ന്യൂഡല്‍ഹി;പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗോവ സന്ദര്‍ശിക്കും. ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന ഗോവ വിമോചന ദിനാചരണ പരിപാടിയില്‍ പങ്കെടുക്കും. ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനികളെയും ഓപ്പറേഷന് വിജയ് സേനാനികളെയും പ്രധാനമന്ത്രി ആദരിക്കും. പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് ഗോവയെ മോചിപ്പിച്ച ഇന്ത്യന്‍ സായുധ സേനയുടെ ‘ഓപ്പറേഷന് വിജയ്’ വിജയം കൈവരിച്ചതിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഡിസംബര്‍ 19 ന് ഗോവ വിമോചന ദിനം ആഘോഷിക്കുന്നു.
മെഡിക്കല്‍ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തുടനീളം ഉയര്‍ന്ന നിലവാരത്തിലുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും നിരന്തരമായ ശ്രമമാണ് പ്രധാനമന്ത്രി നടത്തിവരുന്നത് . ഈ കാഴ്ചപ്പാടിന് അനുസൃതമായി, 380 കോടിയിലധികം രൂപ ചെലവില്‍ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതിക്ക് കീഴില്‍ നിര്‍മ്മിച്ചതാണ് ഗോവ മെഡിക്കല്‍ കോളേജ് & ഹോസ്പിറ്റലിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്. ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന, ഗോവ സംസ്ഥാനത്തുടനീളമുള്ള ഒരേയൊരു അത്യാധുനിക സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാണിത്. ആന്‍ജിയോപ്ലാസ്റ്റി, ബൈപാസ് സര്‍ജറി, കരള്‍ മാറ്റിവയ്ക്കല്‍, വൃക്ക മാറ്റിവയ്ക്കല്‍, ഡയാലിസിസ് തുടങ്ങിയ പ്രത്യേക സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ പി എം കെയേഴ്സിന് കീഴില്‍ സ്ഥാപിച്ചിട്ടുള്ള മിനിറ്റില്‍ ആയിരം ലിറ്റര്‍ ഉല്പാദന ശേഷിയുള്ള ഓക്സിജന്‍ പ്ലാന്റും ഇവിടെ ഉണ്ടാകും.
ഏകദേശം 220 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ന്യൂ സൗത്ത് ഗോവ ജില്ലാ ഹോസ്പിറ്റലില്‍ 33 സ്പെഷ്യാലിറ്റികളിലെ ഒപിഡി സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള ആധുനിക മെഡിക്കല്‍ അടിസ്ഥാനസൗകര്യം, അത്യാധുനിക ഡയഗ്നോസ്റ്റിക്, ലബോറട്ടറി സൗകര്യങ്ങള്‍ , ഫിസിയോതെറാപ്പി, ഓഡിയോമെട്രി തുടങ്ങിയ സേവനങ്ങളും സജ്ജീകരിച്ചിരിക്കുന്നു. ആശുപത്രിയില്‍ 500 ഓക്സിജന്‍ കിടക്കകളുണ്ട്. ഒപ്പം 5500 ലിറ്ററിന്റെ ദ്രവീകൃത മെഡിക്കല്‍ ഓക്സിജന്‍ ടാങ്കും, മണിക്കൂറില്‍ 600 ലിറ്റര്‍ ഉല്പാദന ശേഷിയുള്ള രണ്ടു പി എസ എ പ്ലാന്റുകളുമുണ്ട്.
സ്വദേശ് ദര്ശന് പദ്ധതി പ്രകാരം 28 കോടിയിലധികം രൂപ ചെലവഴിച്ചാണ് അഗ്വാഡ ഫോര്‍ട്ട് ജയില്‍ മ്യൂസിയം പൈതൃക വിനോദസഞ്ചാര കേന്ദ്രമായി പുനര്‍വികസിപ്പിച്ചത് . ഗോവയുടെ വിമോചനത്തിന് മുമ്പ്, സ്വാതന്ത്ര്യ സമര സേനാനികളെ തടവിലിടാനും പീഡിപ്പിക്കാനും അഗ്വാഡ കോട്ട ഉപയോഗിച്ചിരുന്നു. ഗോവയുടെ വിമോചനത്തിനായി പോരാടിയ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികള്‍ നല്കിയ സംഭാവനകളും ത്യാഗങ്ങളും ഉയര്‍ത്തിക്കാട്ടുന്ന മ്യൂസിയം അവര്‍ക്കുള്ള ഉചിതമായ ആദരം കൂടിയാണ്.
നിര്‍മ്മാണത്തിലിരിക്കുന്ന മോപ്പ വിമാനത്താവളത്തില്‍ ഏകദേശം 8.5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഏവിയേഷന്‍ സ്കില്‍ ഡെവലപ്മെന്റ് സെന്റര്‍ 16 വ്യത്യസ്ത തൊഴില്‍ പ്രൊഫൈലുകളില്‍ പരിശീലനം നല്‍കുന്നതിന് ലക്ഷ്യമിടുന്നു. മോപ്പ എയര്‍പോര്‍ട്ട് പദ്ധതി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇന്ത്യയിലും വിദേശത്തുമുള്ള മറ്റ് വിമാനത്താവളങ്ങളിലും പരിശീലനം നേടുന്നവര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കും.
കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ സംയോജിത ഊര്‍ജ വികസന പദ്ധതിക്ക് കീഴില്‍ ഏകദേശം 16 കോടി രൂപ ചെലവിലാണ് മര്‍ഗോവിലെ ദാവോര്ലിംനാവെലിമില് ഗ്യാസ് ഇന്‍സുലേറ്റഡ് സബ്സ്റ്റേഷന് നിര്‍മ്മിച്ചിരിക്കുന്നത്. ഡാവോര്ലിം, നെസ്സായി, നാവെലിം, അക്വംബൈക്സോ, ടെലൗലിം എന്നീ ഗ്രാമങ്ങളില്‍ ഇത് സ്ഥിരമായ വൈദ്യുതി വിതരണം ചെയ്യും.
ഗോവയെ ഉന്നതസാങ്കേതിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങള്‍ക്ക് അനുസൃതമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ട്രസ്റ്റിന്റെ ഇന്ത്യ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ലീഗല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സ്ഥാപിക്കും.
പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് ഗോവയെ മോചിപ്പിച്ച ഇന്ത്യന്‍ സായുധ സേനയുടെ സ്മരണയ്ക്കായി പ്രത്യേക കവറും പ്രത്യേക റദ്ദാക്കലും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ചരിത്രത്തിന്റെ ഈ പ്രത്യേക സംഭവം പ്രത്യേക കവറില്‍ കാണിച്ചിരിക്കുന്നു, അതേസമയം പ്രത്യേക റദ്ദാക്കല്‍ ഇന്ത്യന്‍ നാവികസേനയുടെ ഗോമന്തകിലെ യുദ്ധസ്മാരകത്തെ ചിത്രീകരിക്കുന്നു, ഇത് ‘ഓപ്പറേഷന് വിജയ്’ യില്‍ ജീവന് ബലിയര്‍പ്പിച്ച ഏഴ് യുവ ധീരരായ നാവികരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സ്മരണയ്ക്കായി നിര്‍മ്മിച്ചതാണ്. ഗോവ വിമോചന പ്രസ്ഥാനത്തിലെ രക്തസാക്ഷികളുടെ മഹത്തായ ത്യാഗങ്ങളെ അഭിവാദ്യം ചെയ്യുന്ന പത്രദേവിയിലെ ഹുതാത്മ സ്മാരകം ചിത്രീകരിക്കുന്ന ‘മൈ സ്റ്റാമ്പും’ പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ഗോവ വിമോചന സമര കാലത്തെ വിവിധ സംഭവങ്ങളുടെ ചിത്രങ്ങളുടെ കൊളാഷ് ചിത്രീകരിക്കുന്ന ‘മേഘദൂത് പോസ്റ്റ് കാര്‍ഡും’ പ്രധാനമന്ത്രിക്ക് സമ്മാനിക്കും.
മികച്ച പഞ്ചായത്ത്/മുനിസിപ്പാലിറ്റി, സ്വയംപൂര്‍ണ മിത്രങ്ങള്‍, സ്വയംപൂര്‍ണ ഗോവ പദ്ധതിയുടെ ഗുണഭോക്താക്കള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകളും പ്രധാനമന്ത്രി വിതരണം ചെയ്യും. സന്ദര്‍ശന വേളയില്‍, ഉച്ചകഴിഞ്ഞ് 2:15 ന്, പ്രധാനമന്ത്രി പനാജിയിലെ ആസാദ് മൈതാനിലെ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും നടത്തും. ഉച്ചകഴിഞ്ഞ് 2:30 ന് അദ്ദേഹം പനാജിയിലെ മിരാമറില്‍ സെയില്‍ പരേഡിലും ഫ്ലൈ പാസ്റ്റിലും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: