കെ.ആര് മോഹന്‍ദാസ്
തൊടുപുഴയിലെ മണ്‍പാതകള്‍ക്ക് ഒരു 31 വയസുകാരന്റെ കഥ പറയാനുണ്ട്. രുചിക്കൂട്ടില്‍ വിസ്മയം തീര്‍ത്ത് ഒരു നാടിന്റെ മനസ്സിലേക്ക് സൈക്കിള്‍ ചവിട്ടിക്കയറിയ ഒരു സംരംഭകന്റെ കഥ. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൈമുതലാക്കി പ്രതിസന്ധികളെ ഒന്നൊന്നായി തരണം ചെയ്ത് മലയാളി മനസ്സില്‍ ഇടംനേടിയ ബ്രാഹ്മിന്‍സ് എന്ന സംരംഭത്തിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വി. വിഷ്ണുനമ്പൂതിരിയെന്ന പരിശ്രമശാലിയുടെ വിജയത്തിന്റെ കഥ.
ഒരു ചെറിയ തുടക്കത്തില്‍ നിന്നും ബ്രാഹ്മിന്‍സ് ഫുഡ്സ് എന്ന വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള വഴികള്‍ ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു എന്ന് വിഷ്ണുനമ്പൂതിരി സാക്ഷ്യപ്പെടുത്തുന്നു. 1987ല്‍ വീടിനോട് ചേര്‍ന്ന് സ്ഥാപിച്ച ചെറിയ നിര്‍മ്മാണ യൂണിറ്റില്‍ 2 വനിതാ തൊഴിലാളികളുടെ സഹായത്തോടെ സ്വന്തം മേല്‍നോട്ടത്തില്‍ പൊടിച്ച് പായ്ക്ക് ചെയ്ത് കറിപൗഡറുകളുടെ ആദ്യകാല വിതരണക്കാരന് വിഷ്ണുനമ്പൂതിരി തന്നെയായിരുന്നു. തുടക്കത്തില്‍ തൊടുപുഴ നഗരത്തിലെ കടകള്‍ തോറും കയറിയിറങ്ങി സൈക്കിളില്‍ വിതരണം ചെയ്തുപോന്നു. പിന്നീട് സൈക്കിളിന്റെ സ്ഥാനത്ത് സ്കൂട്ടറായി, പിന്നെ ഒരു മിനി വാനും. സാധാരണക്കാരനായി തുടങ്ങി ലോകം മുഴുവന്‍ ഇന്ന് വിപണിയുള്ള ബ്രാഹ്മിന്‍സ് ഫുഡ്സ് എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരന് വി. വിഷ്ണുനമ്പൂതിരിയുടെ മുഖത്ത് ഇന്നും ആ തുടക്കക്കാരനായ യുവാവിന്റെ ആത്മവിശ്വാസവും പുഞ്ചിരിയും ശോഭ മങ്ങാതെ നിലനില്ക്കുന്നു. തദ്ദേശവാസികള്‍ ബഹുമാനപൂര്‍വ്വം തിരുമേനി എന്നു വിളിക്കുന്ന വിഷ്ണുനമ്പൂതിരിയുടെ വിജയത്തിന്റെ ചിരി മാത്രമല്ലിത്. ലാളിത്യവും സ്നേഹവും അതില്‍ നിറഞ്ഞിരിക്കുന്നു.
സമ്പൂര്‍ണ്ണമായും ഒരു വെജിറ്റേറിയന്‍ ബ്രാന്‍ഡ് എന്നതാണ് ബ്രാഹ്മിന്‍സ് ഉല്‍പ്പന്നങ്ങളുടെ പ്രത്യേകത. ശുദ്ധമായ സസ്യാഹാരത്തിലൂടെ ആരോഗ്യകരമായ ജീവിതശൈലി വാഗ്ദാനം ചെയ്യുന്നു എന്ന് ലോഗോയിലെ ‘അ ഢലഴലമേൃശമി ജൃീാശലെ’ എന്ന ടാഗ്ലൈന് അര്‍ത്ഥമാക്കുന്നു. 1987 ല്‍ നിന്ന് 2021 ലേക്ക് ഉള്ള ദൂരത്തിനിടയിലുള്ള ബാഹ്മിന്‍സിന്റെ വളര്‍ച്ച, പിന്നിട്ട വഴിയില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ തങ്ങള്‍ നേടിയെടുത്ത വിശ്വാസ്യതയുടെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയെ ചേര്‍ത്തുപിടിച്ചതിന് ജനം നല്കിയ അംഗീകാരവും ഒപ്പം നില്ക്കുന്ന കുടുംബം നല്കുന്ന കരുത്തും ആ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകര്‍ന്നു. വിശ്വാസത്തിന്റെ മറുപേരായി മാറാന്‍ ബ്രാഹ്മിന്‍സിന് അധികനാള്‍ വേണ്ടിവന്നില്ല. 34 വര്‍ഷംകൊണ്ട് ലോകത്തിലെ സസ്യാഹാരപ്രിയരുടെ രുചിയിടങ്ങളില്‍ ആഴത്തില്‍ പതിഞ്ഞ ബ്രാന്‍ഡായി ബ്രാഹ്മിന്‍സ് മാറി. ”ഭക്ഷണം അത്ര പവിത്രമാണ്. സംശുദ്ധിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇതുവരെ തയ്യാറായിട്ടില്ല. ഇനിയങ്ങോട്ടും.” പഴയ സംരംഭകന്റെ ചുറുചുറുക്ക് അന്യമാകാത്ത ഉറച്ച വാക്കുകള്‍.
സ്റ്റാര്‍ട്ടപ്പുകളുടെ തുടക്കക്കാരന്
പുതിയകാലഘട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ട്രെന്‍ഡിങ്ങാകുമ്പോള്‍ ഒരു പക്ഷേ, അതിന്റെയൊക്കെ തുടക്കക്കാരനായിരുന്നു പുതുക്കുളത്ത് മനയില്‍ വിഷ്ണുനമ്പൂതിരി എന്നുതന്നെ പറയാം. ചെയ്യാത്ത ബിസിനസുകള്‍ കുറവ്. കൊപ്ര കച്ചവടം, വെളിച്ചെണ്ണ കച്ചവടം, ചെരിപ്പ് കച്ചവടം തുടങ്ങി 20ലേറെ സംരംഭങ്ങള്‍. ഓരോന്നും പരാജയത്തിലേക്ക് പോയപ്പോള്‍ പുതിയ പരീക്ഷണങ്ങള്‍. നഷ്ടം സഹിച്ച് ഒരു ബിസിനസും മുന്നോട്ടുകൊണ്ടുപോകരുതെന്ന അടിസ്ഥാന പാഠത്തിന് ഇന്നും മാറ്റം വരുത്തിയിട്ടില്ല അദ്ദേഹം. പുതുതലമുറ സ്വന്തം ആശയം നടപ്പിലാക്കാന്‍ നഷ്ടത്തില്‍ മുന്നോട്ടുപോകുമ്പോള്‍, ഒരു രൂപ എങ്കിലും നഷ്ടം വരുമെന്ന് തോന്നുമ്പോഴേ മറ്റൊരു ബിസിനസിലേക്ക് ചുവടുമാറ്റണം എന്ന ചിന്താഗതിക്കാരനായിരുന്നു വിഷ്ണുനമ്പൂതിരി. അതുകൊണ്ട് ബിസിനസില്‍ ഒരിക്കലും കൈ പൊള്ളിയിട്ടില്ല. 1987ലാണ് കറിപൗഡര്‍ വ്യവസായത്തിലേക്ക് തിരിഞ്ഞത്. അന്ന് ഈ മേഖലയില്‍ കുത്തകകളില്ല. അവിടേക്കാണ് സ്വന്തമായി പൊടിച്ച് പായ്ക്കുകളില്‍ നിറച്ച കറി പൗഡറുകളുമായി വിഷ്ണു നമ്പൂതിരിയുടെ ഉറച്ച കാല്‍വയ്പ്. പായ്ക്കറ്റുകള്‍ സൈക്കിളില്‍ കെട്ടിവച്ച് രാവിലെ തന്നെ തൊടുപുഴ ടൗണിലെത്തും. കടകള്‍ തോറും കയറിയിറങ്ങി വിതരണം ചെയ്യും. വലിയ ലാഭമില്ലെങ്കിലും വൈകാതെ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രിയമേറി. അങ്ങനെ തൊടുപുഴയിലെ മണക്കാട് കേന്ദ്രമാക്കി ബ്രാഹ്മിന്‍സ് ഫുഡ്സ് രൂപംകൊണ്ടു. 35,000 രൂപ ലോണെടുത്ത് ഒരു ചെറിയ പൊടിയന്ത്രം സ്വന്തമാക്കി. രുചിലോകത്തെ യാത്രയ്ക്ക് ഇന്ധനമേകിയ ആ ~വര് മില്‍ തൊടുപുഴയിലെ ഓഫീസില്‍ ചില്ലുകൂട്ടില്‍ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. കറി പൗഡറുകളും അച്ചാറുകളും വറ്റലുകളും ബ്രാഹ്മിന്‍സിന്റെ ബാന്‍ഡില്‍ നിന്നും വിപണിയിലെത്തി. തദ്ദേശസ്വയംഭരണ വകുപ്പില്‍ ഉദ്യോഗസ്ഥയായിരുന്ന ഭാര്യ മഞ്ജരിയെ ഓഫീസിലേക്ക് കൊണ്ടുപോകുമ്പോഴും തിരികെ കൂട്ടിവരുമ്പോഴും സ്കൂട്ടറില്‍ വില്‍പ്പനയ്ക്കുള്ള പൊടികള്‍ ഉണ്ടാകും. ബ്രാഹ്മിന്‍സിന്റെ വളര്‍ച്ചയുടെ ഓരോ നാഴികക്കല്ലുകളും ആലേഖനങ്ങളായി ഓഫീസ് ചുമരുകളില്‍ ഫ്രെയിം ചെയ്തു സൂക്ഷിച്ചിട്ടുണ്ട്.
ലോകമറിയുന്ന ബ്രാഹ്മിന്‍സ്
പ്രതിവര്‍ഷം 9300 ടണ്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ 120 ല്‍ പരം വൈവിധ്യങ്ങളില്‍ ബ്രാഹ്മിന്‍സ് വിപണിയില്‍ എത്തിക്കുന്നു. കറി പൗഡറുകള്‍, അച്ചാറുകള്‍, റൈസ് ഉല്‍പ്പന്നങ്ങള്‍, ഗോതമ്പ് ഉല്‍പ്പന്നങ്ങള്‍, ബ്രേക്ഫാസ്റ്റ് ഉല്‍പ്പന്നങ്ങള്‍, ഇന്‍സ്റ്റന്റ് ഫുഡ്സ്, ധാന്യങ്ങള്‍, സ്പൈസ് മിക്സുകള്‍ തുടങ്ങി വിവിധതരം ഉല്‍പ്പന്നങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയ്ക്ക് പുറമെ മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, കാനഡ, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ബ്രാഹ്മിന്‍സ് രുചിസാന്നിധ്യമറിയിക്കുന്നു. 2006 ല്‍ വിഷ്ണുനമ്പൂതിരിയുടെ മകന് ശ്രീനാഥ് വിഷ്ണു, എംബിഎ പഠനം പൂര്‍ത്തിയാക്കിയ ശേഷം കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റതോടെ പുതിയ കാലത്തിന്റെ ട്രെന്‍ഡുകള്‍ അറിഞ്ഞ് പുതുവഴിയിലൂടെ ബ്രാഹ്മിന്‍സ് മുന്നേറുവാന്‍ തുടങ്ങി. കാലത്തിന് അനുസൃതമായ പ്രൊഫഷണല്‍ സമീപനം ഏറെ ഗുണകരമായി. അത്യാധുനിക യന്ത്രസംവിധാനങ്ങളും ഓരോ മേഖലയിലും കഴിവുതെളിയിച്ച് യോഗ്യരും സമര്‍ത്ഥരുമായ പ്രൊഫഷണലുകളും ശ്രീനാഥ് വിഷ്ണുവിന്റെ പുതിയ ബിസിനസ് നയങ്ങളുടെ ഭാഗമായി ബ്രാഹ്മിന്‍സിന്റെ കുതിപ്പിന് ഊര്‍ജ്ജം പകര്‍ന്നു. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ മാസ്റ്റര്‍ ബിരുദധാരിയായ സഹധര്‍മ്മിണി അര്‍ച്ചന ശ്രീനാഥും കമ്പനിയുടെ ഓപ്പറേഷന് ഡയറക്ടര്‍ ആയി ശ്രീനാഥിനൊപ്പം പ്രവര്‍ത്തിച്ചുകൊണ്ട് വിഷ്ണുനമ്പൂതിരിയുടെ ലക്ഷ്യങ്ങള്‍ ഒന്നൊന്നായി നേടുന്നതിനായി നേതൃനിരയിലുണ്ട്.
തൊടുപുഴയ്ക്ക് പുറമെ നെല്ലാട് കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലും, പൈങ്ങോട്ടൂരിലും അത്യാധുനിക യന്ത്രസംവിധാനങ്ങളോടു കൂടിയ നിര്‍മ്മാണ യൂണിറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. മനുഷ്യ കരസ്പര്‍ശമേല്‍ക്കാതെ പൂര്‍ണ്ണമായും യന്ത്രസഹായത്തോടെ പായ്ക്ക് ചെയ്യുന്ന മോഡേണ്‍ പ്ലാന്റാണ് പൈങ്ങോട്ടൂരില്‍ പ്രവര്‍ത്തിക്കുന്നത്. ”കുറച്ച് ഭാഗ്യവും സമയം നോക്കാതെ കഷ്ടപ്പെടാനുള്ള മനസുമുണ്ടെങ്കില്‍ ഏത് ബിസിനസും വിജയിക്കും. നന്നായി ആലോചിച്ച് പണമിറക്കണം. എടുത്തുചാടി എന്തെങ്കിലും ചെയ്താല്‍ അത് നഷ്ടത്തിന് കാരണമാകും” പുതുതലമുറയ്ക്കുള്ള വിഷ്ണുനമ്പൂതിരിയുടെ ഉപദേശമാണിത്.
ഭാര്യാപിതാവിന്റെ കൈപ്പുണ്യം
കറി പൗഡറുകള്‍ വിജയിച്ചതോടെയാണ് അച്ചാര്‍ നിര്‍മ്മാണത്തിലേക്ക് വിഷ്ണുനമ്പൂതിരി കടക്കുന്നത്. അതിന് പ്രോത്സാഹനമായത് ഭാര്യാപിതാവ് ഇലഞ്ഞി ആലപുരം മഠത്തില്‍ മന നാരായണന് നമ്പൂതിരിയാണ്. ഇല്ലത്തെ പ്രധാന വിഭവങ്ങളില്‍ ഒന്നായിരുന്നു അച്ചാറുകള്‍. ഊണിന് രുചി കൂട്ടുവാന്‍ വലിയ ഭരണികളില്‍ വിവിധതരം അച്ചാറുകള്‍ തയ്യാറാക്കി വച്ചിട്ടുണ്ടാകും. ഭാര്യാപിതാവിന്റെ കൈപ്പുണ്യം പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയിലെത്തിച്ച വിഷ്ണുനമ്പൂതിരിക്ക് നിരാശപ്പെടേണ്ടിവന്നില്ല. മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചത്. പിന്നീട് ബിസിനസ് അടിസ്ഥാനത്തില്‍ അച്ചാറുകള്‍ തയ്യാറാക്കുകയും അത് മികച്ച വിപണി നേടുകയും ചെയ്തു. ഇന്ന് വയനാട്ടില്‍ അച്ചാറുകള്‍ക്ക് മാത്രമായി അത്യാധുനികമായി സംവിധാനം ചെയ്ത പ്ലാന്റ് പ്രവര്‍ത്തിക്കുന്നു.
ഗുണനിലവാരത്തില്‍ നോ കോംപ്രമൈസ്
ബാഹ്മിന്‍സിന്റെ അണിയ പ്രവര്‍ത്തകര്‍ ഇന്നു വരെ കോംപ്രമൈസ് ചെയ്യാത്തത് ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിലാണ്. പരിശുദ്ധിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തിട്ടുള്ള ലാഭം എത്രയായാലും അത് വേണ്ടെന്നാണ് അടിസ്ഥാനതത്വം. അതില്‍ കടുകിട മാറിയിട്ടില്ല. ഗുണമേന്മ കാത്തുസൂക്ഷിക്കാനായി ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തേണ്ടി വന്ന നിരവധി അനുഭവങ്ങളുണ്ട്. അതിലൊന്ന് ഇങ്ങനെ: മാങ്ങാ അച്ചാര്‍ തയ്യാറാക്കി വിവിധ ടെസ്റ്റുകളും പൂര്‍ത്തിയാക്കി വിതരണക്കാരിലേക്ക് എത്തിക്കാന്‍ തുടങ്ങുമ്പോഴാണ് അലിഞ്ഞുതുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്. രുചിയിലും ഗുണത്തിലും ഒരു പ്രശ്നവുമില്ലെങ്കിലും അലിഞ്ഞുതുടങ്ങിയ മാങ്ങ വിപണിയിലേക്ക് അയക്കേണ്ടെന്നായിരുന്നു മാനേജ്മെന്റ് തീരുമാനം. 8000 കിലോ വരുന്ന ബാച്ച് പിന്‍വലിച്ചപ്പോള്‍ നഷ്ടം 9 ലക്ഷം. പോയ ലക്ഷങ്ങള്‍ തിരിച്ചുപിടിക്കാം. പക്ഷേ സല്‍പ്പേര് നഷ്ടപ്പെട്ടാല്‍ അത് എന്നും കറുത്ത പാടായി അവശേഷിക്കും. മാനേജ്മെന്റ് നിലപാട് എന്നും ഇതാണ്. ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഏറ്റവും മികച്ച സപ്ലെയറില്‍നിന്നും വാങ്ങി പ്രോസസ് ചെയ്തെടുക്കുന്നതാണ് ബ്രാഹ്മിന്‍സിന്റെ രീതി. സ്വന്തം ലാബിലും സര്‍ക്കാര്‍ അംഗീകൃത ലാബിലും ടെസ്റ്റ് ചെയ്ത് ഗുണനിലവാരം ഉറപ്പുവരുത്തി മാത്രമാണ് ഓരോ ഉല്‍പ്പന്നവും വിപണിയിലെത്തുന്നത്. സാമ്പിള്‍ ടെസ്റ്റിങ്ങും മറ്റു പരിശോധനകളും നടത്തി, വിദഗ്ധരായ ഫുഡ് ടെക്നീഷ്യന്മാരും മാനേജ്മെന്റും ബന്ധപ്പെട്ട അംഗങ്ങളും ഉള്‍പ്പെടുന്ന ടീം രുചിയും ഗുണനിലവാരവും ഉറപ്പു വരുത്തി മാത്രമേ ഓരോ ഉല്‍പ്പന്നവും പ്രോസസിങ്ങിന് അനുമതി നല്‍കുകയുള്ളൂ. ഗുണമേന്മയില് പാലിക്കുന്ന ഈ കൃത്യതയ്ക്ക്, ബ്രാഹ്മിന്‍സ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ നാട്ടില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും നേരിട്ടും മെയില്‍ ആയും ഫോണ്‍ കോളുകളായും നല്കുന്ന ആശംസകളും അഭിനന്ദനങ്ങളും തന്നെ ഉദാഹരണം.
ജീവനക്കാരാണ് ജീവന്
ജീവനക്കാരാണ് ബാഹ്മിന്‍സിന്റെ അടിത്തറ. നിര്‍മ്മാണ യൂണിറ്റുകളിലും മാര്‍ക്കറ്റിങ്ങിലും ഓഫീസ് ജോലികളിലുമായി 300ല്‍ പരം സ്റ്റാഫുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. സ്ത്രീസൗഹൃദ തൊഴിലിടമാണ് ഇവിടം. തൊഴിലാളികളില്‍ ഭൂരിഭാഗവും വനിതകള്‍. വനിതാ തൊഴിലാളികള്‍ക്ക് കരിയര്‍ മെച്ചപ്പെടുത്തുന്നതിനും തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇകകയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള കണകച ന്റെ ഒരു യൂണിറ്റ്, മാനേജ്മെന്റും വനിതാ സ്റ്റാഫുകളും അംഗങ്ങളായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ തൊഴിലാളികളെയും ചേര്‍ത്തുനിര്‍ത്തി അവരുടെ ആവശ്യങ്ങളെ അറിഞ്ഞു പ്രവര്‍ത്തിക്കുന്ന മാനേജ്മെന്റാണ് ബ്രാഹ്മിന്‍സിന്റേത്. ആകെയുള്ള ജോലിക്കാരില്‍ 75 ശതമാനവും സ്ത്രീകളാണ്. എല്ലാ ജോലിയും സമയബന്ധിതമായി ആത്മാര്‍ത്ഥതയോടെ തന്നെ ചെയ്തുതീര്‍ക്കുന്ന സ്റ്റാഫുകളെ നന്ദിയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ എന്ന് വിഷ്ണുനമ്പൂതിരിയും ശ്രീനാഥ് വിഷ്ണുവും ഒരേസ്വരത്തില്‍ പറയുന്നു. ജീവനക്കാര്‍ കാണിക്കുന്ന സ്നേഹത്തിനും ആത്മാര്‍ത്ഥതയ്ക്കും സ്ഥാപനത്തിന്റെ കരുതല്‍ തിരിച്ചുമുണ്ട്. കൂടുതല്‍ ലാഭമെന്ന ലക്ഷ്യത്തോടെ തൊഴിലാളികളെ അമിതമായി പണിയെടുപ്പിക്കുന്ന പുതിയ കാലത്തിന്റെ രീതികളില്‍ നിന്ന് ബ്രാഹ്മിന്‍സ് തികച്ചും വ്യതിരിക്തമായ നിലപാടുകളുമായി മുന്നോട്ടുപോകുന്നു. തൊഴിലാളികളാണ് സ്ഥാപനത്തിന്റെ അടിത്തറ എന്നതാണ് ബ്രാഹ്മിന്‍സിന്റെ നയം. കോവിഡ് പ്രതിസന്ധിയില്‍ വിശ്രമമില്ലാതെ ജോലി ചെയ്യാന്‍ തയ്യാറായ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ കൂടുതല്‍ വേതനം നല്കി ചേര്‍ത്തുനിര്‍ത്തി. ചെലവു കൂടുതലെങ്കിലും ജീവനക്കാരെ ഷിഫ്റ്റുകളായി തിരിച്ച് സാമൂഹിക അകലം ഉറപ്പാക്കുകയും എല്ലാവര്ക്കും തൊഴിലവസരം ലഭ്യമാക്കുകയും ചെയ്തു. എല്ലാ ജീവനക്കാര്‍ക്കും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഇടവേളകളിലെ കോഫിയും തികച്ചും സൗജന്യം. ജീവനക്കാര്‍ക്ക് ജോലിക്കെത്തുന്നതിന് കമ്പനി വാഹനങ്ങളും സൗജന്യ യാത്രാ സൗകര്യങ്ങളും നല്കുന്നു. എല്ലാ ജീവനക്കാര്‍ക്കും 2 ഡോസ് വാക്സിനേഷന് കമ്പനിയുടെ ചെലവില്‍ പൂര്‍ത്തിയാക്കി കോവിഡ് സുരക്ഷ ഉറപ്പാക്കുകയും ചെയ്തു.
നന്മവഴികള് അനവധി
ബാഹ്മിന്‍സിന്റെ ബിസിനസ് ലാഭത്തില്‍ നിന്നും നല്ല ഒരു ശതമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുകയും അര്‍ഹതപ്പെട്ടവര്‍ക്ക് അത് നല്‍കുകയും ചെയ്തുവരുന്നു. കോവിഡ് കാലഘട്ടത്തില്‍ സേവനപ്രവര്‍ത്തനങ്ങളുമായി ബ്രാഹ്മിന്‍സ് മുന്‍പന്തിയിലുണ്ടായിരുന്നു. തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ കഇഡ ബെഡുകളും വാര്‍ഡുകളും സ്പോണ്സര് ചെയ്യുകയും സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ചുനല്‍കുകയും ചെയ്തു. കൂടാതെ തിരഞ്ഞെടുത്ത ഹോസ്പിറ്റലുകളില്‍ ഓക്സിജന്‍ പ്ലാന്റുകളും വെയ്റ്റിങ് റൂമുകളും ഉപകരണങ്ങളും നല്കി കോവിഡ് പ്രതിരോധ മുഖത്ത് ജനങ്ങള്‍ക്കൊപ്പം നിലകൊണ്ടു. പൊതുജനാരോഗ്യ സംരക്ഷണത്തില്‍ പങ്കാളിയാകുന്നതിനൊപ്പം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ലാപ്ടോപ്പുകള്, ടെലിവിഷനുകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയും അര്‍ഹരായവര്‍ക്ക് നല്കി. ഭക്ഷ്യോല്‍പ്പന്നങ്ങളും മരുന്നുകളും മറ്റ് അസംസ്കൃത വസ്തുക്കളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചു. അര്‍ഹരായവര്‍ക്ക് എല്ലാ മാസവും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എത്തിച്ചുകൊടുക്കുന്നതും സ്ഥിരമായി ചെയ്തുവരുന്നു. തുടര്‍ന്നുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ട്രസ്റ്റ് രൂപീകരിക്കണമെന്ന വലിയൊരു സ്വപ്നമുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ട കുട്ടികളെ ഏറ്റെടുത്ത് ഉന്നത വിദ്യാഭ്യാസം നല്‍കുക എന്നതാണ് പ്രധാന ലക്ഷ്യം.
അംഗീകാരങ്ങള്‍ വാനോളം
സംസ്ഥാന സര്‍ക്കാരിന്റേതുള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഇതിനോടകം ബ്രാഹ്മിന്‍സിനെ തേടിയെത്തിയിട്ടുണ്ട്. യു.കെ. പാര്‍ലമെന്റിലടക്കം പങ്കെടുക്കുവാനുള്ള അവസരം. ഒന്നേകാല്‍ നൂറ്റാണ്ടായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ 2021-22 വര്‍ഷത്തിലെ ചെയര്‍മാനാണ് ശ്രീനാഥ് വിഷ്ണു. എന്നാല്‍ ഇതിലും വലിയ അംഗീകാരമാണ് സാധാരണക്കാരുടെ സ്നേഹവും പിന്തുണയും എന്നും ശ്രീനാഥ് വിഷ്ണു പറയുന്നു.
കുടുംബം കൂടെയുണ്ട്
ശ്രീനാഥ് വിഷ്ണുവിനും അര്‍ച്ചന ശ്രീനാഥിനും പുറമെ കമ്പനി ഡയറക്ടര്‍മാരായ മകള്‍ സത്യ വിഷ്ണുനമ്പൂതിരിയും മരുമകന് ജിതിന് ശര്‍മ്മയും സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഉണ്ട്. കുടുംബത്തിലെ ഇളമുറക്കാരായ ശിവാനി ശ്രീനാഥിന്റെയും മാനസി ശ്രീനാഥിന്റെയും റിദ്ധിമയുടെയും സ്നേഹസാമീപ്യങ്ങള്‍ മനസു നിറഞ്ഞ് ആസ്വദിക്കുമ്പോഴും, പുതിയ കാലത്തിന് അനുയോജ്യമായ പുതുമയുള്ള ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലും, അതിന്റെ സാധ്യതകള്‍ കുടുംബവുമായി പങ്കുവയ്ക്കുന്ന തിരക്കിലുമാണ് വിഷ്ണുനമ്പൂതിരി എന്ന സംരംഭകന്. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുക എന്ന ലക്ഷ്യവുമായി ബ്രാഹ്മിന്‍സ് മുന്നേറുകയാണ്. സംശുദ്ധി കൈവിടാതെ, കാലത്തിനൊപ്പം, ട്രെന്‍ഡിനൊപ്പം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: