തിരുവനന്തപുരം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസായി ഉയര്‍ത്തുന്നതിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. വിവാഹപ്രായം ഉയര്‍ത്തുമ്പോള്‍ ഇഷ്ടമുള്ളപ്പോള്‍ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം നഷ്ടമാകും. അതിനാല്‍, പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ലേക്ക് ഉയര്‍ത്തിയത് അംഗീകരിക്കാനാവില്ലെന്ന് അവര്‍ പറഞ്ഞു.
18 വയസ്സുള്ള പെണ്‍കുട്ടി മുതിര്‍ന്ന പൗരയാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് അവരുടെ ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശം വേണം. വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയാണ് എങ്കില്‍ അതിനുള്ള അവകാശവുമുണ്ട്. 25ാം വയസ്സിലാണ് വിവാഹം കഴിക്കുന്നത് എങ്കില്‍ അതിനുള്ള അവകാശവുമുണ്ട്. വിവാഹം കഴിക്കുന്നില്ല എന്നാണെങ്കില്‍ അതിനുള്ള അവകാശവുമുണ്ട്. ഒരു മുതിര്‍ന്ന സ്ത്രീയുടെ വിവാഹത്തെയാണ് സര്‍ക്കാര്‍ നിയമത്തിലൂടെ കുറ്റകൃത്യമാക്കുന്നത്. ഇന്ന് നമ്മള് വനിതാ ശാക്തീകരണത്തെ കുറിച്ച് പറയുന്നു. എന്നാല്‍ അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു.
പെണ്‍കുട്ടികള്‍ക്ക് പോഷകാഹാരവും ആരോഗ്യവുമാണ് ഉറപ്പുവരുത്തേണ്ടത്. 21ാം വയസ്സിലാണ് പെണ്‍കുട്ടി സമ്പൂര്‍ണ ആരോഗ്യവതിയാകുന്നത് എന്നാണോ നിയമം കൊണ്ട് അര്‍ത്ഥമാക്കുന്നത്. പ്രായത്തില്‍ സമത്വം കൊണ്ടുവരുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്തു കൊണ്ട് പ്രായപൂര്‍ത്തിയാകുമ്പോള്‍ ആയിക്കൂടാ. അതാണ് നേരത്തെ ലോ കമ്മിഷന് നേരത്തെ ശിപാര്‍ശ ചെയ്തത്. കേന്ദ്രത്തിന്റെ നീക്കത്തില്‍ വ്യക്തമായ രഹസ്യ അജണ്ടകളുണ്ടെന്നും ബൃന്ദ കാരാട്ട് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: