ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ (38) കാര്‍ ഇടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തി. ഇന്നലെ രാത്രി എട്ടു മണിയോടെ മണ്ണഞ്ചേരി സ്കൂള്‍ കവലയ്ക്കു കിഴക്ക് കുപ്പേഴം ജംക്ഷനിലായിരുന്നു ആക്രമണം.
സ്കൂട്ടറില്‍ വീട്ടിലേക്കു പോകുകയായിരുന്ന പൊന്നാട് അല്‍ഷാ ഹൗസില്‍ ഷാനെ പിന്നില്‍ നിന്നു കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. നാട്ടുകാര്‍ ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. രാത്രി മരിച്ചു.
ആലപ്പുഴ നിയമസഭ, ലോക്സഭാ മണ്ഡലങ്ങളില്‍ എസ് ഡിപിഐ സ്ഥാനാര്‍ഥിയായി കെ എസ് ഷാന്‍ മല്‍സരിച്ചിട്ടുണ്ട്. അമ്പനാംകുളങ്ങര മഹല്ല് കമ്മിറ്റി അക്കൗണ്ടന്റ് ഓര്‍ഗനൈസറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ ജനറല്‍ സെക്രട്ടറി, എസ് ഡിപിഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാന സെക്രട്ടറിയാണ്. കഴിഞ്ഞ ടേമിലും സംസ്ഥാന സെക്രട്ടറിയായിരുന്നു. മാതാവ്: റഹ് മ. ഭാര്യ: ഫന്‍സില. മക്കള്‍: ഷിബ ഫാത്തിമ (11), ലിയ ഫാത്തിമ (6).
മണ്ണഞ്ചേരി ആപ്പൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നേരെ നടന്ന ക്രൂരമായ അക്രമങ്ങള്‍ സിപിഎം ഡി വൈ എഫ് ഐനേതൃത്വത്തിന്റെ അറിവോടെയാണെന്ന് എസ്ഡിപിഐ ആലപ്പുഴ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു
നിരന്തരമായി പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമങ്ങള്‍ അഴിച്ച് വിട്ട് കൊണ്ട് എസ്ഡിപിഐ യുടെ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാമെന്നത് സിപിഎം നേതൃത്വത്തിന്റെ വ്യാമോഹം മാത്രമാണെന്നും അണികളെ നിലക്ക് നിര്‍ത്തിയില്ലെങ്കില്‍ നേതൃത്വങ്ങള്‍ വലിയ വില നല്‍കേണ്ടി വരുമെന്നും മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: