ന്യൂദല്‍ഹി : ഷീന ബോറയെ താന്‍ കൊലപ്പെടുത്തിയിട്ടില്ല, മകള്‍ ജീവനോടെയുണ്ടെന്ന് ഇന്ദ്രാണി മുഖര്‍ജി. ഷീന ബോറ കശ്മീരില്‍ ജീവനോടെയുണ്ട്. ഇവിടെ തെരച്ചില്‍ നടത്തണമെന്നും ഇന്ദ്രാണി മുഖര്‍ജി സിബിഐക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
അടുത്തിടെ ജയിലില്‍ വെച്ച് പരിചയപ്പെട്ട ഒരു സ്ത്രീ കശ്മീരില്‍ വെച്ച് ഷീനയെ കണ്ടതായി വെളിപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ കശ്മീരില്‍ തെരച്ചില്‍ നടത്തണമെന്നും ഇന്ദ്രാണി മുഖര്‍ജിയുടെ കത്തില്‍ പറയുന്നുണ്ട്. നിലവില്‍ ബൈക്കുള ജയിലില്‍ തടവില്‍ കഴിയുകയാണ് അവര്‍. മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ 2015ലാണ് അവര്‍ പിടിയിലാകുന്നത്.
കഴിഞ്ഞ മാസം ബോംബെ ഹൈക്കോടതിയില്‍ ഇന്ദ്രാണി മുഖര്‍ജി ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി അത് തള്ളി. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കാനിരിക്കേയാണ് ഷീന ജീവിച്ചിരിപ്പുണ്ടെന്ന അവകാശ വാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായ് തോക്കുമായി അറസ്റ്റിലായതോടെയാണ് ഷീന ബോറ കൊലക്കേസ് പുറത്തറിയുന്നത്.
ഷീനയും ഇന്ദ്രാണിയും സഹോദരിമാരാണെന്നാണ് ആദ്യം പുറത്ത് വന്ന വിവരം. പിന്നീട് അന്വേഷണം പുരോഗമിച്ചപ്പോഴാണ് ഷീന ബോറ ഇന്ദ്രാണിയുടെ മകളാണെന്ന് പുറത്തുവരുന്നത്. മക്കളായ ഷീനയേയും മിഖായേലിനേയും ഗുവാഹത്തിയിലുള്ള മാതാപിതാക്കള്‍ക്കൊപ്പമാണ് ഇന്ദ്രാണി പാര്‍പ്പിച്ചിരുന്നത്. പിന്നീട് ഇവരെ കുറിച്ചറിഞ്ഞ ഷീന ഇന്ദ്രാണിയെ തേടി മുംബൈയിലെത്തി. സഹോദരിയാണെന്ന് പറഞ്ഞാണ് ഇന്ദ്രാണി പീറ്റര്‍ മുഖര്‍ജി ഉള്‍പ്പടെയുള്ളവര്‍ക്ക് ഷീനയെ പരിചയപ്പെടുത്തിയത്.
തനിക്ക് ഒരു വീട് വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷീന സ്ഥിരം ഇന്ദ്രാണിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെ ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്ററിന്റെ ആദ്യ വിവാഹത്തിലുള്ള മകനായ രാഹുലും ഷീനയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഷീനയെ കാണാതായതോടെ രാഹുലും അവരുടെ സഹോദരന് മിഖായേലും അന്വേഷിച്ചിറങ്ങുകയായിരുന്നു.
മുംബൈയിലെ ബാന്ദ്രയില്‍ വെച്ച് ഷീനയെ കൊലപ്പെടുത്തിയ ശേഷം റായ്ഗഡിലേക്ക് മൃതശരീരം കൊണ്ട് പോയി നശിപ്പിച്ചുവെന്നും ഇതിന് തെളിവുണ്ടെന്നുമാണ് അന്വേഷണ ഏജന്‍സികള്‍ വാദിക്കുന്നത്. എന്നാല്‍ ഇത് ഇന്ദ്രാണി നിഷേധിച്ചു. ഇന്ദ്രാണിക്ക് പുറമേ അവരുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഈ കേസില്‍ അറസ്റ്റിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: