ന്യൂദല്‍ഹി : സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വ്യക്തി നിയമങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി. ഇത് അനാവശ്യ സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കുമെന്നും എംപി പ്രതികരിച്ചു.
രാജ്യത്തെ സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍ നിന്നും 21 ആക്കി ഉയര്‍ത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്കു പിന്നില്‍ സദ് ഉദ്ദേശ്യമല്ല. ഏകീകൃത സിവില്‍ കോഡിലേക്ക് പോകാനുള്ള അജണ്ട കൂടി ഇതിന് പിന്നിലുണ്ട്. ഇത് അനാവശ്യമായ പ്രശ്നങ്ങള്‍ക്കിടയാക്കും. കേന്ദ്രം കൊണ്ടുവരുന്ന ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമം സ്ത്രീകളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 ആക്കുന്നതിന് അനുമതി നല്കിയ കേന്ദ്ര മന്ത്രിസഭയുടെ നടപടി പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലീഗ് എംപിമാര്‍ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. വിവാഹപ്രായം ഉയര്‍ത്തുന്നതും അത് സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ചും പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണം. മുസ്ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ബില്‍ കൊണ്ടുവരുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അടിയന്തിര പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ലീഗ് ലോക്സഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, എംപിമാരായ ഡോ എം പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവര്‍ ലോക്സഭയിലും പി.വി. അബ്ദുല്‍ വഹാബ് എംപി രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: