ന്യൂഡെല്‍ഹിയിലെ നരച്ചുവരണ്ട കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ കൊടുംചൂടിനും തണുപ്പിനുമിടയില്‍ ഓസിലേറ്റ് ചെയ്യുന്ന വിരസജീവിതം. അതില്‍ നിന്നും പച്ചപ്പിന്റെയും മഴയുടെയും പറുദീസയിലേക്കുള്ള യാത്രകളായിരുന്നു ജോര്‍ജ് എം ജോര്‍ജിന്റ കുട്ടിക്കാലത്തെ സമൃദ്ധമാക്കിയത്. ഓരോ വര്‍ഷവും മധ്യവേനലവധിക്കായി ഏറെ ആവേശഭരിതനായി കാത്തിരുന്നത് എം ജി ജോര്‍ജ് മുത്തൂറ്റിന്റെയും സാറ ജോര്‍ജ് മുത്തൂറ്റിന്റെയും കടിഞ്ഞൂല്‍ പുത്രനായിരുന്നു.
കേരളത്തിന്റെ മഴക്കാലത്തെയും പ്രകൃതിയെയും ആ കുട്ടി അങ്ങേയറ്റം പ്രണയിച്ചു. മുത്തൂറ്റ് കുടുംബത്തിലെ ഉറ്റവരോടുള്ള കൂടിച്ചേരലുകളും മനോഹരമായ മലമടക്കുകളിലും തടാകക്കരകളിലും ചെലവിട്ട പ്രഭാതങ്ങളും ഗ്രാമീണ മനുഷ്യരുടെ ജീവിതവുമെല്ലാം അവനെ ആഴത്തില്‍ സ്വാധീനിച്ചു. കുടുംബത്തിന്റെ പരമ്പരാഗത ബിസിനസായ ഫിനാന്‍സിനെക്കാള്‍ ടൂറിസം മേഖലയെ ജോര്‍ജ് എം ജോര്‍ജ് പ്രണയിച്ചു.
1887 ല്‍ കോഴഞ്ചേരിയില്‍ നൈനാന് മത്തായി സ്ഥാപിച്ച ഗ്രൂപ്പ്, മകന് എം ജോര്‍ജ് മുത്തൂറ്റിലൂടെയും ശേഷം പൗത്രന് എം ജി ജോര്‍ജ് മുത്തൂറ്റിലൂടെയും പ്രതാപത്തിലേക്ക് കുതിക്കുന്ന കാലമാണ്. കുടുംബത്തിന്റെ പരമ്പരാഗത ബിസിനസുകള്‍ നോക്കി നടത്തേണ്ട യുവാവ് ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് അമിതമായി താല്‍പ്പര്യം കാട്ടുന്നത് ആര്‍ക്കും അത്ര രസിച്ചില്ല. അല്‍പ്പം ആശങ്ക തോന്നുന്നത് സ്വാഭാവികം. ഏതായാലും സ്കൂള്‍ പഠനത്തിന് ശേഷം ഡെല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളെജില്‍ കിട്ടിയ അഡ്മിഷന് ജോര്‍ജ് എം ജോര്‍ജ് വേണ്ടെന്നുവെച്ചു.
മണിപ്പാല്‍ സര്‍വകലാശാലയിലേക്ക് ഹോസ്പിറ്റാലിറ്റി പഠിക്കാന്‍ നീങ്ങി. ഗ്ലോറിഫൈഡ് വെയ്റ്ററാവാനാണോ പരിപാടിയെന്ന ചോദ്യങ്ങളെ കേട്ടില്ലെന്നു വെച്ചു. ‘കുടുംബത്തില്‍ ആര്‍ക്കും എന്റെ പോക്ക് അത്ര ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. ടൂറിസവും ഹോസ്പിറ്റാലിറ്റിയും അത്ര അംഗീകരിക്കപ്പെട്ടിരുന്ന കാലമല്ല അത്. എന്റെ പാഷന് ഇതാണെന്ന് തുറന്നു പറഞ്ഞു. മണിപ്പാലില്‍ അഡ്മിഷന് ലഭിച്ചതോടെ ഡെല്‍ഹി വിട്ട് പുതിയ ലോകത്തേക്ക്,’ ജോര്‍ജ് എം ജോര്‍ജ് ആ കഥ ബിസിനസ് വോയ്സിനോട് പറയുന്നു.
ഒരു മനോഹരമായ യാത്രയുടെ തുടക്കമായിരുന്നു അത്. ശരിയായ ഹോസ്പിറ്റാലിറ്റി എന്താണെന്ന് മനസിലാക്കാനുള്ള യാത്ര. പുറമെ കാണുന്ന ഗ്ലാമറല്ല അകത്ത്. ടോയ്ലറ്റ് ക്ലീന്‍ ചെയ്യുന്നത് മുതല്‍ എല്ലാ ജോലികളും ചെയ്തു. മനസിലുള്ള ഈഗോ മുഴുവന്‍ ഉപേക്ഷിക്കാന്‍ ആ യുവാവ് പഠിച്ചു. മൂന്നു വര്‍ഷത്തെ പഠനത്തിന് ശേഷം ഒബ്റോയ് ഗ്രൂപ്പ്, ഇന്റര്‍കോണ്ടിനെന്റല്‍, റാഡിസ്സണ്‍ തുടങ്ങിയ ഹോസ്പിറ്റാലിറ്റി വമ്പന്മാരുടെ ഹോട്ടലുകളില്‍ ജോലി ചെയ്തു. അവരുടെ പ്രവര്‍ത്തന രീതികള്‍ പഠിച്ചെടുത്തു.
പിന്നീട് ഒരു കുടുംബ ബിസിനസായി ഹോട്ടല്‍ നടത്തുന്നത് പഠിക്കാനായി കൊച്ചിയിലെത്തി അവന്യൂ റീജന്റില്‍ രണ്ടുമാസം ജോലി ചെയ്തു. ഇത്രയും പരിശീലനം നേടിയ ശേഷം ഹോസ്പിറ്റാലിറ്റിയില്‍ ഉപരിപഠനത്തിന് പാരീസിലെ കോര്‍ണല്‍ യൂണിവേഴ്സിറ്റിയിലേക്ക്. ഇന്റര്‍നാഷണല്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ എംബിഎ ചെയ്തു. ‘ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രി അല്‍പ്പം വിരസമായി തോന്നാന്‍ തുടങ്ങിയിരുന്നു. പുതിയതായി ഒന്നും സംഭവിക്കുന്നില്ലെന്ന തോന്നല്‍. എല്ലാവരും ഒരുപോലെയാണ് പ്രവര്‍ത്തിക്കുന്നത്.
റൂം സെല്‍ ചെയ്യുന്നതും സേവനങ്ങളും എല്ലാം ഒരുപോലെ. സസ്റ്റെയ്നബിള്‍ ടൂറിസം എന്ന വിഷയത്തിലേക്ക് ശ്രദ്ധ പോകുന്നത് ഈ സമയത്താണ്. എന്നില്‍ വലിയ ഉല്‍സാഹം നിറയ്ക്കാന്‍ ഈ വിഷയത്തിനായി. റൂം സെല്ലിംഗ് എന്നതിലേക്ക് മാത്രം ഹോസ്പിറ്റാലിറ്റിയെ ഒതുക്കരുതെന്ന ബോധ്യമുണ്ടായി,’ ജോര്‍ജ് എം ജോര്‍ജ് പറയുന്നു. പരിസ്ഥിതിക്കും തദ്ദേശവാസികളായ ജനങ്ങള്‍ക്കും ഗുണകരമാവുന്ന ടൂറിസമാണ് വേണ്ടതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
ലോകമെങ്ങും സഞ്ചരിച്ച് ജോലി ചെയ്ത് ഹോസ്പിറ്റാലിറ്റിയെക്കുറിച്ച് കൂടുതല്‍ പഠിക്കാനാണ് പിന്നീട് അദ്ദേഹം തീരുമാനിച്ചത്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നെന്ന ചിന്തയായി പിതാവ് എം ജി ജോര്‍ജ് മുത്തൂറ്റിന്. മകനെ ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല. കേരളത്തില്‍ തന്നെ പിടിച്ചു കെട്ടണം. അതിന് അദ്ദേഹം ഒരു വഴി കണ്ടെത്തി. തേക്കടിയില്‍ ഒരു റിസോര്‍ട്ട് വാങ്ങാന്‍ തീരുമാനിച്ചത് അതിവേഗമാണ്. ‘ഞാന്‍ ഗ്രാജുവേഷന് അവസാന ഘട്ടത്തിലെത്തിയ സമയം. പിതാവിന് വലിയ ആശങ്ക, ഞാന്‍ ഹോസ്പിറ്റാലിറ്റി സ്വപ്നങ്ങളുമായി നാടുവിട്ടു പോകുമോയെന്ന്. അദ്ദേഹം നേരെപോയി തേക്കടിയില്‍ ഒരു റിസോര്‍ട്ട് വാങ്ങി.
ഞങ്ങളൊരു റിസോര്‍ട്ട് വാങ്ങിയിട്ടുെണ്ടന്നും വന്ന് അത് നോക്കി നടത്തണമെന്നും പിന്നാലെ എനിക്ക് സന്ദേശം വന്നു. യൂറോപ്പ്, യുഎസ്, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലൊക്കെ പോയി കുറെക്കാലം ഹോട്ടല്‍ ശൃംഖലകളില്‍ ജോലി ചെയ്ത് ഹോസ്പിറ്റാലിറ്റിയെപ്പറ്റി പഠിക്കാനായിരുന്നു എന്റെ പദ്ധതി. ആ അനുഭവപരിചയം കൂടി ഒപ്പം കൂട്ടാനായിരുന്നു ആഗ്രഹം. പിതാവിന്റെ നീക്കത്തോടെ ആ പ്ലാന്‍ പൊളിഞ്ഞു,’ ജോര്‍ജ് എം ജോര്‍ജ് പറയുന്നു.
2002 ലാണ് മാസ്റ്റേഴ്സ് ബിരുദം പൂര്‍ത്തിയാക്കിയത്. അതിന് മുന്‍പു തന്നെ, 2001 സെപ്റ്റംബര്‍ 1ന് കാര്‍ഡമം കൗണ്ടി മുത്തൂറ്റ് ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. അങ്ങനെ ഹോസ്പിറ്റാലിറ്റി രംഗത്തേക്ക് മുത്തൂറ്റ് ഗ്രൂപ്പ് ചുവടുവെച്ചു. മകനെ നാട്ടില്‍ പിടിച്ചു നിര്‍ത്താനും അവന്റെ താല്‍പ്പര്യങ്ങള്‍ കൂടി അംഗീകരിക്കാനും എം ജി ജോര്‍ജെന്ന പിതാവിന്റെ ചുവടുവെപ്പ് കൂടിയായിരുന്നു അത്.
എന്നാല്‍ തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹത്തിന് പിഴച്ചില്ല. മകന് ഒട്ടും നിരാശപ്പെടുത്തിയുമില്ല. തേക്കടിയിലെ കാര്‍ഡമം കൗണ്ടിക്കു പിന്നാലെ സസ്റ്റെയ്നബിള്‍ ടൂറിസത്തിന് മുതല്‍ക്കൂട്ടാവുന്ന ആലപ്പുഴ പള്ളാത്തുരുത്തിയില്‍ സാന്‍ഡാരി റിവര്‍സ്കേപ്സ്, കൊച്ചി മട്ടാഞ്ചേരിയിലെ സാന്‍ഡാരി ഹാര്‍ബര്‍, ആലപ്പുഴ മാരാരിക്കുളത്തെ സാന്‍ഡാരി പേള്‍ എന്നിവ യഥാര്‍ത്ഥ കേരളത്തെ ലോകത്തിനു മുന്നില്‍ തുറന്നുവെച്ചു.
മധ്യ അമേരിക്കന്‍ രാഷ്ട്രമായ കോസ്റ്ററിക്കയിലെ സാന്‍ഡാരി റിസോര്‍ട്ട് ആന്‍ഡ് സ്പായിലൂടെ അന്താരാഷ്ട്ര ബ്രാന്‍ഡായും സാന്ഡാരിയെ ജോര്‍ജ് എം ജോര്‍ജ് വളര്‍ത്തി. മുത്തൂറ്റ് ഗ്രൂപ്പിന് കീഴിലുള്ള 20 ബിസിനസ് വൈവിധ്യങ്ങളില്‍ തലയെടുപ്പുള്ള വിഭാഗമാണ് ഇന്ന് മുത്തൂറ്റ് ലീഷര്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി ഡിവിഷന്. ഡിവിഷനെ നയിക്കുന്നതിനൊപ്പം മുത്തൂറ്റ് ഫിനാന്‍സിന്റെ എക്സിക്യൂട്ടീവ് ഡയറക്റ്ററായും ജോര്‍ജ് എം ജോര്‍ജ് പ്രവര്‍ത്തിക്കുന്നു. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിലേക്ക്…
സാമ്പത്തിക വികസനത്തില്‍ ഹോസ്പിറ്റാലിറ്റി മേഖലയ്ക്കുള്ള പ്രാധാന്യം നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നോ?
തീര്‍ച്ചയായും. ഹോസ്പിറ്റാലിറ്റിയുടെ പ്രാധാന്യം വളരെയേറെയാണ്. വികസനക്കുതിപ്പ് ലക്ഷ്യമിടുന്ന ഏതൊരു രാജ്യവും വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ശ്രമിക്കാറുണ്ട്. വിദേശ നിക്ഷേപകര്‍ വെറുതെ പുറത്തിരുന്ന് നിക്ഷേപിക്കില്ല. അവര്‍ ഏതാനും സന്ദര്‍ശനങ്ങള്‍ നടത്തും, താമസിക്കും. സാഹചര്യങ്ങള്‍ അനുകൂലമാണോയെന്ന് പരിശോധിക്കും. വാസ്തവത്തില്‍ വിദേശ നിക്ഷേപകര്‍ക്ക് ഒരു രാജ്യത്തെ അനുഭവിച്ചറിയാന്‍ വാതില്‍ തുറക്കുന്ന ഇന്‍ഡസ്ട്രിയാണ് ഹോസ്പിറ്റാലിറ്റി.
ഏതൊരു രാജ്യത്തിന്റെയും ബ്രാന്‍ഡ് അംബാസഡറാണത്. ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രി നന്നായി വികസിക്കാത്ത ഒരു രാജ്യത്തും വലിയ നിക്ഷേപകരൊന്നും പോയി നിക്ഷേപിച്ചതായി ഞാന്‍ കണ്ടിട്ടില്ല. ഹോസ്പിറ്റാലിറ്റി മേഖല മികച്ചതല്ലെങ്കില്‍ ആ രാജ്യത്ത് എന്തോ കുഴപ്പമുണ്ടെന്നാണ് സൂചന. താമസിക്കാന്‍ ഒരു നല്ല ഹോട്ടല്‍ പോലും ഇല്ലെങ്കില്‍ ഏത് നിക്ഷേപകനാണ് വരിക? വളരെയധികം തൊഴിലുകള്‍ സൃഷ്ടിക്കുന്ന മേഖല കൂടിയാണിത്.
താങ്കള്‍ വരുന്ന സമയത്ത് കേരളത്തിലെ ടൂറിസം രംഗത്തിന്റെ അവസ്ഥ എന്തായിരുന്നു?
പഠനം കഴിഞ്ഞ് തിരിച്ചെത്തിയത് കൊച്ചിയിലേക്ക് തന്നെയാണ്. വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിരുന്നില്ല, സിജിഎച്ച് ഗ്രൂപ്പ് ചില വ്യത്യസ്ത പ്രൊജക്റ്റുകള്‍ ചെയ്യുന്നുണ്ടായിരുന്നു എന്നതൊഴിച്ചാല്‍. ഡെല്‍ഹിയിലേക്ക് മടങ്ങുന്നത് ഒഴിവാക്കുക എന്നത് തന്നെയായിരുന്നു എന്റെ പദ്ധതി. കേരളത്തിലെ അതിമനോഹരമായ ഡെസ്റ്റിനേഷനുകള്‍ സസ്റ്റെയ്നബിള്‍ ടൂറിസം മാതൃകയില്‍ ലോകത്തിനു മുന്നില്‍ തുറന്നുവെക്കുക എന്നതായിരുന്നു ലക്ഷ്യം. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന പ്രചാരണം കേരള ടൂറിസം ആരംഭിച്ച കാലം കൂടിയായിരുന്നു അത്.
ഡെസ്റ്റിനേഷനുകളുടെ കാരിയിംഗ് കപ്പാസിറ്റി പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ഒരു സ്ഥലത്തിന് ഉള്‍ക്കൊള്ളാവുന്ന പരമാവധി സഞ്ചാരികളുടെ എണ്ണമാണത്. കാരിയിംഗ് കപ്പാസിറ്റിയേക്കാള്‍ ആളുകളെത്തിയാല്‍ ഡെസ്റ്റിനേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ താറുമാറാകും. തദ്ദേശീയ ജനത കൂടിയാണ് അതിന്റെ ആഘാതം പേറേണ്ടി വരിക. കേരളം ക്വാളിറ്റി ടൂറിസമാണ് ലക്ഷ്യമിട്ടിരുന്നത്. അതാണ് എന്നെ ആകര്‍ഷിച്ചത്. താജ്മഹലും മറ്റും കാണാനെത്തുന്ന ആളുകളുടെ എണ്ണവുമായി താരതമ്യം ചെയ്താല്‍ കേരളം സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണം തുലോം കുറവാണ്. എന്നാല്‍ ക്വാളിറ്റി നിലനിര്‍ത്താന്‍ നമുക്കായി.
കുടുംബത്തിന്റെ പിന്തുണയും പ്രോല്‍സാഹനവും എടുത്തു പറയേണ്ടതുണ്ട്. ഹോസ്പിറ്റാലിറ്റി ബിസിനസ് ചെയ്യുന്നതിനൊപ്പം ബാങ്കിംഗ് ഫൈനാന്‍സ് ബിസിനസിലും ശ്രദ്ധ പുലര്‍ത്തണമെന്നതായിരുന്നു ഫാമിലി മുന്നോട്ടുവെച്ച കണ്ടീഷന്‍. തേക്കടിയിലെ കാര്‍ഡമം കൗണ്ടിയാണ് ആദ്യ പ്രൊജക്റ്റ്. വാസ്തവത്തില്‍ അത് എന്റെ തെരഞ്ഞെടുപ്പേയായിരുന്നില്ല. ഞാന്‍ ഗ്രാജുവേഷന് അവസാന ഘട്ടത്തിലെത്തിയ സമയം പിതാവ് വാങ്ങിയതാണത്. ഹോസ്പിറ്റാലിറ്റി സ്വപ്നങ്ങളുമായി ഞാന്‍ നാടു വിടുന്നത് ഒഴിവാക്കാന്‍. 2002 ലാണ് മാസ്റ്റേഴ്സ് ബിരുദം പൂര്‍ത്തിയാക്കിയത്. അതിന് മുന്‍പു തന്നെ, 2001 സെപ്റ്റംബര്‍ 1ന് കാര്‍ഡമം കൗണ്ടി മുത്തൂറ്റ് ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു.
നിങ്ങളുടെ പാഷന് കണ്ടെത്തി അതുചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ ജോലി ഒരു ജോലിയായേ തോന്നില്ല. ഓഫീസിനകത്തിരുന്ന് ജോലി ചെയ്യാന്‍ താല്‍പ്പര്യമില്ലാത്ത, പുറത്തിറങ്ങാന്‍ താല്‍പ്പര്യമുള്ള ആളാണ് ഞാന്‍. പലതരത്തിലുള്ള ആളുകളെ കാണാനും അവരുമായി ആശയവിനിമയം നടത്തി കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമക്കുന്നതുമാണ് എന്റെ സ്വഭാവം. പരിസ്ഥിതി സംരക്ഷണമെന്ന താല്‍പ്പര്യം കൂടി ഇതില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടെന്നതാണ് മറ്റൊരു കാര്യം. ഹോസ്പിറ്റാലിറ്റി തന്നെ പ്രധാന ബിസിനസായി തെരഞ്ഞെടുത്തതിന്റെ കാരണം ഇവ രണ്ടുമാണ്.
ഇന്ത്യക്ക് പുറത്ത് മുത്തൂറ്റ് ഏറ്റെടുത്ത റിസോര്‍ട്ട് കോസ്റ്ററിക്കയിലാണ്. എന്തുകൊണ്ടായിരുന്നു ആ രാജ്യത്തോട് ഇത്ര പ്രണയം?
ഇക്കോ ടൂറിസത്തിന് തുടക്കമിട്ട രാജ്യങ്ങളിലൊന്നാണ് കോസ്റ്റാറിക്ക. ഇന്നും ലോകത്തെ ആദ്യ അഞ്ച് ഇക്കോ ടൂറിസം ഡെസ്റ്റിനേഷനുകളില്‍ കോസ്റ്റാറിക്കയുണ്ട്. എന്റെ പ്രൊഫസറുടെ പ്രേരണയിലാണ് 2012 ല്‍ കോസ്റ്റാറിക്കയിലെത്തിയത്. രാജ്യത്തെ പ്രസിഡന്റിന്റെ ടൂറിസം ഉപദേശകനായിരുന്നു അദ്ദേഹം. വില്ക്കാനിട്ടിരുന്ന ഒരു റിസോര്‍ട്ടിലാണ് ആദ്യത്തെ യാത്രയില്‍ ഞാന്‍ താമസിച്ചത്. ആദ്യ ദിനം തന്നെ ആ സ്ഥലവുമായി ഞാന്‍ പ്രേമത്തിലായി.
കേരളത്തിന്റെ ഒന്നര ഇരട്ടി വലിപ്പമുള്ള രാജ്യമാണ്. ജനസംഖ്യ 5 ദശലക്ഷം മാത്രം. ഓരോ വര്‍ഷവും കൂടുതല്‍ ഭൂമി വനസംരക്ഷണത്തിനായി കൂട്ടിച്ചേര്‍ക്കുന്ന രാജ്യമാണത്. നിലവില്‍ 46% ഭൂമി സംരക്ഷിത വനമാണ്. ഇത് 80 ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് അവര്‍ ലക്ഷ്യമിടുന്നത്. അവര്‍ ഉപയോഗിക്കുന്ന ഊര്‍ജം മുഴുവന്‍ പുനരുപയോഗിക്കാവുന്ന സ്രോതസുകളില്‍ നിന്നാണ്. സൈന്യമില്ലാത്ത ശാന്തമായ രാജ്യം. 200 വര്‍ഷമായി ജനാധിപത്യം നിലനില്ക്കുന്നു. എല്ലാം വൃത്തിയായി സംരക്ഷിക്കുന്നു. അത് തന്നെയാണ് അങ്ങോട്ട് എന്നെ അടുപ്പിച്ചത്.
ഏറ്റവും ശ്രദ്ധേയമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ഗോവ. എന്നാല്‍ എല്ലാ അനാവശ്യ പ്രവണതകളും അവിടെയുണ്ട്. പ്രാദേശിക സംസ്കാരം തന്നെ നശിപ്പിക്കപ്പെട്ടു. പേര് മോശമായി. എന്നാല്‍ അതിനു വേണ്ടിയല്ല ആളുകള്‍ കേരളത്തിലേക്ക് വരുന്നത്. കേരളത്തിന്റെ ദൃശ്യഭംഗിയും സംസ്കാരവും അനുഭവിച്ചാസ്വദിക്കാനാണത്.
ഇത് നാം നിലനിര്‍ത്തി കൊണ്ടുപോകേണ്ടതുണ്ട്. അത്യാവശ്യം ചെലവേറിയ ഡെസ്റ്റിനേഷന്‍ തന്നെയാണ് കേരളം. കാരിയിംഗ് കപ്പാസിറ്റിയെ മറികടന്ന് റൂമുകളും മറ്റും ഉണ്ടാക്കി നാം ഇതിന്റെ വില ഇടിക്കരുത്. പിന്നെ വരുന്ന സന്ദര്‍ശകര്‍ നാം ഒട്ടും ആഗ്രഹിക്കുന്നവരാവില്ല. ഗ്രഡ്സും പാര്‍ട്ടിയും ഒക്കെ ഇവിടെയും അരങ്ങു വാഴാന്‍ തുടങ്ങും.
എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇത്തരം ചില കാഴ്ചകള്‍ കേരളത്തില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നയപരമായ ഇടപെടല്‍ നടക്കുന്നില്ല. മൂന്നാറിലും മറ്റും പ്രകൃതിയെ നശിപ്പിച്ചുകൊണ്ട് കെട്ടിടങ്ങള്‍ ഉയരുന്നത് ഉദാഹരണം. ഡെസ്റ്റിനേഷന്റെ ഭംഗി കളയുന്നത് മാത്രമല്ല മതിയായ മാലിന്യ സംസ്കരണ സംവിധാനം പോലും ഇവയ്ക്കില്ല.
മതിയായ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇല്ലാത്ത സ്ഥലത്തേക്ക് ടൂറിസ്റ്റുകളുടെ തള്ളിക്കയറ്റം ഉണ്ടായാല്‍ തദ്ദേശീയ ജനങ്ങളുടെ ജീവിതം താറുമാറാകും. റുമൂകളുടെ എണ്ണം പ്രധാനമാകുന്നതിന്റെ പശ്ചാത്തലം ഇതാണ്. സാന്‍ഡാരി പിന്തുടരുന്ന തത്വം ഇവയെല്ലാമാണ്. മാസ് ടൂറിസത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നില്ല.
കൊച്ചിയില്‍ തന്നെ നോക്കിയാല്‍ ഇവിടെ ലഭ്യമായ റൂമുകളിലെല്ലാം താമസിക്കാന്‍ ആളുകള്‍ വരുന്നില്ല. റേറ്റ് കുറഞ്ഞുകുറഞ്ഞ് വരുന്നത് അതിനാലാണ്. വലിയ ഒരു കാഴ്ചപ്പാടോ പദ്ധതിയോ ഇല്ലാതെയാണ് നാം അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. കോസ്റ്റാറിക്കയിലേക്ക് നോക്കിയാല്‍ ഈ പ്ലാനിംഗ് കാണാനാവും. പരമാവധി കപ്പാസിറ്റിയനുസരിച്ച് എത്ര റൂം വേണം, എത്ര നിര്‍മിക്കണം എന്നെല്ലാം സംബന്ധിച്ച് അവര്‍ ജാഗരൂകരാണ്. ഇവിടെ പഴഞ്ചന്‍ രീതിയായ സ്റ്റാര്‍ റേറ്റിംഗാണ് ഇപ്പോഴും നാം പിന്തുടരുന്നത്.
ലോകത്തെ മികച്ച ഡെസ്റ്റിനേഷനുകളെല്ലാം ഇത് ഉപേക്ഷിച്ചിട്ട് ഏറെക്കാലമായി. മദ്യനവുമായി ബന്ധപ്പെട്ടാണ് ഇവിടെ സര്‍ക്കാര്‍ റാങ്കിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആല്‍ക്കഹോള്‍ ലൈസന്‍സിന് ത്രീസ്റ്റാറിന് മുകളിലേക്ക് റാങ്ക് ആവശ്യമാണ്. ആല്‍ക്കഹോള്‍ ലൈസന്‍സിന് വലിയ ഫീയാണ് കേരളത്തില്‍ ഈടാക്കുന്നത്. ടൂറിസത്തിന്റെ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തണമെങ്കില്‍ ഇത്തരത്തിലൊരു മദ്യനയം ഗുണം ചെയ്യില്ല. ടൂറിസത്തിന്റെ ഭാഗമാണ് മദ്യമെന്നത് ആദ്യം അംഗീകരിക്കണം.
ഗുണനിലവാരമുള്ള റിസോര്‍ട്ടുകള്‍ക്കു പോലും താങ്ങാനാവുന്നതല്ല നിലവിലെ ലൈസന്‍സ് ഫീ. പക്ഷേ ലോക്കല്‍ ബാറുകള്‍ ധാരാളം തുറക്കുന്നുണ്ട്. നാട്ടുകാരുടെ കുടിക്ക് ഒരു കുറവുമില്ല. ഫലത്തില്‍ തദ്ദേശീയ ജനതയുടെ സാമ്പത്തിക സ്ഥിതി തകര്‍ക്കപ്പെടുകയാണ് ചെയ്യുന്നത്. മറുവശത്ത് നല്ല മദ്യം ടൂറിസ്റ്റുകള്‍ക്ക് വിളമ്പാന്‍ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് അവസരം ലഭിക്കുന്നുമില്ല. ഉയര്‍ന്ന ലൈസന്‍സ് ഫീ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ഇപ്രകാരം ഒരുവശത്തുണ്ട്. മറ്റുള്ള രാജ്യങ്ങള്‍ എന്താണ് ചെയ്യുന്നതെന്നെങ്കിലും സര്‍ക്കാര്‍ കാണേണ്ടതുണ്ട്.
കോസ്റ്ററിക്ക പോലുള്ള രാജ്യങ്ങളിലെ റേറ്റിംഗ് സംവിധാനം എങ്ങനെയാണ്?
ലീഫ് സിസ്റ്റമാണ് കോസ്റ്റാറിക്കയില്‍. ഓരോ മാനദണ്ഡവും പാലിക്കുമ്പോള്‍ ഓരോ ലീഫ് ലഭിക്കുന്നു. കേരളത്തിലും ഈ സംവിധാനം പരിചയപ്പെടുത്തണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. റിസോര്‍ട്ടിനെ കുറിച്ചുള്ള സങ്കല്പ്പമേ ഇവിടെ മാറേണ്ടതുണ്ട്. കാര്‍ഡമം കൗണ്ടി ഒഴിച്ച് ഞങ്ങളുടെ റിസോര്‍ട്ടുകളിലൊന്നും ടെലിവിഷനുകള്‍ ഇല്ല. ടിവി കണ്ട് റിസോര്ട്ടിലിരിക്കാനല്ലല്ലോ ആളുകള്‍ വരുന്നത്. പുറത്തുപോയി ഡെസ്റ്റിനേഷന്‍ കണ്ടാസ്വദിക്കാനാണ് അവരെ പ്രോല്‍സാഹിപ്പിക്കേണ്ടത്.
ഇവിടെ ഫോര്‍ സ്റ്റാര്‍ റാങ്കിംഗ് കിട്ടണമെങ്കില്‍ എല്ലാ മുറികളിലും ടിവി വേണമെന്നാണ് നിയമം. എത്ര പഴഞ്ചന്‍ നിയമമാണിത്. സ്വകാര്യ മേഖല വളരെ നന്നായി മുന്നോട്ടു കൊണ്ടുപോയിരുന്ന ഹോസ്പിറ്റാലിറ്റി ബിസിനസിലേക്ക് സര്‍ക്കാരിന്റെ കടന്നുവരവ് അടുത്തിടെ വര്‍ദ്ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ബിസിനസ് ചെയ്യുമ്പോള്‍ എല്ലായിടത്തും സംഭവിക്കുന്നത് കേരളത്തിലെ ടൂറിസം ഇന്‍ഡസ്ട്രിയിലും സംഭവിച്ചിരിക്കുന്നു എന്നതാണ് ഖേദകരം.
സര്‍ക്കാരിന്റെ ശ്രദ്ധ ബിസിനസിലേക്കായതോടെ വേണ്ട നിയമനിര്‍മാണങ്ങള്‍ നടത്താന്‍ സമയമില്ല എന്നായി. കണ്ണടച്ച് അനുമതികള്‍ നല്‍കിയതിന്റെ ഫലമാണ് ഹോസ്പിറ്റാലിറ്റി രംഗത്ത് ഇന്ന് ഇടയ്ക്കിടെ നടക്കുന്ന കെട്ടിടം പൊളിക്കലുകള്‍. പലയിടത്തും പാതി പൊളിച്ച കെട്ടിടങ്ങള്‍ ഉപേക്ഷിച്ചിട്ടിരിക്കുന്നു. നിക്ഷേപക കണ്ണുകളിലൂടെ നിരീക്ഷിച്ചാല്‍ കേരളത്തിന് ഏറ്റവും മോശം സാഹചര്യമാണിത്. 45,000 കോടി രൂപ സംസ്ഥാന ജിഡിപിയിലേക്ക് സംഭാവന ചെയ്യുന്ന ഒരു ഇന്ഡസ്ട്രിയെയാണ് ഇപ്രകാരം മോശമായി കൈകാര്യം ചെയ്യുന്നത്.
ഭാവിയുടെ നായകര്‍: ഡോ. ജോര്‍ജി കുര്യന് മുത്തൂറ്റ്, അലക്സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ്, ഈപ്പന് അലക്സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് മുത്തൂറ്റ് ജോര്‍ജ്, ജോര്‍ജ് മുത്തൂറ്റ് ജേക്കബ്, ജോര്‍ജ് മുത്തൂറ്റ് അലക്സാണ്ടര്‍
മതിയായ പിന്തുണ ഇന്‍ഡസ്ട്രിക്ക് ലഭിക്കുന്നില്ല. കോവിഡ് വന്നപ്പോള്‍ 30 കോടിയുടെ പാക്കേജാണ് ഇത്രയും വരുമാനം നേടിത്തരുന്ന ഇന്‍ഡസ്ട്രിക്ക് ആകെ ലഭിച്ചത്. എങ്ങനെയാണ് ഇത്തരമൊരു തുകയിലേക്ക് എത്തിയതെന്ന് മനസിലാവുന്നില്ല. രക്ഷാ പാക്കേജ് നല്കാനില്ലെങ്കിലും സര്‍ക്കാരിന് മറ്റെന്തൊക്കെ ചെയ്യാമായിരുന്നു. വരുമാനമില്ലാതെ എല്ലാം അടച്ചുപൂട്ടി കിടക്കുന്നത് പരിഗണിച്ച് പ്രോപ്പര്‍ട്ടി ടാക്സും വൈദ്യുത ബില്ലും മറ്റും ഒഴിവാക്കിക്കൊടുക്കാമായിരുന്നു. ഇവിടെ ബിസിനസ് അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ പറഞ്ഞാല്‍ അത് സംരംഭകന്റെ മാത്രം പ്രശ്നമാണ്. യുഎസില്‍ സര്‍ക്കാരാണ് അടച്ചുപൂട്ടാന്‍ പറയുന്നതെങ്കില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും. യുകെയിലെ മുത്തൂറ്റ് ഫിനാന്‍സ് കമ്പനിക്ക്പോലും അവിടത്തെ സര്‍ക്കാര്‍ സഹായം ലഭിച്ചു.
കേരള ടൂറിസത്തിന് ഒരു റീബ്രാന്‍ഡിംഗിന് സമയമായോ?
ദൈവത്തിന്റെ സ്വന്തം നാടെന്ന ടാഗ് ലൈന്‍ മടുപ്പുളവാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇനി പുതിയതായെന്തെങ്കിലും നാം സൃഷ്ടിക്കണം. തദ്ദേശീയ സംരംഭകരെ പ്രോല്‍സാഹിപ്പിക്കണം. സസ്റ്റെയ്നബിള്‍ ടൂറിസം എന്നതിലൂന്നിയ ടൂറിസം നയം വേണം. കേരള ടൂറിസം ചെലവേറിയതാണെന്ന ചിന്ത എല്ലായിടത്തുമുണ്ട്. നാം ചെലവ് കുറയ്ക്കേണ്ടതുമില്ല. ശ്രീലങ്കയും മലേഷ്യയുമെല്ലാം നമ്മളേക്കാള്‍ കുറഞ്ഞ നിരക്കിലുള്ള പാക്കേജാണ് ഇന്ന് കൊടുക്കുന്നത്. ദീര്‍ഘകാല നേട്ടം പരിശോധിച്ചാല്‍ അത് അവര്‍ക്ക് ഒട്ടും ഗുണം ചെയ്യില്ല. നമ്മുടെ രീതി തന്നെയാണ് നല്ലത്. കൈവശം പണമുള്ള, ശരിയായി ഡെസ്റ്റിനേഷനെ അനുഭവിച്ചറിയാന്‍ താല്‍പ്പര്യമുള്ള നല്ല ടൂറിസ്റ്റുകളെ നമുക്ക് ലഭിക്കും. ആളുകളുടെ ഒരു തള്ളിക്കയറ്റം ഒഴിവാക്കാനും പറ്റും.
മാലിന്യ സംസ്കരണമടക്കമുള്ള കാര്യങ്ങള്‍ നല്ല രീതിയിലല്ല നടക്കുന്നതെന്നത് നമ്മുടെ പ്രശ്നമാണ്. തേക്കടിയില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ ഞാന്‍ കൂടി മുന്നിട്ടിറങ്ങിയാണ് എല്ലാ ഹോട്ടലുകളെയും ഒരുമിപ്പിച്ച് തേക്കടി ഡെസ്റ്റിനേഷന്‍ പ്രൊമേഷന് കൗണ്‍സില്‍ (ടിഡിപിസി) രൂപീകരിച്ചത്. കുമളിയുടെ ശുചീകരണവും സൗന്ദര്യവല്ക്കണവുമെല്ലാം ഈ സംവിധാനം ഏറ്റെടുത്തതോടെ മാറ്റം ദൃശ്യമായി. ഞങ്ങള്‍ സര്‍ട്ടിഫിക്കേഷനുകള്‍ കൊടുക്കാന്‍ തുടങ്ങി. ടാക്സി െ്രെഡവര്‍മാര്‍ക്കും സ്പൈസ് പ്ലാന്റേഷനുകള്ക്കുമെല്ലാം ഹോട്ടലുകളുടെ സര്ട്ടിഫിക്കേഷന് വന്നു. ടാക്സി െ്രെഡവര്മാരടക്കം ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് ഞങ്ങള്‍ പരിശീലനം നല്കി.
അതിഥികളെ കൊള്ളയടിക്കാതെ മികച്ച വരുമാനം ഉണ്ടാക്കാനുള്ള അവസരമൊരുക്കി. സസ്റ്റെയ്നബിള്‍ ടൂറിസത്തിന്റെ മികച്ച ഉദാഹരണമായി ഇത് മാറിയിട്ടുണ്ട്. തദ്ദേശീയ ജനതയ്ക്ക് ഈ ഇന്‍ഡസ്ട്രിയെക്കൊണ്ട് ഗുണം ലഭിക്കാനും തുടങ്ങി. കൂടുതല്‍ ഉത്തരവാദിത്തം കൊണ്ടുവരാനുള്ള ഞങ്ങളുടെ ശ്രമം മികച്ച ഫലമാണുണ്ടാക്കിയത്. എന്നാല്‍ തദ്ദേശീയ ഭരണ സംവിധാനങ്ങള്‍ അത്ര താല്‍പ്പര്യത്തോടെയല്ല ഈ സംഭവവികാസങ്ങളെയൊക്കെ കാണുന്നത്. പരസ്പരാശ്രയത്വത്തിലൂന്നിയ ഒരു വികസനം വരുന്നതില്‍ ആര്‍ക്കും താല്‍പ്പര്യമില്ല എന്നാണ് എനിക്ക് തോന്നിയത്.
റീഇന്‍വെന്റ് ചെയ്യുക എന്ന ആശയത്തിന്റെ പ്രാധാന്യം ഇവിടെയാണ്. യുഎസ്, യുകെയില്‍ നിന്ന് ഡയറക്റ്റ് ഫ്ളൈറ്റുകളിലൂടെ ടൂറിസം മാര്‍ക്കറ്റ് ചെയ്യുകയാണ് കോസ്റ്റാറിക്ക. ലോകത്തെ കൂടുതല്‍ ഡെസ്റ്റിനേഷനുകളെ കണക്റ്റ് ചെയ്യാന്‍ അവര്‍ തയാറെടുക്കുകയാണ്. കേരളത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മാത്രമാണ് നേരിട്ടുള്ള കണക്റ്റിവിറ്റി.
കേരളവും കൂടുതല്‍ ഡെസ്റ്റിനേഷനുകളെ ഡയറക്റ്റ് ഫ്ളൈറ്റുകളിലൂടെ കണക്റ്റ് ചെയ്യണം. ഇക്കോ ടൂറിസത്തിന് പിന്നാലെ വെല്‍നസ് ടൂറിസത്തിനും
പ്രോല്‍സാഹനം നല്‍കുകയാണ് കോസ്റ്ററിക്ക. യോഗയ്ക്കും മറ്റും അവര്‍ പ്രാധാന്യം കൊടുക്കാനാരംഭിച്ചിരിക്കുന്നു. എല്ലാ റിസോര്‍ട്ടുകളും യോഗ ഇന്‍സ്ട്രക്റ്റര്‍മാരെയും മറ്റും പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ ബാഗമായി ആയുര്‍വേദത്തെ കോസ്റ്ററിക്കയില്‍ അവതരിപ്പിക്കാന്‍ എനിക്ക് പദ്ധതിയുണ്ട്. അതിലൂടെ കേരളത്തെ കോസ്റ്ററിക്കയിലെത്തുന്ന ഗ്ലോബല്‍ ടൂറിസ്റ്റുകള്‍ക്കും പരിചയപ്പെടുത്താനാവും.
കോസ്റ്ററിക്ക സര്‍ക്കാര്‍ സംരംഭകരോട് ഇടപെടുന്ന രീതി എങ്ങനെയാണ്?
വളരെ സഹായമനസ്ഥിതിയോടെയാണ് സര്‍ക്കാര്‍ നമ്മളോട് ഇടപെടുന്നത്. നിങ്ങള്‍ക്ക് എന്താണ് ചെയ്തുതരേണ്ടത് എന്നാണ് അവര്‍ ചോദിക്കുന്നത്. ടൂറിസം മന്ത്രി നേരിട്ടുവന്നാണ് ഇത് ചോദിക്കുന്നത്. ആവശ്യം പറഞ്ഞാല്‍ വേഗം ചെയ്തുതരികയും ചെയ്യും. വിദേശ നിക്ഷേപത്തിന് അവര്‍ അത്രത്തോളം പ്രാധാന്യം കൊടുക്കുന്നുണ്ട്. എസന്‍ഷ്യല്‍ കോസ്റ്ററിക്ക എന്നൊരു ബാഡ്ജ് അവിടത്തെ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. വിവിധ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ചാണിത്.
കോസ്റ്ററിക്കയുടെ ബ്രാന്‍ഡിനെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്ന കമ്പനിയെന്ന സര്‍ട്ടിഫിക്കേഷനാണിത്. ബാഡ്ജ് ലഭിച്ച കമ്പനികള്‍ രാജ്യത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. രാജ്യത്തെത്തുന്ന നിക്ഷേപകര്‍ക്ക് ഇത്തരം ബാഡ്ജുള്ള കമ്പനികളുമായി ധൈര്യമായി ബിസിനസ് ചെയ്യാം. ഞങ്ങള്‍ക്ക് ആ ബാഡ്ജ് ലഭിച്ചിട്ടുണ്ട്. ഇതേ മാതൃകയില്‍ സ്റ്റാര്‍ റാങ്കിംഗ് ഒഴിവാക്കി സ്വന്തമായി ഒരു സസ്റ്റെയ്നബിള്‍ റാങ്കിംഗ് കൊണ്ടുവരാന്‍ കേരളത്തിന് സാധിക്കണം.
സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ വേണമെന്ന് കേരളത്തിലെ ഹോസ്പിറ്റാലിറ്റി മേഖലക്കും ആഗ്രഹമില്ല. ബാര്‍ ലൈസന്‍സ് ഇതുണ്ടെങ്കിലേ കിട്ടൂ എന്നതിനാല്‍ മാത്രമാണ് അതിന് പുറകെ പോകുന്നത്. 45% ആല്‍ക്കഹോള്‍ മാത്രം അടങ്ങിയ ബിയറും വൈനും ടൂറിസം ഡെസ്റ്റിനേഷനുകളിലെ റെസ്റ്ററന്റുകളില്‍ വിളമ്പാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണം. ടൂറിസം മേഖലയെ ആകെ പരിവര്‍ത്തനം ചെയ്യുന്ന, നിക്ഷേപങ്ങള്‍ വലിയതോതില്‍ കൊണ്ടുവരാനുതകുന്ന തീരുമാനമായിരിക്കും ഇത്.
മര്യാദയോടെയുള്ള മദ്യപാനമെന്ന കള്‍ച്ചര്‍ നാം രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. മദ്യം കൊണ്ടുവരുന്ന വമ്പന്‍ വരുമാനത്തില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണ്. അമിതമായി മദ്യപിച്ച് റോഡിലൂടെ ബോധമില്ലാതെ നടക്കുന്നവര്‍ ഈ നയത്തിന്റെ സൃഷ്ടിയാണ്. നമുക്ക് ബുദ്ധിവൈഭവത്തിന്റെ കുറവൊന്നുമില്ല, കോമണ്‍സെന്‍സിന്റെ കുറവാണുള്ളതെന്ന് എനിക്ക് തോന്നുന്നു. ടൂറിസം ഇന്‍ഡസ്ട്രിയിലും വേണ്ടത് ഈ കോമണ്‍സെന്‍സാണ്.
യഥാര്‍ത്ഥത്തില്‍ ടൂറിസം മേഖലയെ സംബന്ധിച്ചിടത്തോളം ഒരു റീഇന്വെന്ഷന് പറ്റിയ സമയമല്ലേ കോവിഡ്?
വളരെ ശരിയാണ്. റീഇന്വെന്ഷന് ഏറ്റവും പറ്റിയ സമയം ഇതുതന്നെയാണ്. പഴഞ്ചന്‍ നിയമങ്ങള്‍ മാറ്റി അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പറ്റിയ കാലം. അവിചാരിതമായി വീണുകിട്ടിയ ഒരു ഇടവേളയാണിത്. ടൂറിസം മേഖല ഇനി തുറക്കുമ്പോള്‍ ഒരു പുതുമയുള്ള, ഊര്‍ജസ്വലമായ മുഖവുമായി വരട്ടെ. ടൂറിസം ഇന്‍ഡസ്ട്രിയില്‍ കൂടുതല്‍ ജോലി സൃഷ്ടിക്കുകയല്ല വേണ്ടത്, നഷ്ടപ്പെട്ട തൊഴിലുകള്‍ തിരികെ പിടിക്കുകയാണ്. നമ്മുടെ സമൂഹത്തിന്റെ സ്വഭാവരീതികള്‍ക്കും സംസ്കാരത്തിനും ചേര്‍ന്നു പോകുന്ന ടൂറിസമാണ് നാം ഇവിടെ നടപ്പാക്കേണ്ടത്.
ടൂറിസം വീണ്ടും തുറന്നുവരുമ്പോള്‍ എങ്ങനെയാണ് പ്രതികരണം?
കോവിഡിന് ശേഷം ലോക്കല്‍ ടൂറിസത്തിന്റെ കാലമാണ്. നമ്മുടെ നാട്ടുകാര്‍ നമ്മുടെ ഡെസ്റ്റിനേഷനുകള്‍ തന്നെ തേടിയിറങ്ങിയിരിക്കുന്നു. ഇത്തരം ഡെസ്റ്റിനേഷുകളും നിലവാരമുള്ള റിസോര്‍ട്ടുകളുമൊക്കെ ഇവിടെയുണ്ടായിരുന്നോ എന്നാണ് അവര്‍ വിസ്മയം കൂറുന്നത്. ഈ ട്രെന്‍ഡിനനുസരിച്ച് ഇന്ഡസ്ട്രിയിലെ റേറ്റും കുറഞ്ഞിട്ടുണ്ട്. ഈ യാത്രാ സംസ്കാരം തുടരട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
വര്‍ക്ക് ഫ്രം ഹോം സംസ്കാരം കൊണ്ടുവന്ന മാറ്റം കൂടിയാണിത്. ആളുകള്‍ പുറത്തുപോകാനും യാത്ര ചെയ്യാനും ആഗ്രഹിക്കുന്നു.ഇന്റര്‍നാഷണല്‍ ടൂറിസം മേഖലയില്‍ വാസ്തവത്തില്‍ കേരളത്തിനൊരു സല്‍പ്പേരുണ്ട്. നമ്മുടെ സര്‍ക്കാരുകളും ജനങ്ങളും സമൂഹവുമെല്ലാം സ്റ്റേബിളാണ്. കേരളത്തിന്റെ ഏറ്റവും വലിയ കയറ്റുമതി വിഭവം, ജനങ്ങളാണ്. ലോകത്തെല്ലായിടത്തും മലയാളികളുണ്ട്. അവരാണ് കേരളത്തിന്റെ യഥാര്‍ത്ഥ ബ്രാന്‍ഡ് അംബാസഡര്‍മാര്‍.
ടൂറിസം രംഗത്ത് ഭാവി വികസന പദ്ധതികള്‍ എന്തെല്ലാമാണ്?
കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഒരു ലോകോത്തര ബ്രാന്‍ഡായി സന്ഡാരിയെ വളര്‍ത്താനാണ് ആഗ്രഹം. കോസ്റ്ററിക്കയിലും മറ്റും കൂടുതല്‍ നിക്ഷേപം നടത്താന്‍ പദ്ധതിയുണ്ട്. പുതിയതായി എന്തെങ്കിലും മാറ്റം കൊണ്ടുവരാനില്ലെങ്കില്, എസ്റ്റാബ്ലിഷായ ഡെസ്റ്റിനേഷനിലേക്ക് ബിസിനസുമായി പോകില്ല. കേരളത്തിലും ഇനി കൂടുതല്‍ ചെയ്യേണ്ടെന്നാണ് തീരുമാനം. കോസ്റ്റാറിക്കയില്‍ ഞങ്ങള്‍ ഒരു റിസോര്‍ട്ട് വാങ്ങുകയായിരുന്നു. ഒരു മഴക്കാട് സ്വന്തമായുള്ള റിസോര്‍ട്ടാണത്.
40 ഏക്കര്‍ ഭൂമിയില്‍ 3 ഏക്കര്‍ മാത്രമാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന ഭൂമി. അഞ്ചു വെള്ളച്ചാട്ടങ്ങളുള്ള ഒരു നദി അതിലൂടെ ഒഴുകുന്നുണ്ട്. കാടിനെയും നദിയെയുമെല്ലാം ഞങ്ങളാണ് പരിപാലിക്കുന്നത്. തദ്ദേശീയരുടെ പിന്തുണ നന്നായി ലഭിക്കുന്നുണ്ട്. ഓരോ കോട്ടെജുകള്ക്കും 2,500 സ്ക്വയര്‍ ഫീറ്റോളം വലിപ്പമുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ആകര്‍ഷണം മഴക്കാട് തന്നെ. സാന്ഡാരിയുടെ ആശയത്തിനോട് ചേര്‍ന്നു നില്ക്കുന്ന പ്രോപ്പര്‍ട്ടി ആയതിനാലാണ് ഈ റിസോര്‍ട്ട് തന്നെ വാങ്ങിയത്.
ആഫ്രിക്കയും ലാറ്റിന്‍ അമേരിക്കയുമാണ് എനിക്ക് ഇപ്പോള്‍ താല്‍പ്പര്യമുള്ള ഇടങ്ങള്‍. ഏഷ്യയില്‍ ടൂറിസം വികസിച്ചു കഴിഞ്ഞു. യുകെയിലേക്കും യൂറോപ്പിലേക്കുമില്ല. പക്ഷേ ആഫ്രിക്കയും ലാറ്റിന്‍ അമേരിക്കയും വമ്പന്‍ സാധ്യതകളുള്ള സ്ഥലങ്ങളാണ്. കമ്യൂണിറ്റിയും കൊളാബറേഷനും എല്ലാം ചെയ്യാനാവുന്ന പുതിയ കഥകളുള്ള ഇടങ്ങളാണവ. ആഫ്രിക്കയിലുടനീളം ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കയിലും ചിലയിടങ്ങളില്‍ പോയിട്ടുണ്ട്. സംസ്കാരവും ഭക്ഷണവും സംഗീതവും എല്ലാം നമ്മെ വിസ്മയിപ്പിക്കും. കണ്ടെത്തിയിട്ടില്ലാത്ത ഡെസ്റ്റിനേഷനുകളിലേക്കാണ് ഇനി ശ്രദ്ധ.
ഇനി ധനകാര്യസേവനത്തിലേക്ക് വരാം. അതിന്റെയും സുപ്രധാന ചുമതലയിലുണ്ടല്ലോ. രാജ്യത്തിന്റെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പ്രക്രിയയില്‍ മുത്തൂറ്റ് പോലുള്ളൊരു സ്ഥാപനം വഹിച്ച പങ്കിനെക്കുറിച്ച് പറയാമോ?
ഓരോ പൗരനേയും സാമ്പത്തിക സംവിധാനത്തില്‍ ഉള്‍ച്ചേര്‍ക്കുകയെന്ന ലക്ഷ്യമാണ് ആര്‍ബിഐക്കും സര്‍ക്കാരിനും ഉള്ളത്. പബ്ലിക് സെക്റ്റര്‍ ബാങ്കുകള്‍ ഇത്രയധികം രാജ്യത്ത് തുടങ്ങിയതിന്റെ ഉദ്ദേശ്യവും അതുതന്നെയായിരുന്നു. പക്ഷേ ഗ്രാമീണ മേഖലയില്‍ ബാങ്കിംഗ് ആരംഭിച്ച് പ്രവര്‍ത്തിച്ചവര്‍ ആരാണ്? ഏറ്റവുമധികം ഗ്രാമീണ ശാഖകളുള്ളത് എസ്ബിഐക്കാണ്. രണ്ടാം സ്ഥാനത്തുണ്ട് മുത്തൂറ്റ്. സ്വര്‍ണം ഈടായി സ്വീകരിച്ചാണ് ഞങ്ങള്‍ വായ്പ നല്‍കിയത്. സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ യഥാര്‍ത്ഥ വക്താക്കളായി മാറാന്‍ ഞങ്ങള്‍ക്ക് അവസരമുണ്ടായത് അങ്ങനെയാണ്.
സ്വര്‍ണം സ്ത്രീകളുടെ സ്വന്തമാണ്. വനിതാ ശാക്തീകരണം കൂടിയാണ് മുത്തൂറ്റ് നടപ്പാക്കുന്നത്. സ്വര്‍ണം ഈടുവെച്ച് വായ്പകളെടുത്ത് ബിസിനസ് ആരംഭിക്കാന്‍ നിരവധി സ്ത്രീകള്‍ക്ക് സാധിച്ചിട്ടുണ്ട്. സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിരവധി സ്ത്രീകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സികള്‍ക്ക് ഇപ്രകാരം വലിയ പങ്ക് വഹിക്കാനായിട്ടുണ്ട്. വലിയൊരു വിഭാഗം ജനങ്ങള്‍ വിദേശത്തേക്ക് പോയത് സ്വര്‍ണം ഞങ്ങളെ ഏല്‍പ്പിച്ചു കിട്ടിയ പണം ഉപയോഗിച്ചാണ്.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെയും മക്കെന്‍സിയുടെയും സര്‍വേകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. ഇന്ത്യയിലുള്ള സ്വര്‍ണം 1.5 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണെന്ന് സര്‍വേ കണക്കാക്കിയിരിക്കുന്നു. അതിന്റെ 8590% വ്യക്തിഗത ഉടമസ്ഥതയിലാണുള്ളത്. എല്ലാ എന്ബിഎഫ്സികുടെയും ബാങ്കുകളുടെയും പക്കല്‍ ഈടുവെച്ചിരിക്കുന്ന സ്വര്‍ണം വെറും 2% മാത്രമാണ്. 98% സ്വര്‍ണവും പുറത്താണുള്ളതെന്ന് സാരം. ഗോള്‍ഡ് ലോണ്‍ മേഖലയുടെ വലിയ സാധ്യതകളാണ് ഇത് സൂചിപ്പിക്കുന്നത്. ഈ സ്വര്‍ണം എത്രത്തോളം പണം തങ്ങളുടെ കൈവശമെത്തിക്കുമെന്ന് ജനങ്ങള്‍ക്ക് അവബോധം നല്‍കേണ്ടതുണ്ട്.
കോവിഡ്കാലത്ത് സ്വര്‍ണപ്പണയ വായ്പാ രംഗം എങ്ങനെയായിരുന്നു?
കോവിഡ് കാലത്ത് കൂടുതല്‍ മെച്ചപ്പെട്ട നിരക്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്കാന് ഞങ്ങള്‍ക്ക് കഴിഞ്ഞു. പ്രവര്‍ത്തന ചെലവ് കുറഞ്ഞത് ഇതിന് സഹായകരമായി. സ്വര്‍ണം സ്ഥിരതയുള്ള ഒരു ആസ്തിയും ഈടുമാണ്. ലോണ്‍ അറ്റ് ഹോം പദ്ധതി ഇക്കാലത്ത് ഞങ്ങള്‍ അവതരിപ്പിച്ചിരുന്നു. ബ്രാഞ്ചിലേക്ക് വരാന്‍ താല്‍പ്പര്യമില്ലാത്തവരുടെ വീടുകളിലെത്തി സ്വര്‍ണം സ്വീകരിച്ച് പകരം പണം നല്കുന്ന പരിപാടിയാണിത്.
സ്വര്‍ണം പണയം വെക്കാന്‍ പോകുന്നത് അഭിമാനക്ഷതമായി കാണുന്ന പലരുമുണ്ട്. ആ നെഗറ്റീവ് മനോഭാവത്തിന് മാറ്റം വരുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.സ്വര്‍ണം കൈവശമുള്ള, എന്നാല്‍ ഈടുവെച്ച് വായ്പയെടുക്കാന്‍ മടിക്കുന്ന വലിയൊരു സമൂഹത്തിന് ആകര്‍ഷണീയമായ ചില പദ്ധതികള്‍ ഞങ്ങള്‍ തയാറാക്കി വരികയാണ്. ഒരു ഗെയിം ചെയ്ഞ്ചറായിരിക്കും ഈ പരിപാടി.
ഗോള്‍ഡ് ലോണിന്റെ സാധ്യതകള്‍ ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഒരു അണ്ടര്‍ യൂട്ടിലൈസ്ഡ് അസറ്റാണത്. എത്ര എളുപ്പമാണ് ഗോള്‍ഡ് ലോണ്‍ എടുക്കാനെന്നും പലിശ നിരക്ക് എത്ര മെച്ചമാണെന്നും പലര്‍ക്കും അറിയില്ല. പലരും ക്രെഡിറ്റ് കാര്‍ഡുകളാണ് ഉപയോഗിക്കുന്നത്. മൂത്തൂറ്റിന്റെയും ക്രെഡിറ്റ് കാര്‍ഡിന്റെയും നിരക്കുകള്‍ താരതമ്യം ചെയ്തുനോക്കൂ. ആളുകള്‍ക്ക് സ്വര്‍ണ പണയ വായ്പ തിരിച്ചടക്കാന്‍ ഞങ്ങള്‍ ആവശ്യത്തിന് സാവകാശം നല്‍കുന്നുമുണ്ട്.
വിശ്വാസ്യതയുടെ ബലത്തിലാണ് ഇത്ര വളര്‍ന്നത്. കോവിഡ് കാലത്ത് സ്വര്‍ണ പണയ വായ്പകള്‍ക്ക് മോറട്ടോറിയം നല്കാന് ഞങ്ങള്‍ക്ക് എങ്ങനെ സാധിച്ചെന്ന് പലരും അല്‍ഭുതപ്പെട്ടു. ഞങ്ങളങ്ങനെയാണ് സല്പ്പേരുണ്ടാക്കുന്നതെന്ന് ഞാന്‍ അവരോട് പറഞ്ഞു. സ്വര്‍ണം ലേലം ചെയ്യാതെ ഞങ്ങള്‍ പിടിച്ചുവെക്കും. സമയം നല്കിയാല് വായ്പാ സ്വീകര്‍ത്താവ് അത് തിരിച്ചടക്കുമെന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ടാണ് റിസ്കെടുത്തും അങ്ങനെ ചെയ്യുന്നത്.
പല അപവാദ പ്രചാരണങ്ങളും ഞങ്ങള്‍ക്കെതിരെ നടന്നിട്ടുണ്ട്. പലരും പല കഥകളും മെനഞ്ഞിട്ടുണ്ട്. എന്നിട്ടും ഇന്നു കാണുന്ന തലത്തിലേക്ക് ഞങ്ങള്‍ വളര്‍ന്നിട്ടുണ്ടെങ്കില്‍ കസ്റ്റമേഴ്സുമായി ഞങ്ങളുണ്ടാക്കിയ നല്ല ബന്ധത്തിന്റെ ഫലമാണത്. അമിതമായോ അനാവശ്യമായോ ഒരു രൂപ പോലും ഞങ്ങള്‍ ഈടാക്കില്ല. ഹിഡണ്‍ ചാര്‍ജുകളൊന്നുമില്ല. 3 മാസത്തേക്ക് നിങ്ങള്‍ വായ്പയെടുത്തെന്നിരിക്കട്ടെ. ഒരാഴ്ചക്ക് ശേഷം വായ്പ വേണ്ടെന്നുവെച്ച് തിരിച്ചടച്ചെന്നും. നിങ്ങള്‍ ആ ഒരാഴ്ചയുടെ മാത്രം പലിശ നല്കിയാല് മതിയെന്നാണ് ഞങ്ങളുടെ നയം.
കാലാവധിക്ക് മുന്‍പ് തിരിച്ചടക്കുന്നതിന്റെ പെനാല്റ്റിയൊന്നും മുത്തൂറ്റിനില്ല. ബാങ്കുകള്‍ പോലും ഇത് ഈടാക്കുന്നുണ്ടെന്ന് ഓര്‍ക്കണം. 0% ഫിനാന്‍സ് എന്ന് ഞങ്ങള്‍ ഒരിക്കലും എഴുതാറില്ല. കൃത്യമായ കണക്ക് വെളിപ്പെടുത്തിത്തന്നെയാണ് മുന്നോട്ടു പോകുന്നത്. പലിശ നിരക്ക് മറ്റാരെയെങ്കിലും അപേക്ഷിച്ച് കൂടുതലാണെങ്കില്‍, അതെ കൂടുതലാണ് എന്ന് അംഗീകരിക്കും. അത് സാധ്യമാവുന്നിടത്തോളം കുറയ്ക്കും. എന്നാലും 0% പോലെയുള്ള വാഗ്ദാനങ്ങള്‍ക്ക് നില്‍ക്കില്ല.
ഈ രംഗത്ത് വലിയ പദ്ധതികള്‍ മനസിലുണ്ടോ?
എല്ലാത്തരം സാമ്പത്തിക ഉല്‍പ്പന്നങ്ങളും പുറത്തിറക്കുക, എല്ലാ ധനകാര്യ മേഖലകളിലേക്കും എത്തുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. 2% സ്വര്‍ണമാണ് എല്ലാ സ്ഥാപനങ്ങളും കൂടി ഈടായി വാങ്ങിയിരിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. അതിന്റെ പാതിയേ നമ്മുടെ കൈവശമുള്ളൂ. ഗോള്‍ഡ് ലോണിനെ ഇന്നു കാണുന്ന രീതിയില്‍ ആകര്‍ഷണീയമാക്കിയത് ഞങ്ങളാണ്. ഏറ്റവും കുറഞ്ഞ പേപ്പര്‍ വര്‍ക്കില്‍, വെറും അഞ്ചു മിനിറ്റിനുള്ളില്‍ പണം നിങ്ങളുടെ കൈയില്‍ കിട്ടും. യാതൊരു ചോദ്യം ചെയ്യലുകളുമില്ല. ബാങ്കുകളും ഇപ്പോള്‍ ഈ ബിസിനസിലേക്ക് വന്നിട്ടുണ്ടെങ്കിലും ഞങ്ങളുടേത് പോലെ വേഗത്തില്‍ അവര്‍ക്ക് ഇക്കാര്യങ്ങള്‍ ചെയ്യാനാവില്ല. ഗോള്‍ഡ് ലോണില്‍ തന്നെ ഫോക്കസ് ചെയ്തതുകൊണ്ടാണ് ഞങ്ങള്‍ നമ്പര്‍ വണ്‍ ആയത്.
സ്വര്‍ണ വായ്പകളുടെ ഒരാവശ്യവും ഇല്ലാത്ത, എന്നാല്‍ വീട്ടില്‍ സ്വര്‍ണം ഉള്ളവര്‍ക്കായി ഒരു പദ്ധതി. അവരെയും ഈ ബിസിനസിലേക്ക് കൊണ്ടുവരാനുള്ള ഒരു പരിപാടി. അതാണ് ഇനി വരാനുള്ളത്. വെറുതെ ഇരിക്കുന്ന സ്വര്‍ണവും അങ്ങനെ പ്രൊഡക്റ്റീവാകും. കൈയില്‍ പണം ഉണ്ടെങ്കില്‍ ബാങ്കിലിട്ടാല്‍ പലിശ കിട്ടും. കൈയിലുള്ള സ്വര്‍ണം ലോക്കറില്‍ വെച്ചാലോ? അങ്ങോട്ട് പണം കൊടുക്കണം. സ്വര്‍ണം വിശ്വാസ്യതയുള്ള നിക്ഷേപമാണ്. നിങ്ങളുടെ നിക്ഷേപത്തിന്റെ 1015% സ്വര്‍ണത്തിലായിരിക്കണമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ഉപദേശിക്കുക. പേപ്പറിലുള്ള സ്വര്‍ണമല്ല, കൈയിലെടുത്ത് പിടിക്കാവുന്ന ഫിസിക്കല്‍ ഗോള്‍ഡാണ് ഉദ്ദേശിക്കുന്നത്.
സിഎസ്ആര്‍ വിഭാഗത്തിന്റെ ചുമതല താങ്കള്‍ക്കാണല്ലോ. ഇപ്പോഴത്തെ ഫോക്കസ് എന്തിലാണ്?
വളരെ താല്‍പ്പര്യമുള്ള മേഖലയാണ്. സഹായം ലഭിക്കുന്നവരുടെ അനുഗ്രഹങ്ങളും നല്ല ചിന്തകളുമാണ് നമ്മുടെ നേട്ടം. സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നുമുണ്ട്. വീടുകള്‍, ചികില്‍സാ സഹായങ്ങള്‍ എല്ലാം നല്‍കുന്നുണ്ട്. കേരളത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ള സമൂഹത്തെ നേരില്‍ കണ്ട് അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ള അവസരം പലതവണ എനിക്ക് കിട്ടി. നിലവില്‍ എല്ലാ സിഎസ്ആര്‍ പരിപാടികളും കോവിഡ് അടിസ്ഥാനമാക്കിയാണ് ചെയ്യുന്നത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 201 വീടുകള്‍ നിര്‍മിച്ചു നല്കി. കൂടുതല്‍ വീടുകള്‍ നല്‍കാനാണ് തീരുമാനം.
ഏറെ പാരമ്പര്യമുള്ള കുടുംബമാണല്ലോ. പുതിയ തലമുറയിലെത്തി നില്‍ക്കുമ്പോഴുള്ള മാറ്റങ്ങള്‍ എന്തൊക്കെയാണ്?
800 വര്‍ഷം പഴക്കമുള്ള ഫാമിലിയാണ് ഞങ്ങളുടേത്. അതില്‍ 19ാമത്തെ തലമുറയാണ് ഞങ്ങളുടേത്. 1887 ലാണ് ബിസിനസ് ആരംഭിച്ചത്. അതില്‍ നാലാമത്തെ തലമുറയാണ് ഇപ്പോഴുള്ളത്. വളരെ അടുത്ത ബന്ധമാണ് സ്ഥാപനത്തിന്റെ അടുത്ത ഘട്ട ചുമതലയിലേക്ക് വന്നിരിക്കുന്ന യുവ തലമുറയ്ക്കിടയിലുള്ളത്. കുട്ടിക്കാലം മുതല്ക്കേ രൂപപ്പെട്ടുവന്ന ബന്ധമാണത്. ഡെല്‍ഹിയില്‍ നിന്ന് അവധിക്ക് വരുമ്പോള്‍ ഒരു കൂട്ടുകുടുംബത്തെപ്പോലെ ഞങ്ങള്‍ ഒരുമിച്ചു കൂടിയിരുന്നു.
കസിന്‍സെല്ലാം പരസ്പരം സജീവമായി ആശയവിനിമയം നടത്തുന്നു. തീര്‍ച്ചയായും ഒരു ബോണ്ടിംഗ് ഉണ്ട്. മൂത്തൂറ്റിന്റെ കാഴ്ചപ്പാടും ലക്ഷ്യവും ഞങ്ങളെല്ലാം മനസിലാക്കുന്നുണ്ട്. കുടുംബം സൃഷ്ടിച്ച മൂല്യങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാവരുതെന്ന് ഞങ്ങള്‍ക്കെല്ലാം നിര്‍ബന്ധമുണ്ട്. അടിച്ചു പൊളിച്ച് ജീവിക്കാന്‍ ഞങ്ങളെ കുട്ടിക്കാലം മുതലേ പഠിപ്പിച്ചിട്ടില്ല. മറ്റ് ബിസിനസുകാരെപ്പോലെ ആഡംബരം നിറഞ്ഞ ജീവിതമല്ല ഞങ്ങളുടേത്.
സാധാരണ ജീവിതമാണ് എല്ലാവരുടെയും. പകര്‍ന്നു തന്നിരിക്കുന്ന മൂല്യങ്ങളില്‍ ഏറെ അഭിമാനമാണ് ഞങ്ങള്‍ക്കുള്ളത്. ധനം അല്ല ആ ജീവിതത്തിന്റെ ആധാരം. പരസ്പര ബഹുമാനം, വിശ്വാസ്യത, നൈതികത, സത്യസന്ധത തുടങ്ങിയ മൂല്യങ്ങളാണ് അത്. ഈ ചിന്താപദ്ധതി എല്ലാ തലമുറകളിലേക്കും കൈമാറ്റം ചെയ്യപ്പെട്ട് തുടരണമെന്നാണ് ഞങ്ങളുടെ താല്‍പ്പര്യം. കുടുംബത്തിന് ഒരു ഭരണഘടനയുമുണ്ട്. വേണ്ടതും വേണ്ടാത്തതുമെല്ലാം അതിലെഴുതിയിട്ടുണ്ട്. ആരുടെ മേലും അത് അടിച്ചേല്‍പ്പിക്കാറുമില്ല.
വിദേശ വിദ്യാഭ്യാസം നേടിയവരാണ് ഈ നാലാംതലമുറയിലെ ചെറുപ്പക്കാരെല്ലാമെന്നതാണ് ഒരു പ്രത്യേകത. കൂടുതലും യുഎസിലും യൂറോപ്പിലും. ആ ലോകപരിചയം ഗുണമായിട്ടുണ്ട്. എന്‍ജിനീയര്‍മാരും ഡോക്റ്റര്‍മാരും ചാര്‍ട്ടേഡ് എക്കൗണ്ടന്റുമാരുമായിരുന്നു എന്റെ പിതാവിന്റെ തലമുറ. ഞങ്ങളുടെ തലമുറയില്‍ എല്ലാവരും എംബിഎക്കാരാണ്. അതിനാല്‍ പരസ്പരം സാമ്യമുള്ളതാണ് ഞങ്ങളുടെ ചിന്തകള്‍. സ്ട്രാറ്റജിയും മറ്റും സംസാരിക്കുമ്പോള്‍ എല്ലാവര്ക്കും മനസ്സിലാകും. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ വെച്ചുള്ള ചിന്തകളാണ് ഞങ്ങളുടേത്. ഓരോരുത്തരും സ്വയം വെല്ലുവിളികള്‍ ഏറ്റെടുത്താണ് മുന്നോട്ടു പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: