കുന്നത്തൂര്‍: ശാസ്താംകോട്ട ഭരണിക്കാവിലെ കൈത്തറി നെയ്ത്തുശാല പ്രവര്‍ത്തനം നിലച്ചിട്ട് കാല്‍നൂറ്റാണ്ട് പിന്നിട്ടു. കെട്ടിടം ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന സ്ഥിതിയില്‍.
പോരുവഴി ഹരിജന്‍ കൈത്തറി നെയ്ത്ത് വ്യവസായ സഹകരണസംഘത്തിന്റെ നേതൃത്വത്തില്‍ 1985ല്‍ ആരംഭിച്ച നെയ്ത്തുശാല ആദ്യവര്‍ഷങ്ങളില്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചത്. ഒരു വ്യവസായസ്ഥാപനം തങ്ങളുടെ നാട്ടില്‍ ആരംഭിച്ചതില്‍ അത്യാഹ്ലാദത്തിലായിരുന്നു നാട്ടുകാര്‍. കൈത്തറിമുക്ക് എന്ന പേരും സ്ഥലത്തിന് ചാര്‍ത്തിക്കിട്ടി. നൂറോളം തൊഴിലാളികള്‍ പണിയെടുത്തിരുന്ന നെയ്ത്തുശാല വിജയകരമായി മുന്നോട്ടു പോയെങ്കിലും ഭരണസമിതിയിലെ ചേരിതിരിവും രാഷ്ട്രീയ അതിപ്രസരവും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവുമെല്ലാം മുന്നോട്ടുള്ള പ്രയാണത്തിന് വിലങ്ങുതടിയായി. പതുക്കെ നെയ്ത്തുശാലയുടെ പ്രവര്‍ത്തനം നിലച്ചു.
വ്യവസായ വകുപ്പോ സര്‍ക്കാര്‍ സംവിധാനങ്ങളോ നെയ്ത്തുശാല പുനരുജ്ജീവിപ്പിക്കാന്‍ ആത്മാര്‍ഥമായി ശ്രമിച്ചതുമില്ല. തൊഴിലാളികളില്‍ പലരും കശുവണ്ടി ഫാക്ടറികളിലും മറ്റും ജോലി തേടിപ്പോയി. പ്രവര്‍ത്തനം നിലച്ച നെയ്ത്തുശാല ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ താവളമാണ്. കെട്ടിടത്തിന് ഭീഷണിയായി ആല്‍മരം ഭിത്തിയിലൂടെ വളര്‍ന്ന് മുകളിലെത്തി. നെയ്ത്ത് ശാലയെ കുറിച്ച് വ്യവസായ വകുപ്പിന്റെ കൈവശം രേഖകളില്ലെന്ന് വിവരാവകാശ രേഖകളില്‍ നിന്ന് വ്യക്തമാണ്. മിച്ചഭൂമിയായ സ്ഥലം വ്യവസായ വകുപ്പിന് കൈമാറിയ രേഖകള്‍ മാത്രമാണ് റവന്യൂ വകുപ്പിന്റെയും കയ്യിലുള്ളത്. സംഘാംഗങ്ങളില്‍ പലരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
പുതിയ സംഘം രൂപീകരിച്ചോ പഴയത് പുതുക്കിയോ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ചിലര്‍ ഈ വസ്തുവും കെട്ടിടവും കൈക്കലാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്തു സര്‍ക്കാര്‍ ഏറ്റെടുത്ത് ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: