ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് കീഴില്‍ ഇന്ത്യയൊട്ടാകെയുള്ള ഗവേഷണ സ്ഥാപനങ്ങളിലേക്ക് ടെക്നീഷ്യന്മാരെ റിക്രൂട്ട് ചെയ്യുന്നു. ആകെ 641 ഒഴിവുകളാണുള്ളത്. (ജനറല്‍-286, ഒബിസി-133, ഇഡബ്ല്യുഎസ്-61, എസ്സി-93, എസ്ടി-68). കേരളത്തിലും 84 ഒഴിവുകളുണ്ട്. (സിഎംഎഫ്ആര്‍ഐ കൊച്ചി-74, സിപിസിആര്‍ഐ കാസര്‍ഗോഡ്-7, സിഐഎഫ്ടി കൊച്ചി-1, സിടിസിആര്‍ഐ തിരുവനന്തപുരം-1). ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ന്യൂദല്‍ഹി ദേശീയതലത്തില്‍ ജനുവരി 25 നും ഫെബ്രുവരി 5 നും മധ്യേ നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഭിന്നശേഷിക്കാര്‍ക്ക് 6 ഒഴിവുകളില്‍ നിയമനം ലഭിക്കും. സ്ഥിരം നിയമനമാണ്.
എസ്എസ്എല്‍സി/മെട്രിക്കുലേഷന്‍/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷക്ക് ലഭിച്ച മാര്‍ക്ക്/ഗ്രേഡ് അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കണം. പ്രായപരിധി 18-30 വയസ്. 2022 ജനുവരി 10 വച്ചാണ് പ്രായപരിധി നിശ്ചയിക്കുക. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷവും ഒബിസികാര്‍ക്ക് മൂന്ന് വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും വിമുക്തഭടന്മാര്ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്. സര്‍ക്കാര്‍ സര്‍വ്വീസില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്കും മേലധികാരിയുടെ അനുമതിയോടുകൂടി അപേക്ഷിക്കാവുന്നതാണ്.
അപേക്ഷാ ഫീസ് 1000 രൂപ. വനിതകള്‍, എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 300 രൂപ മതി. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.iari.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. ജനുവരി 10 വരെ അപേക്ഷകള്‍ സ്വീകരിക്കും.
തെരഞ്ഞെടുപ്പിനായുള്ള ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റിന് മുന്‍ഗണനാക്രമത്തില്‍ അഞ്ച് പരീക്ഷാകേന്ദ്രങ്ങള്‍ വരെ തെരഞ്ഞെടുക്കാം. ഇത് ഓണ്‍ലൈന്‍ അപേക്ഷയില്‍ രേഖപ്പെടുത്തുകയും വേണം. കേരളത്തില്‍ എറണാകുളം, ഇടുക്കി, കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, ആലപ്പുഴ, കോട്ടയം, കൊല്ലം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവയും കര്‍ണാടകത്തില്‍ ബെംഗളൂരു, ധര്‍വാര്‍ഡ്, ഹസ്സന്, ഗുല്‍ബര്‍ഗ, മംഗളൂരു, മൈസൂര, തുംകൂര്‍, ഹൂബ്ലി, ഷിമോഗ, ബെല്‍ഗാം എന്നിവയും പരീക്ഷാകേന്ദ്രങ്ങളാണ്. തമിഴ്നാട്ടില്‍ ചെന്നൈ, കോയമ്പത്തൂര്‍, ഈറോഡ്, മധുര, സേലം, തിരുച്ചിറപ്പള്ളി, തിരുനെല്‍വേലി, വെല്ലൂര്‍ എന്നിവയാണ് കേന്ദ്രങ്ങള്‍.
ഓണ്‍ലൈന്‍ പരീക്ഷയില്‍ ജനറല്‍ നോളഡ്ജ്, മാത്തമാറ്റിക്സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലായി ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 100 ചോദ്യങ്ങളുണ്ടാവും. പരമാവധി 100 മാര്‍ക്കിനാണ് പരീക്ഷ. ഒന്നര മണിക്കൂര്‍ സമയം അനുവദിക്കും. വിശദമായ പരീക്ഷാ സിലബസ് വിജ്ഞാപനത്തിലുണ്ട്. ഇന്റര്‍വ്യു ഇല്ല. ടെസ്റ്റ് അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരുവര്‍ഷത്തെ പരിശീലനം നല്കി സ്ഥിരമായി 21700 രൂപ അടിസ്ഥാന ശമ്പളത്തില്‍ നിയമിക്കുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ നിരക്കിലുള്ള ബത്തകളും ആനുകൂല്യങ്ങളും ലഭിക്കും. നിയമനം നല്കുന്ന ഐസിഎആര്‍ ഗവേഷണ സ്ഥാപനങ്ങളും ഒഴിവുകളും, സംവരണാനുകൂല്യങ്ങളുമെല്ലാം വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: