ആലപ്പുഴ: മണ്ണഞ്ചേരിയിലും ആലപ്പുഴ നഗരഹൃദയത്തിലും കൊലപാതകങ്ങള്‍ നടന്നപ്പോള്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തിന് മറുപടിയുമായി പോലീസ്. രണ്ടാമതായി കൊല്ലപ്പെട്ട ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസിന്റെ കൊലപാതകം പോലീസ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. രണ്‍ജീതിനെ അത്തരത്തില്‍ അക്രമികള്‍ ലക്ഷ്യമിട്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള സൂചന ലഭിച്ചിരുന്നെങ്കില്‍ അതു തടയാമായിരുന്നു.
മണ്ണഞ്ചേരിയില്‍നിന്ന് അകലെയായതിനാല്‍ ആലപ്പുഴനഗരത്തില്‍ കാര്യമായ പോലീസ് പരിശോധനയില്ലായിരുന്നു. നഗരത്തില്‍ പോലീസ് ശ്രദ്ധ എത്താന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാകണം അക്രമികള്‍ നഗരത്തില്‍ താമസിക്കുന്ന നേതാവിനെ ലക്ഷ്യമിട്ടതെന്നാണു കരുതുന്നത്. മാത്രമല്ല, സ്ഥലപരിചയമില്ലാത്തവര്‍ക്ക് ഈ വീട് കണ്ടെത്തുക പ്രയാസമാണ്. ഒട്ടേറെ വീടുകളുള്ള സ്ഥലമാണിത്. അക്രമിസംഘത്തിനു വീടുകണ്ടെത്താന്‍ കൃത്യമായ സഹായം പ്രാദേശികമായി ലഭിച്ചെന്നാണു വിലയിരുത്തല്‍. അതിരാവിലെയായതിനാല്‍ റോഡിലും പരിസരങ്ങളിലും ആളും കുറവായിരുന്നു.
മണ്ണഞ്ചേരിയില്‍ കൊലപാതകം നടന്നപ്പോള്‍ തിരിച്ചടി നഗരത്തിലേക്കു നീങ്ങുമെന്ന് രഹസ്യാന്വേഷണവിഭാഗം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് വിവരം. ജില്ലാ പോലീസ് ആസ്ഥാനവും ഒട്ടേറെ പോലീസ് സ്റ്റേഷനുകളും സ്ഥിതിചെയ്യുന്ന ആലപ്പുഴ നഗരത്തില്‍ തന്നെയാണ് തിങ്കളാഴ്ച രാവിലെ അക്രമിസംഘം കൊല നടത്തിയത്. ബൈക്കുകളില്‍ കൂട്ടമായെത്തുകയായിരുന്നു ഇവര്‍. രാത്രിയിലെ സംഭവത്തിനുശേഷം കര്‍ശന വാഹന പരിശോധന നടത്തിയിരുന്നെങ്കില്‍ ഒരു കൊലപാതകം ഒഴിവാക്കാമായിരുന്നുവെന്നാണ് അഭിപ്രായമുയരുന്നത്. ഷാന്റെ മരണം സ്ഥിരീകരിച്ചത് രാത്രി വൈകിയാണ്. ഇതിനു ശേഷമാണ് എസ്ഡിപിഐ ഭീകരര്‍ ഗൂഢാലോചന നടത്തിയ രണ്‍ജീതിനെ വകവരുത്തിയതെന്നാണ് പോലീസ് ഭാഷ്യം.
രണ്ട് കൊലപാതകങ്ങള്‍ തമ്മില്‍ 12 മണിക്കൂര്‍ ഇടവേള മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആദ്യ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മണിക്കൂറുകള്‍ക്കുള്ളില്‍ മനസ്സിലാക്കാന്‍ പോലീസിനായി. റെയ്ഡ് ചെയ്ത കുറച്ചാളുകളെ കസ്റ്റഡിയിലെടുക്കാനും സാധിച്ചു. ഇത്തരമൊരു സംഭവം നടക്കുമ്പോള്‍ ക്രമസമാധാനമാണ് പ്രധാന വിഷയം. അതിനായി എല്ലാവരും തിരക്കിലായിരുന്നു. രണ്‍ജീത് കൊല്ലപ്പെടാന്‍ പോകുന്നത് സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ആരും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് ആ കൊലപാതകം തടയാന്‍ സാധിച്ചില്ല. ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിച്ചിരുന്നെങ്കില്‍ അത് തടയാമായിരുന്നെന്നാണ് വിജയ് സാഖറെ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: