ന്യൂദല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡലില്‍ തൃപ്തനല്ലെന്നും എന്നാല്‍ ഇത് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുമെന്നും ലക്ഷ്യാ സെന്‍ പറഞ്ഞു.
ആവേശകരമായ സെമിഫൈനലില്‍ ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തിനോട് തോറ്റതിനെ തുടര്‍ന്നാണ് ലക്ഷ്യാ സെന്നിന് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം ലഭിച്ചത്. ഇരുപതുകാരനായ ലക്ഷ്യാ സെന്‍ 17-21, 21-14, 21-17 എന്ന സ്കോറിനാണ് കീഴടങ്ങിയത്. ഇതിഹസമായ പ്രകാശ് പദുകോണിനും (1983, വെങ്കലം) ബി സായ്പ്രണീതിനും (2019, വെങ്കലം) ശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടുന്ന ഇന്ത്യന്‍ താരമാണ് ലക്ഷ്യാ സെന്‍.
സെമിഫൈനലില്‍ വിജയത്തിന് അടുത്തെത്തിശേഷം തോല്‍വിയിലേക്ക് വഴുതിപ്പോകുകയായിരുന്നു. ഒടുവില്‍ വെങ്കലവും കിട്ടി. എന്നാല്‍ ഞാന്‍ ഈ മെഡല്‍ നേട്ടത്തില്‍ സന്തോഷവാനല്ല. സെമിഫൈനലിലെ പ്രകടനത്തില്‍ തൃപ്തനുമല്ലെന്ന്് ലക്ഷ്യാ സെന്‍ പറഞ്ഞു. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ലക്ഷ്യാ സെന്‍ 15-13 ന് ലീഡ് നേടിയതാണ്. എന്നാല്‍ പിന്നീട് പിടിവിട്ടുപോയി. തോല്‍വിയിലേക്ക് വഴുതിവീഴുകയും ചെയ്തു.
അടുത്തവര്‍ഷത്തെ ഓള് ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിലും കോമണ്‍ വെല്‍ത്ത് ഗെയിംസിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ലക്ഷ്യാ സെന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: