അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ പിങ്ക് ടെസ്റ്റില്‍ ഇംഗ്ലണ്ട് പരാജയവഴിയില്‍. 468 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക്് ബാറ്റുപിടിക്കുന്ന ഇംഗ്ലണ്ട്് പകലും രാത്രിയുമായി നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 82 റണ്‍സെന്ന ദുരവസ്ഥയിലാണ്. അവസാന ദിവസത്തെ കളിശേഷിക്കെ അവര്‍ക്ക് ജയിക്കാന്‍ ഇനി 386 റണ്‍സ്് വേണം. അതേസമയം, ആറു വിക്കറ്റുകള്‍ പിഴുതെടുത്താല്‍ ഓസ്ട്രേലിയയ്ക്ക് വിജയം സ്വന്തമാക്കാം.
ക്യാപ്റ്റന്‍ ജോ റൂട്ട് അടക്കം നാലു മുന്‍നിര ബാറ്റസ്മാന്മാര് പുറത്തായി കഴിഞ്ഞു. ഒരു റണ്‍സുമായി ഓള് റൗണ്ടര്‍ ബെന്‍സ്റ്റോക്സ് ക്രീസിലുണ്ട്.
ഒന്നാം ഇന്നിങ്സില്‍ 237 റണ്‍സ് ലീഡ് നേടിയ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് ഒമ്പത് വിക്കറ്റിന് 230 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തതോടെയാണ് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 468 റണ്‍സായത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ തുടക്കം മോശമായി. നാലു റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍ ഹസീബ് ഹമീദ് പുറത്തായി. റിച്ചാര്‍ഡ്സണിന്റെ പന്തില്‍ ക്യാരി ഹമീദിനെ ക്യാച്ച് ചെയ്തു. ഹമീദ് സംപൂജ്യനായി കളം വിട്ടു. വണ്‍ ഡൗണായി ക്രീസിലെത്തിയ ഡേവിഡ് മലാനും പിടിച്ചുനില്‍ക്കാനായില്ല. നെസറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 52 പന്തില്‍ നാലു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ മലാന് 20 റണ്‍സ് കുറിച്ചു. മലാന് പിറകെ ഓപ്പണര്‍ റോറി ബേണ്‍സും ബാറ്റ് താഴ്ത്തി. റിച്ചാര്‍ഡ്സണിന്റെ പന്തില്‍ സ്മിത്ത് ബേണ്‍സിനെ പിടികൂടി. ബേണ്‍സ് 95 പന്തില്‍ 34 റണ്‍സ് എടുത്തു. അഞ്ചു ബൗണ്ടറിയുള്‍പ്പെട്ട ഇന്നിങ്സ്.
നാലാം ദിവസത്തെ കളി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടും പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ക്യാരിക്ക് ക്യാച്ച് നല്‍കിയാണ് റൂട്ട് പുറത്തായത്. 67 പന്ത് നേരിട്ട റൂട്ട് 24 റണ്‍സ് എടുത്തു.
നേരത്തെ ഒന്നിന് 45 റണ്‍സെന്ന സ്കോറിന് ഇന്നിങ്സ് പുനരാരംഭിച്ച ഓസ്ട്രേലിയ ഒമ്പത് വിക്കറ്റിന് 230 റണ്‍സ്് നേടി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ഓപ്പണര്‍ മാര്‍നസ് ലാബുഷെയ്നും ട്രാവിഡ് ഹെഡും അര്‍ധ സെഞ്ച്വറി നേടി. ലാബുഷെയ്ന് 96 പന്തില്‍ ആറു ബൗണ്ടറികളോടെ 51 റണ്‍സ് എടുത്തു. അടിച്ചുതകര്‍ത്ത ഹെഡ് 54 പന്തില്‍ 51 റണ്‍സ് നേടി . ഏഴു പന്ത് അതിര്‍ത്തികടത്തിവിട്ടു.
കാമറൂണ്‍ ഗ്രീന്‍ 33 റണ്‍സുമായി കീഴടങ്ങാതെ നിന്നു. 43 പന്തിലാണ് 33 റണ്‍സ് നേടിയത്.
ഇംഗ്ലണ്ടിനായി ഒലി റോബിന്‍സണ്‍, ജോ റൂട്ട്, ഡേവിഡ് മലാന് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴത്തി.
സ്കോര്‍: ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് ഒമ്പത് വിക്കറ്റിന് 473 ഡിക്ലയേര്‍ഡ്, രണ്ടാം ഇന്നിങ്സ് ഒമ്പത് വിക്കറ്റിന് 230 ഡിക്ലയേര്‍ഡ്, ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 236, രണ്ടാം ഇന്നിങ്സ് നാലിന് 82.
പ്രതികരിക്കാൻ ഇവിടെ എഴുതുക: