ബാലാസോര്‍: ആണവായുധം വഹിച്ച്, ആയിരം മുതല്‍ രണ്ടായിരം കിലോമീറ്റര്‍ വരെ സഞ്ചരിച്ച് ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള അഗ്നി മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലാസോറിനടുത്തു നിന്ന് ഇന്നലെ രാവിലെ 11നാണ് അഗ്നി പ്രൈം തൊടുത്തു വിട്ടത്.
വിക്ഷേപണം കൃത്യമായിരുന്നുവെന്നും നിര്‍ദിഷ്ട രീതിയില്‍ ലക്ഷ്യം ഭേദിച്ചതായും അധികൃതര്‍ അറിയിച്ചു. അഗ്നി പ്രൈമിന്റെ രണ്ടാം പരീക്ഷണമായിരുന്നു. ജൂണ്‍ 28നായിരുന്നു ആദ്യ പരീക്ഷണം. അധികം വൈകാതെ മിസൈല്‍ സൈന്യത്തില്‍ ഉള്‍പ്പെടുത്തും. അഗ്നി മൂന്ന് മിസൈലിന്റെ പകുതി ഭാരം മാത്രമുള്ള അഗ്നി പ്രൈം റോഡില്‍ നിന്നു പോലും വിക്ഷേപിക്കാം. രാജ്യത്തിന്റെ ഏതുഭാഗത്തും സുരക്ഷിതമായി എത്തിക്കാനും ദീര്‍ഘകാലം സൂക്ഷിക്കാനും കഴിയും.
ഈ മാസം ആദ്യം ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ വിമാനപ്പതിപ്പ് വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതേസമയം തന്നെ ഹ്രസ്വദൂര ഭൂതല-ഭൂതല മിസൈലും വിജയകരമായി പരീക്ഷിച്ചിരുന്നു. പരീക്ഷണം വിജയകരമായതിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ശാസ്ത്രജ്ഞരെ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: