ന്യൂദല്‍ഹി: ഗംഗ എക്സ്പ്രസ് വേ ഉത്തര്‍പ്രദേശിന്റെ പുരോഗതിക്ക് പുതിയ വാതിലുകള്‍ തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗംഗ എക്സ്പ്രസ് വേയ്ക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിയുടെ സകല ഐശ്വര്യങ്ങളുടെയും പുരോഗതിയുടെയും ഉറവിടം ഗംഗ മാതാവാണ്. അതുപോലെയാണ് ഗംഗ എക്സ്പ്രസ് വേയും. പുതിയ വിമാനത്താവളങ്ങള്‍, റെയില്‍വെ റൂട്ടുകള്‍, എക്സ്പ്രസ്വേകള്‍ എല്ലാം യുപിയുടെ അഭിവൃദ്ധിക്ക് സഹായകമാകുംമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, കേന്ദ്രമന്ത്രി ബി.എല്‍. വര്‍മ്മ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഷാജഹാന്‍പൂരില്‍ തറക്കല്ലിട്ട ഗംഗാ എക്സ്പ്രസ് വേയ്ക്ക് 594 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകും. യുപിയുടെ പടിഞ്ഞാറ്, കിഴക്ക് മേഖലകളെ ബന്ധിപ്പിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ അതിവേഗപാതയാകും. സേനാ വിമാനങ്ങള്‍ അടിയന്തരമായി പറന്നുയരാനും ലാന്‍ഡിങ്ങിനും സഹായിക്കുന്നതിന് 3.5 കിലോമീറ്റര്‍ നീളമുള്ള എയര്‍ സ്ട്രിപ്പും ഷാജഹാന്‍പൂരിലെ എക്സ്പ്രസ് വേയില്‍ നിര്‍മിക്കും. എക്സ്പ്രസ് വേയ്ക്കൊപ്പം വ്യാവസായിക ഇടനാഴിയും വരും. 36,200 കോടി രൂപ ചെലവില്‍ 594 കിലോമീറ്റര്‍ നീളമുള്ള ആറുവരി എക്സ്പ്രസ് വേയാണ് നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: