ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം തുറന്നു വിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കാന്‍ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഡാമുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ട സമിതിയെയാണ് സമീപിക്കേണ്ടതെന്ന് ആവര്‍ത്തിച്ച സുപ്രീംകോടതി, കോടതിയില്‍ രാഷ്ട്രീയം കളിക്കരുതെന്ന മുന്നറിയിപ്പും കേരളത്തിന് നല്കി.
മുല്ലപ്പെരിയാറിലെ ജലം തുറന്നുവിടുന്നതു തീരുമാനിക്കുന്നതിനായി കേരളത്തിലെയും തമിഴ്നാട്ടിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക സമിതി രൂപീകരിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ജയ്ദീപ് ഗുപ്ത ഇക്കാര്യം കോടതിയെ അറിയിച്ചു. എന്നാല്‍ കേരളത്തിന്റെ ആവശ്യം കോടതി തള്ളി. ജലം തുറന്നുവിടുന്നതടക്കമുള്ള എല്ലാ വിഷയങ്ങളും പരിഗണിക്കാനാണ് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഡാമില്‍ നിന്ന് ജലം തുറന്നുവിടുന്നതില്‍ പരാതിയുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യം സമീപിക്കേണ്ടത് മേല്‍നോട്ട സമിതിയെയാണെന്ന് കോടതി പറഞ്ഞു. പരാതികള്‍ ഉന്നയിച്ചാലും മേല്‍നോട്ട സമിതി നടപടി സ്വീകരിക്കുന്നില്ലെന്ന് കേരളത്തിന്റെ അഭിഭാഷകന് അറിയിച്ചു. കേരളത്തിന്റെ പ്രതിനിധി കൂടി ഉള്‍പ്പെടുന്നതാണല്ലോ മേല്‍നോട്ട സമിതിയെന്നും സമിതിക്ക് വീഴ്ചയുണ്ടായാല്‍ അതു കേരളത്തിന്റെ അംഗത്തിന്റെ കൂടി പരാജയമാണെന്നും കോടതി തുറന്നടിച്ചു. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം പ്രതിനിധിയെ കുറ്റപ്പെടുത്തൂവെന്നും ജസ്റ്റിസ് ഖാന്‍വില്‍ക്കല്‍ കേരളത്തോട് പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാമിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ സാധ്യമല്ല. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരന്തരം അപേക്ഷകള്‍ ഫയല്‍ ചെയ്യുന്ന നടപടി ശരിയല്ല. ആവശ്യങ്ങളും പരാതികളും മേല്‍നോട്ട സമിതിയെ അറിയിക്കണം. അപേക്ഷകളിന്മേല് താമസമില്ലാതെ മേല്‍നോട്ട സമിതി തീരുമാനമെടുക്കണം, കോടതി നിര്‍ദേശിച്ചു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയ സമ്മര്ദമുണ്ടാവാമെന്നും എന്നാല്‍ രാഷ്ട്രീയം കോടതിക്ക് പുറത്തു മതിയെന്നും കോടതി അന്ത്യശാസനം നല്കി. മുല്ലപ്പെരിയാറിലെ റൂള്‍ കര്‍വുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ജനുവരി 11ലേക്ക് സുപ്രീംകോടതി മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: