തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ കണ്ടെത്താന്‍ പോലീസുകാരുമായി പോയ വള്ളം മുങ്ങി. കടക്കാവൂര്‍ അഞ്ചുതെങ്ങ് പണയില്‍ കടവിലാണ് അപകടമുണ്ടായത്. കാണാതായ പോലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. എസ്.എ.പി ക്യാമ്പിലെ പോലീസുകാരന് ബാലുവാണ് മരിച്ചത്. ആലപ്പുഴ സ്വദേശിയാണ് മരിച്ച ബാലു. മുക്കാല്‍ മണിക്കൂറില്‍ കൂടുതല്‍ ചെളിയുളള ഭാഗത്ത് ആണ്ടുപോയിരുന്നു. ഇതിന് ശേഷമാണ് ബാലുവിനെ കണ്ടെത്താനായത്. ഇയാളെ ഉടനെ വര്‍ക്കലയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പണയില്‍ കടവ് ഭാഗത്ത് ഒരു തുരുത്തില് പ്രതിയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് തിരച്ചിലിനായി സ്ഥലത്തേയ്ക്ക് പുറപ്പെട്ടത്. തുടര്‍ന്ന് സാധാരണ വള്ളത്തില്‍ ഒരു സി.ഐയും രണ്ട് പോലീസുകാരും തിരച്ചിലിനായി പുറപ്പെട്ടു. ഇതിനിടെയാണ് വള്ളം മറിഞ്ഞത്. മൂന്ന് പോലീസുകാരും വെള്ളത്തില്‍ വീണിരുന്നു. ഇവര്‍ കയറി കുറച്ച് മുന്‍പോട്ടു പോകുമ്പോള്‍ തന്നെ വളളം മറിഞ്ഞു.
പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രധാന പ്രതിയാണ് ഒട്ടകം രാജേഷ്. കേസിലെ പത്ത് പ്രതികളെ ഇതിനോടകം പോലീസ് പിടിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രതിയാണ് ഒട്ടകം രാജേഷ്. ഇയാള്‍ക്കായി തിരുവനന്തപുരം ജില്ലയില്‍ പോലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. അതിനിടെയാണ് പ്രതി അഞ്ചുതെങ്ങ് മേഖലയില്‍ ഒളിച്ച് താമസിക്കുന്നതായി വിവരം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ പോലീസ് ഈ മേഖലയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: