ഹ്യൂല്‍വ (സ്പെയിന്): നിലവിലെ ചാമ്പ്യനായ ഇന്ത്യയുടെ പി.വി. സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ തായ്ലന്‍ഡിന്റെ പോണ്‍പാവി ചോചുവോംഗിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. ലോക ഏഴാം നമ്പറായ സിന്ധു 21-14, 21-18 എന്ന സ്കോറിനാണ് വിജയിച്ചത്. മത്സരം നാല്‍പ്പത്തിയെട്ട് മിനിറ്റ് നീണ്ടു.
സിന്ധുവിന് മധുരപ്രതികാരമായി ഈ വിജയം. ഈമാസം നടന്ന ലോക ടൂര്‍ ഫൈനല്‍സിന്റെ ഗ്രൂപ്പ് മത്സരത്തിലും മാര്‍ച്ചില്‍ നടന്ന ഓള് ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിലും പോണ്‍പാവി ചോചുവോംഗ് സിന്ധുവിനെ തോല്‍പ്പിച്ചിരുന്നു. ഇതുവരെ ഇരുവരും എട്ടു തവണ ഏറ്റുമുട്ടി. ഇതില്‍ അഞ്ചു തവണയും സിന്ധുവാണ് വിജയിച്ചത്.
ഒളിമ്പിക്സ് മെഡല്‍ ജേതാവായ സിന്ധു ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പറായ ചൈനീസ് തായ്പേയിയുടെ തായ് സുവിനെ നേരിടും. സ്കോട്ലന്ഡിന്റെ ക്രിസ്റ്റി ഗില്‍മൗറിനെ പൊരുതിത്തോല്‍പ്പിച്ചാണ് തായ് സു ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍: 21-10, 19-21, 21-11.
ഇന്ത്യയുടെ അശ്വിനി പൊന്നപ്പ- എന്‍ സിക്കി റെഡ്ഡി സഖ്യം പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. തായ്ലന്‍ഡിന്റെ ജോങ്കോള്‍ഫാന്‍ – റാവിന്‍ഡ ടീമിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റു. സ്കോര്‍: 13-21, 15-21. മത്സരം 38 മിനിറ്റില്‍ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: