കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലേക്ക് നാവികരെയും (ജനറല്‍ ഡ്യൂട്ടി/ഡൊമസ്റ്റിക് ബ്രാഞ്ച്) യാന്ത്രികരെയും റിക്രൂട്ട് ചെയ്യുന്നു. ആകെ 322 ഒഴിവുകളാണുള്ളത്. ഭാരത പൗരന്മാര്ക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാര്ക്കാണ് അവസരം.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://joinindiacoastguard.cdac.in നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഓണ്‍ലൈനായി ജനുവരി 4 പതിനൊന്ന് മണി മുതല്‍ 14 വൈകിട്ട് അഞ്ച് മണിവരെ സമര്‍പ്പിക്കാം. 02/2022 ബാച്ചിലേക്കാണ് തെരഞ്ഞെടുപ്പ്. തസ്തികകളും ഒഴിവുകളുടെ മാനദണ്ഡങ്ങളും ചുവടെ.
- നാവിക് (ജനറല്‍ ഡ്യൂട്ടി), ഒഴിവുകള്‍-260 (ജനറല്‍-112, ഇഡബ്ല്യുഎസ്-28, ഒബിസി-72, എസ്സി-37, എസ്ടി-11), യോഗ്യത-മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.
- യാന്ത്രിക്-ഒഴിവുകള്‍, മെക്കാനിക്കല്‍-13, ഇലക്ട്രിക്കല്‍-9, ഇലക്ട്രോണിക്സ്-5, യോഗ്യത-പത്താം ക്ലാസ് പാസായിരിക്കണം. ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷന്‍ (റേഡിയോ/പവര്‍) എന്‍ജിനീയിറങ്ങില്‍ അംഗീകൃത ഡിപ്ലോമ നേടിയിരിക്കണം.
പ്രായപരിധി 18-22 വയസ്സ്. നാവിക് (ജനറല്‍ ഡ്യൂട്ടി), യാന്ത്രിക് തസ്തികകള്‍ക്ക് 2000 ഓഗസ്റ്റ് ഒന്നിനും 2004 ജൂലൈ 31 നും മധ്യേ ജനിച്ചവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. നാവിക, ഡൊമസ്റ്റിക് ബ്രാഞ്ചിലേക്ക് 2000 ഒക്ടോബര്‍ ഒന്നിനും 2004 സെപ്തംബര്‍ 30 നും മധ്യേ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങളില്‍പ്പെടുന്ന എസ്സി/എസ്ടിക്കാര്‍ക്ക് 5 വര്‍ഷവും ഒബിസി നോണ്‍ക്രിമിലെയര്‍ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്.
ഒരാള്‍ക്ക് ഏതെങ്കിലും ഒരു തസ്തികയ്ക്ക് മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. അപേക്ഷാ/പരീക്ഷാ ഫീസ് 250 രൂപ. എസ്സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. വിസ/മാസ്റ്റര്‍/റുപേ കാര്‍ഡ്/ഡബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിംഗ് മുഖേന ഫീസ് അടയ്ക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന, ഡോക്കുമെന്റ് വെരിഫിക്കേഷന് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
നാവിക് (ജനറല്‍ ഡ്യൂട്ടി/ഡൊമസ്റ്റിക് ബ്രാഞ്ച്) തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് പരിശീലനം നല്കി 21700 രൂപ ശമ്പളത്തില്‍ നിയമിക്കും. യാന്ത്രിക് തസ്തികയില്‍ 29200 രൂപ ശമ്പളത്തിലാണ് നിയമനം. ക്ഷാമബത്ത ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: