ഥാനപാതയില്‍ കണമല അട്ടിവളവിന് സമീപം ശബരിമല ദര്‍ശനത്തിന് പോയവരുടെ ബസ് മറിഞ്ഞ് ഒന്‍പത് പേര്‍ക്ക് പരിക്ക്.സാരമായി പരിക്കേറ്റ ഡ്രൈവര്‍ നാഗേഷ് (45), സംഘത്തിലെ ഗുരുസ്വാമി സുബ്രഹ്മണ്യന് (63) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം.
കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണംവിട്ട ബസ് റോഡിന്റെ വലതുഭാഗത്തേക്ക് മറിയുകയായിരുന്നു. ബസ്സിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. മറ്റുള്ളവര്‍ ബസ്സിന്റെ ചില്ലുകള്‍ പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.ആന്ധ്രപ്രദേശ് ഗുണ്ടൂരില്‍ നിന്നും എത്തിയ തീര്‍ഥാടകരുടെ ബസാണ് മറിഞ്ഞത്. നാല് സ്ത്രീകളടക്കം 35 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
എരുമേലി പോലീസ് എസ്എച്ച്ഒ മനോജ് മാത്യു, മോട്ടോര്‍ വാഹന വകുപ്പ് നോഡല്‍ ഓഫീസര്‍ സുരേഷ് ബാബു, ഫയര്‍ഫോഴ്സ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. അപകടത്തില്‍ വൈദ്യുതി തൂണുകള്‍ തകര്‍ന്നു. വാഹന ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: