ടി. വിജയന്
9496727842
ലക്ഷക്കണക്കിന് ജനഹൃദയങ്ങളിലേക്ക് ദേശീയോദ്ഗ്രഥനത്തിന്റെ സരസ്വതീധാര പ്രവഹിപ്പിച്ചുകൊണ്ടിരിക്കയാണ് കോഴിക്കോട്ടെ പേരാമ്പ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മാതാ’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മലയാളം തിയറിറ്റിക്കല്‍ ഹെറിറ്റേജ് ആന്റ് ആര്‍ട്സ് എന്ന പഠനഗവേഷണ കലാസാംസ്കാരിക വേദി. സ്വതന്ത്രഭാരതം 75-ാം വാര്‍ഷികത്തിലേക്ക് കടക്കുന്ന വേളയില്‍ ജയ്ഹിന്ദ് എന്ന ദൃശ്യാവിഷ്കാരവുമായി രാജ്യത്തിന്റെ എല്ലാഭാഗത്തും സഞ്ചരിച്ചുകൊണ്ടിരിക്കയാണ് ‘മാതാ’യിലെ കലാകാരന്മാര്. കറുത്ത ഒരു കര്ട്ടണ്, മൂന്നോ നാലോ ബഞ്ച്, പിന്നെ തൂവെള്ള വസ്ത്രങ്ങളും ഷാളുമണിഞ്ഞ കലാകാരന്മാര്- ഇത്രയും സംവിധാനംകൊണ്ട് നാടിന്റെ സാംസ്കാരിക തനിമയുടെ വലിയൊരു ദൃശ്യവിരുന്നൊരുക്കാന്‍ അവര്‍ക്ക് സാധിക്കുന്നു.
കനകദാസ് പേരാമ്പ്രയാണ് ‘മാതാ’യുടെ നെടുംതൂണ്. കനകദാസിന്റെ പ്രതിഭാവിലാസമാണ് ‘മാതാ’യുടെ ദൃശ്യാവിഷ്കാരങ്ങളായി ഇതള്‍വിടര്‍ത്തുന്നത്. ഒരു കവിത വായിക്കുമ്പോള്‍ ഒരുക്യാന്വാസിലെന്നപോലെ അതിന്റെ ദൃശ്യചിത്രം കനകദാസിന്റെ ഭാവനയില്‍ തെളിയും. അവയ്ക്ക് ദൃശ്യരൂപം നല്കാന് അദ്ദേഹത്തിലെ നാടക കലാകാരനു കൂടി സാധിക്കുന്നതോടെ ഈ പുത്തന്‍ കലാരൂപത്തിന് സാഫല്യം കിട്ടുകയായി.
ജി. ശങ്കരക്കുറുപ്പിന്റെ ‘പെരുന്തച്ചന്’ എന്ന കവിത ദൃശ്യാവിഷ്കാരം നടത്തിയത് മനുഷ്യ ശരീര ചലനങ്ങളിലൂടെയായിരുന്നെങ്കില്, പി. കുഞ്ഞിരാമന് നായരുടെ കവിതയ്ക്ക് ഒപ്പം രംഗത്തെത്തിയത് തിരുവാതിരക്കളിയായിരുന്നു. പൂനെയില്‍ ‘സര്‍ഗ്ഗകേരളം’ രംഗത്തവതരിപ്പിച്ചപ്പോള്‍ ഒരു സ്ത്രീ തേങ്ങിക്കരഞ്ഞുകൊണ്ടു സദസ്സില്‍ നിന്ന് എഴുന്നേറ്റുപോയി. ജി.ശങ്കരക്കുറുപ്പിന്റെ പേരമകളായിരുന്നു അത്. പെരുന്തച്ചന് കവിതയുടെ ദൃശ്യാവിഷ്കാരം മുത്തച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അവരിലുണ്ടാക്കിയതാണ് ഇതിനുകാരണം. കാണികളെ ലയിപ്പിക്കാനും ത്രസിപ്പിക്കാനുമുള്ള ഈ കലയുടെ കഴിവ് കണ്ടറിഞ്ഞ കാവാലം നാരായണപ്പണിക്കാര്‍ ‘അത്യന്തം ശ്രദ്ധിക്കപ്പെടേണ്ട തിയറ്റര്‍ വര്‍ക്ക്’ എന്നു കനകദാസിനെ അഭിനന്ദിച്ചു. കൊല്‍ക്കത്തയില്‍ നടന്ന പരിപാടിയ്ക്ക് സാക്ഷിയാകാന്‍ അന്നത്തെ ബംഗാള്‍ ഗവര്‍ണര്‍ എം.കെ. നാരായണന്, ഓംചേരി തുടങ്ങിയവരും ഉണ്ടായിരുന്നു. തൃശൂര്‍ പൂരത്തിന്റെ പൊലിമയോടെയാണ് ‘സര്‍ഗ്ഗ കേരളം’ അവസാനിക്കുക. മലയാളത്തനിമയുടെ പൂരവിസ്മയത്തില് ലയിച്ചുകൊണ്ട് കാണികള്‍ സദസ് വിടുമ്പോള്‍ ഈ പരിപാടി ഇനിയും കാണണം എന്ന് അവര്‍ മനസ്സില്‍ ഉറപ്പിക്കുന്നു. കേരളത്തിലെ നൂറിലധികം സ്റ്റേജുകളില്‍ അവതരിപ്പിച്ച ‘സര്‍ഗ്ഗകേരളം’ മൂന്നോ നാലോ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും അവതരിപ്പിച്ചിട്ടുണ്ട്. കാല് നൂറ്റാണ്ടു പിന്നിട്ടിട്ടും ‘സര്‍ഗ്ഗ കേരളം’ പരിപാടിയുടെ സദസ് എന്നും നിറഞ്ഞു തന്നെയാണ്.
കേരള നിയമസഭാഹാളില്‍ അഞ്ചു തവണയാണ് ‘മാതാ’ തങ്ങളുടെ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചത്. 1999-ലാണ് ജയ്ഹിന്ദ് കോഴിക്കോട് ആദ്യമായി അവതരിപ്പിച്ചത്. 2003-ല്‍ കൊല്‍ക്കത്തയില്‍ നടന്ന സര്‍ഗ്ഗ കേരളം ദൃശ്യാവിഷ്കാരം ഉദ്ഘാടനം ചെയ്തത് അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയാണ്. 10 മിനുറ്റ് നേരം പരിപാടി കാണാം എന്നു പറഞ്ഞ് സദസ്സലിരുന്ന അദ്ദേഹം രണ്ട് മണിക്കൂര്‍ നേരത്തെ പരിപാടി മുഴുവനും കണ്ട് സ്റ്റേജില്‍ കയറി കലാകാരന്മാരെ അഭിനന്ദിച്ച ശേഷമാണ് പോയത്.
സര്‍ഗ്ഗ കേരളത്തിനുശേഷം തീമില്‍ വരുത്തിയ മാറ്റം ദേശീയോദ്ഗ്രഥന കാഴ്ചപ്പാടോടെയായിരുന്നു. അങ്ങനെയാണ് ‘ജയ് ഹിന്ദ്’ എന്ന തീം രൂപപ്പെട്ടത്. പൂര്‍വ്വകാല ഗരിമ മുതലുള്ള ഭാരത ചരിത്രത്തില്‍ നിന്നും അലക്സാണ്ടറുടെ അക്രമം, വാസ്കോഡഗാമയുടെ വരവ്, ബ്രിട്ടീഷ് ആധിപത്യം, സ്വാതന്ത്ര്യ സമരം, ജാലിയന്‍ ബാലബാഗ്, ഭാരതവിഭജനം, ഭഗത്സിങ്ങിന്റെ പ്രസംഗം, തൂക്കിലേറ്റല്‍, ഉപ്പുസത്യഗ്രഹം, ക്വിറ്റ് ഇന്ത്യസമരം, ഭാരതവിഭജനം, സ്വാതന്ത്ര്യപ്രാപ്തി, ഗാന്ധിവധം, ഇപ്പോഴത്തെ തീവ്രവാദ അക്രമങ്ങള്‍ വരെയുള്ള ചരിത്രസംഭവങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ‘ജയ്ഹിന്ദ്’ തയ്യാറാക്കിയത്. ബങ്കിംചന്ദ്രന്റെയും ടാഗൂറിന്റെയും ഇക്ബാലിന്റെയും സുബ്രഹ്മണ്യഭാരതിയുടെയുമെല്ലാം വരികള്‍ ഇതിലുണ്ട്. മഹാത്മാജിയും നെഹ്റും സുഭാഷചന്ദ്രബോസും ഉദ്ദംസിംഗും സുശീല്‍ കുമാര്‍ സെന്നും സ്റ്റേജില്‍ പുനര്‍ജനിക്കുന്നു. പഴശ്ശിരാജയും കുഞ്ഞാലി മരയ്ക്കാറുമൊക്കെയുണ്ട് അക്കൂട്ടത്തില്‍. ജയ്ഹിന്ദ് ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും നിറഞ്ഞ സദസ്സില്‍ അരങ്ങേറി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരുവനന്തപുരത്ത് ഈ പരിപാടി കാണുകയുണ്ടായി.
ദല്‍ഹിയില്‍ ‘ജയ്ഹിന്ദ്’ പരിപാടിപൂര്ത്തിയാക്കാന് സംഘടാകര്ക്കു സാധിച്ചില്ല. പരിപാടി അവസാനിക്കാറായപ്പോള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നദേശഭക്തിയുടെ കാന്തിക വലയത്തില്‍ ലയിച്ചുചേര്‍ന്ന സദസ്യര്‍ ഒന്നടങ്കം എഴുന്നേറ്റു നിന്ന് ‘ഭാരത് മാതാകീ ജയ്’ വിളിച്ചുകൊണ്ടേയിരുന്നു. ആ ശബ്ദത്തിനിടയില്‍ പരിപാടിയുടെ അവസാനഭാഗം മുങ്ങിപ്പോയി. കോയമ്പത്തൂരില്‍ പരിപാടി കഴിഞ്ഞപ്പോള്‍ സ്റ്റേജിനു മുമ്പില്‍ ഒരു നീണ്ട ക്യൂ. ഭാരത മാതാവായി വേഷമണിഞ്ഞ ബബിത ശശി എന്ന അഭിനേത്രിയുടെ കാലുതൊട്ടുവന്ദിക്കാനുള്ളവരുടെ ക്യൂ ആയിരുന്നു അത്. നിരവധി പ്രമുഖ വ്യക്തികള്‍ ഈ പരിപാടികള്‍ കാണാനെത്തിയിരുന്നു. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം ഗായകന് യേശുദാസ് തുടങ്ങിയ പേരുകള്‍ എടുത്തു പറയേണ്ടതുണ്ട്. കോഴിക്കോട് സ്കൂള്‍ യുവജനോത്സവവേളയില്‍ ‘ജയ്ഹിന്ദ്’ അവതരിപ്പിച്ചപ്പോള്‍ യേശുദാസ് കണ്ണു തുടയ്ക്കുന്നതു കണ്ട് കാണികള്‍ അത്ഭുതംകൂറി. പത്രങ്ങള്‍ വാര്‍ത്തയാക്കി.
കോഴിക്കോട്ടെ ഒരു പരിപാടിക്കിടെയാണ് പ്രശസ്ത കവി എസ്. രമേശന് നായര്‍ കനകദാസിനെ കണ്ടുമുട്ടുന്നത്. തന്റെ കൃതിയായ ‘ഒരു കാല് ചിലമ്പിന്റെ കഥ’ നല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ”തൊട്ടാല്‍ പൊള്ളുന്ന കഥയാണിത്. സുരക്ഷിതമായ കൈകളില്‍ ഞാനിത് ഏല്പിക്കട്ടെ.” രണ്ടു വര്‍ഷത്തിനുശേഷം 2019-ല്‍ കോഴിക്കോട്ട് ‘ചിലപ്പതികാര’ത്തിന്റെ അവതരണത്തിന് സാക്ഷിയാകാന്‍ രമേശന് നായരുമുണ്ടായിരുന്നു. ‘പ്രസാദമായി എനിക്ക് ആ കഥ തിരിച്ചു കിട്ടി’ എന്നാണ് വികാരഭരിതനായ കവി കണ്ഠമിടറിക്കൊണ്ടു പറഞ്ഞത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിലപ്പതികാരത്തില് കണ്ണകിയും കോമലനും ചോള- പാണ്ഡ്യരാജാക്കന്മാരും സ്വര്ണ്ണപ്പണിക്കാരുമെല്ലാം അഭിനയത്തിന്റെ പാരമ്യത്തില്‍ ദൃശ്യവല്‍ക്കരിക്കപ്പെടുന്നു. കേരളത്തിലും പുറത്തും ജംഷഡ്പൂര്‍, റാഞ്ചി തുടങ്ങിയ നഗരങ്ങളിലുമെല്ലാം ‘ചിലപ്പതികാരം’ അവതരിപ്പിച്ചു.
സ്വാമി വിവേകാനന്ദന്, പഴശ്ശിരാജ, സ്വാമി ചിന്മയാനന്ദ എന്നീ ചരിത്രപുരുഷന്മാരുടെ ജീവിതം ദൃശ്യാവിഷ്കാരമാക്കുന്നതില് ‘മാതാ’യുടെ കലാകാരന്മാര് അവരുടെ മികവ് കാണിച്ചു. 2016-ലാണ് കോഴിക്കോട് 50 കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് ‘വിശ്വം വിവേകാനന്ദം’ അവതരിപ്പിച്ചത്. സ്വാതന്ത്ര്യസമരചരിത്രത്തിലെ വീരേതിഹാസങ്ങളിലൊന്നായ കേരളവര്‍മ്മ പഴശ്ശിരാജയുടെ ബലിദാനത്തിന്റെ കഥപറയുന്ന ദൃശ്യാവിഷ്കാരമാണ് വീരസ്മൃതി. 45ലധികം കലാകാരന്മാരാണ് ഈ വീരചരിതം അവതരിപ്പിക്കാന്‍ സ്റ്റേജിലെത്തിയത്. കോട്ടയം ചിന്മയാമിഷനിലാണ് ‘ചിന്മയപ്രഭ’ എന്ന ചിന്മയാനന്ദ സ്വാമികളുടെ ജീവിതം സംബന്ധിച്ച ദൃശ്യാവിഷ്കാരം അരങ്ങേറിയത്. സ്വാമികളുടെ ജീവിതം ഒപ്പിയെടുത്ത ഈ കലാപ്രകടനം കണ്ട് ഗുരുദേവന്റെ മുമ്പിലെന്നപോലെ തേജോമയാനന്ദ സ്വാമികള്‍ കൂപ്പുകൈകളോടെ നിറകണ്ണുമായി നിന്നു.
കവി കുഞ്ഞുണ്ണി മാസ്റ്ററുടെ ജീവിതത്തിലൂടെയുള്ള യാത്രയായിരുന്നു ‘ഗുരുസ്മൃതി’ എന്ന ദൃശ്യാവിഷ്കാരം. വലപ്പാട്ട് കുഞ്ഞുണ്ണിമാസ്റ്ററുടെ വീട്ടില്‍ വെച്ച് നടന്ന ദൃശ്യാവിഷ്കാരത്തിനു അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും നാട്ടുകാരും സാക്ഷികളായി. ‘വാഗ്ഭടീയം’ എന്ന വാഗ്ഭടാനന്ദ ഗുരുദേവന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള കലാരൂപം രംഗത്തവതരിപ്പിച്ചത് വടകരയിലായിരുന്നു. താമരശ്ശേരി അന്‍ഫോന്‍സ സ്കൂളില്‍ നടന്ന ആന്ഫോന്സാമ്മയെക്കുറിച്ചുള്ള ദൃശ്യാവിഷ്കാരം വികാരഭരിതനായാണ് ബിഷപ്പ് കണ്ടത്.
മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യവിപത്തുകളെക്കുറിച്ചുള്ള ബോധവല്ക്കരണയത്നത്തിലും ‘മാതാ’ പങ്കാളിയായിട്ടുണ്ട്. കോഴിക്കോട് മുതലക്കുളം മൈതാനത്ത് ‘ജ്യോതിര്‍ഗമയ’ എന്ന പരിപാടി സംഘടിപ്പിച്ചത് ‘വിമുക്തി’യുടെ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ്. ഭ്രൂണഹത്യയ്ക്കും സ്ത്രീകളോടുള്ള അപമര്യാദയ്ക്കും എതിരെ സ്ത്രീയെ ആദരിക്കുക എന്ന സന്ദേശം പ്രചരിപ്പിച്ച് തുറന്ന മൈതാനിയില്‍ പരിപാടികള്‍ നടത്തിക്കൊണ്ടും ഈ കലാകാരന്മാര് തങ്ങളുടെ സാമൂഹ്യ ബാധ്യത നിര്‍വ്വഹിച്ചു. നിരവധി കലാകാരന്മാരെ പങ്കെടുപ്പിച്ചുള്ള ‘ജയ്ഹിന്ദ്’ അടഞ്ഞ സ്റ്റേജില്‍ നിന്നും തുറന്ന സ്റ്റേജിലേക്ക് മാറ്റിക്കൊണ്ടുള്ള പരീക്ഷണത്തിലും ‘മാതാ’യിലെ കലാകാരന്മാര് വിജയിച്ചു. ആള് ഇന്ത്യ പോലീസ് അസോസിയേഷന് ചമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ ഓപ്പണ്ഗ്രൗണ്ടില് വെച്ച് ‘ജയ്ഹിന്ദ്’ അവതരിപ്പിച്ച് പ്രശംസ നേടാന്‍ അവര്‍ക്ക് സാധിച്ചു.
കേരള ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവവും സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനും ‘ജയ്ഹിന്ദ്’ ദൃശ്യാവിഷ്കാരം കണ്ടത് തിരുവനന്തപുരത്ത് കഴക്കൂട്ടത്തുള്ള, പ്രശസ്ത മാന്ത്രികന് ഗോപിനാഥ് മുതുകാടിന്റെ മാജിക് തീംപാര്‍ക്കില്‍ വെച്ചായിരുന്നു. പരിപാടിക്കുശേഷമാണ് അവര്‍ അറിഞ്ഞത് പരിപാടി അവതരിപ്പിച്ച 50 കലാകാരന്മാരില് 30 പേരും മാജിക് തീം പാര്‍ക്കിലെ ഭിന്നശേഷിക്കാരായ കുട്ടികളാണെന്ന്. ഓട്ടിസം പോലുള്ള രോഗങ്ങള്‍ ബാധിച്ച അവരെ പരിശീലിപ്പിക്കാമോ എന്ന് മാന്ത്രികന് ചോദിച്ചപ്പോള്‍ കനകദാസിന് ഒട്ടും ആശങ്ക തോന്നിയില്ല.
‘മാതാ’യുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥനാണ് പി. വിജയന് ഐപിഎസ്. സ്റ്റുഡന്റ് പോലീസ് കേഡറ്റിലെ കുട്ടികളില്‍ ദേശഭക്തി വളര്‍ത്താനും അവരുടെ കലാപരമായ കഴിവു വര്‍ദ്ധിപ്പിക്കാനും ‘മാതാ’യുടെ സേവനം ഉപയോഗപ്പെടുത്തി. എല്ലാ ജില്ലകളിലുമുള്ള ആയിരക്കണക്കിന് കുട്ടികള്‍ക്ക് ‘മാതാ’ പരിശീലനം നല്കി. ‘ജയ്ഹിന്ദ്’ അവതരണത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഈ കുട്ടികളും പങ്കാളികളായി. യുവാക്കളില്‍ ദേശഭക്തിയുടെ സന്ദേശം പരത്താന്‍ നെഹ്റു യുവകേന്ദ്ര ‘മാതാ’യുടെ സേവനം ഉപയോഗിച്ചു. വി.മുരളീധരന് (ഇപ്പോഴത്തെ കേന്ദ്രമന്ത്രി) എന്‍.വൈ.കെയുടെ ഉപാദ്ധ്യക്ഷനായിരിക്കെ ‘മാതാ’യുടെ നിരവധി ദൃശ്യാവിഷ്കാരങ്ങള്‍ അവതരിപ്പിക്കാന്‍ വേദി ഒരുക്കുകയുണ്ടായി.
ലിംകാ റിക്കാര്‍ഡില്‍ ‘മാതാ’ സ്ഥാനം പിടിച്ചത് 1240 കുട്ടികളായ കലാകാരന്മാരെ ഒരേസമയം ഒരു വേദിയില്‍ അണിനിരത്തിക്കൊണ്ടാണ്. തൃശ്ശൂര്‍ തേക്കിന്‍ക്കാട് മൈതാനത്ത് ബാലഗോകുലം അതിന്റെ 35-ാം വാര്‍ഷികവേളയിലാണ് ഇതിന് അവസരമൊരുക്കിയത്. കുട്ടികളുടെ പ്രശ്നങ്ങള്‍ കുട്ടികള്‍ തന്നെ സമൂഹത്തിനുമുമ്പില്‍ അവതരിപ്പിക്കുന്ന ദൃശ്യാവിഷ്കാരം ബാലഗോകുലം ആസൂത്രണം ചെയ്തപ്പോള്‍ അതു സംവിധാനം ചെയ്തത് കനകദാസായിരുന്നു. ഉണര്‍ത്തുപാട്ട് എന്ന ആ പരിപാടിയുടെ കവിത എഴുതിയത് പി.കെ. ഗോപിയായിരുന്നു. കോഴിക്കോട് എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നാരംഭിച്ച ഈ പരിപാടി 1500 സ്റ്റേജുകളിലെങ്കിലും അരങ്ങേറി. പതിനായിരക്കണക്കിനു കുട്ടികള്‍ അതില്‍ അഭിനയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലും ഈ പരിപാടി നടന്നു. ‘മാതാ’ ഇക്കാര്യത്തില്‍ പുതിയ റിക്കാര്‍ഡു സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്. 2022 വര്‍ഷത്തില്‍ 2022 കലാകാരന്മാരെ ഒരേ സ്റ്റേജില്‍ ഒരേ സമയം അണിനിരത്തുക എന്നതാണ് ആ വെല്ലുവിളി. ഇതിനു വേറെയും പ്രത്യേകതകള്‍ കൂടിയുണ്ട്. 22 സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തിന്റെയും പ്രാതിനിധ്യം ഈ ദൃശ്യാവിഷ്കാരത്തിലുണ്ടാകും. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കലാരൂപങ്ങളും സ്റ്റേജിലെത്തും. ഭാരതത്തിന്റെ വൈവിധ്യത്തിലെ ഏകത്വം പ്രകടമാക്കുന്ന ഒന്നാകും ഈ പരിപാടി. 2022 ജനുവരി 12ന് ദേശീയ യുവജനദിനത്തില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ ഉദ്ഘാടകനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലഭിക്കണമെന്നാണ് സംഘാടകരുടെ ആഗ്രഹം.
നര്‍ത്തകിയും അഭിനേത്രിയുമായ അഞ്ജലി ചിക്കിലോട്, (ചിലപ്പതികാരത്തിലെ കണ്ണകി), ജിനേഷ് മുതുകാട് (കോവിലന്) ലതേഷ് പുതിയോട്ടില്‍ (പാണ്ഡ്യരാജാവ്), അക്ഷയ് ശങ്കര്‍ (സ്വര്ണ്ണപ്പണിക്കാരന്), രാധാകൃഷ്ണന് പി.ആര്. (ചോളരാജാവ്), ഡോ. കൃസ്റ്റി (മാധവി) ശിവദാസ് ചെമ്പ്ര തുടങ്ങിയവരാണ് ദൃശ്യാവിഷ്കാരങ്ങളിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന് നല്‍കുന്നത്. കോറസ് സംഘങ്ങളായി സ്ഥിരമായും താല്‍ക്കാലികമായും നിരവധി കലാകാരന്മാര് രംഗത്തെത്തുന്നു. ഡോ.ടി.പി. പ്രകാശ്, കെ. സുരേന്ദ്രന് മാസ്റ്റര്‍ എന്നിവരാണ് സംഗീത സംവിധാനം. ഡോ. ലജ്നയാണ് നൃത്ത സംവിധാനം. എല്ലാ ദൃശ്യാവിഷ്കാരങ്ങളുടെയും തിരക്കഥ തയ്യാറാക്കുന്നത് കനകദാസാണ്. അവതരണവും അദ്ദേഹമാണ്. കൂടാതെ ദീപവിന്യാസവും അദ്ദേഹം നേരിട്ടു ചെയ്യുന്നു.
‘അമ്മയ്ക്കൊരു കവിള് കഞ്ഞി’ എന്ന പദ്ധതി വഴി ആയിരക്കണക്കിന് അമ്മമാര്‍ക്ക് അന്നം നല്‍കുന്നതിന് നേതൃത്വം നല്കുന്ന ടി.എന്‍.പ്രതാപന് ആദ്യ മാതാപുരസ്കാരത്തിനു അര്‍ഹനായി. സ്റ്റുഡന്റ് പോലീസ് കേഡറ്റ്, പുണ്യംപൂങ്കാവനം, നന്മ പ്രോജക്ട് എന്നിവ സംഘടിപ്പിച്ച് പി. വിജയന് ഐപിഎസ്സിനാണ് രണ്ടാമത്തെ പുരസ്കാരം. പ്രശസ്ത ചരിത്രകാരനായ എം.ജി.എസ്. നാരാണയനാണ് മൂന്നാമത്തെ പുരസ്കാരം. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നല്കുന്ന ഈ പുരസ്കാരം ഈ വര്‍ഷം പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മയ്ക്കാണ് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: