കൊച്ചി : കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ്ചാന്സിലറെ പുനര്‍ നിയമിച്ചതില്‍ ചാന്ലിസര് കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉള്‍പ്പടെയുള്ളവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി. നിയമനത്തെ ചോദ്യം ചെയ്ത് നല്കിയ അപ്പീല്‍ ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.
അപ്പീലില്‍ സര്‍ക്കാരിനും യൂണിവേഴ്സിറ്റിക്കും നേരിട്ട് കോടതി നോട്ടീസ് നല്കി കഴിഞ്ഞു. ഗവര്‍ണര്‍ക്ക് പ്രത്യേക ദൂതന് വഴിയാകും ഹൈക്കോടതി നോട്ടീസ് കൈമാറുക. വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് ഹര്‍ജിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നും കോടതി വ്യക്തമാക്കി.
കണ്ണൂര്‍ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന് കീഴോത്ത്, അക്കാദമിക കൗണ്‍സില്‍ അംഗ ഡോ. ഷിനോ പി ജോസഫ് എന്നിവരാണ് ഉത്തരവിനെതിരെ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. വൈസ്ചാന്‍സിലറുടെ നിയമനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ സിംഗിള്‍ ബെഞ്ച് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പരാതിക്കാര്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. വസ്തുതകള്‍ പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ച് നടപടി സ്വീകരിച്ചതെന്നും അപ്പീലില്‍ പരാമര്‍ശിക്കുന്നുണ്ട്.
വിസിയുടേത് പുനര്‍ നിയമനമാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ചട്ട വിരുദ്ധത ഇല്ലെന്ന തീരുമാനത്തിലേക്ക് സിംഗിള്‍ ബെഞ്ച് എത്തിയത്. ആദ്യ നിയമനവും പുനര്‍ നിയമനവും തമ്മില്‍ വ്യത്യാസമുണ്ടെന്നും അതിനാല്‍ ആദ്യ നിയമനം നല്കുമ്പോള് പാലിക്കേണ്ട നടപടിക്രമങ്ങള്‍ പുനര്‍ നിയമനത്തില്‍ പാലിക്കേണ്ടതില്ലെന്നും വിലയിരുത്തി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതിനെയാണ് അപ്പീലില്‍ ചോദ്യം ചെയ്യുന്നത്.
ആദ്യ നിയമനവും പുനര്‍ നിയമനവും തമ്മില്‍ വ്യത്യാസമില്ല. അതിനാല്‍ യുജിസി മാനദണ്ഡങ്ങളെല്ലാം പാലിക്കണം. ഇക്കാര്യത്തില്‍ സിംഗിള്‍ ബെഞ്ചിന് തെറ്റുപറ്റി. 60 വയസ്സ് കഴിഞ്ഞയാളെ വിസിയായി നിയമിക്കാനാകില്ലെന്നാണ് ചട്ടം. പുനര്‍ നിയമന കാര്യത്തില്‍ പ്രായം ബാധകമല്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ വിലയിരുത്തല്‍ തെറ്റാണെന്നും അപ്പീലില്‍ പറയുന്നുണ്ട്. കേസില്‍ ഗവര്‍ണര്‍ നല്കുന്ന മറുപടി നിര്‍ണായകമാകും. ക്രിസ്തുമസ് അവധിക്ക് ശേഷം അപ്പീല്‍ വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: