തിരുവനന്തപുരം: സംസ്ഥാനത്ത് യൂണിക് തണ്ടപ്പേര് നടപ്പാക്കുന്നതിന്റെ ഭാഗമായി തണ്ടപ്പേരുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭൂമി വിവരങ്ങളും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ആഗസ്ത് 23ന് കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ അനുമതി ലഭ്യമായിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.
യൂണിക് തണ്ടപ്പേര് സംവിധാനം നടപ്പാക്കുന്നതോടെ ഒരു പൗരന് സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും 13 അക്കങ്ങളുള്ള ഒറ്റ തണ്ടപ്പേരാകും ഉണ്ടാകുക. ഇതോടെ ഇന്ത്യയില്‍ ആദ്യമായി യൂണിക് തണ്ടപ്പേര് സംവിധാനം നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറും. എന്നാല്‍ യൂണിക് തണ്ടപ്പേര് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടില്ല.
ഘട്ടം ഘട്ടമായി ആധാറും യൂണിക് തണ്ടപ്പേരുമായി ബന്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ആധാറുമായി ബന്ധിപ്പിക്കുന്നതോടെ നിയമാനുസൃതമായതിനേക്കാള് കൂടുതല്‍ ഭൂമി കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനും അവ തിരികെ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്കാന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: