കേരളത്തില്‍ ഐടിഡിപി പ്രോജക്ട് ഏരിയ നിലവിലുള്ള ഏക പ്രദേശം അട്ടപ്പാടിയാണ്. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി, അഗളി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ഷോളയൂര്‍, പുതൂര്‍, ആനക്കട്ടി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, 28 സബ് സെന്ററുകള്‍, ഹോമിയോ ഡിസ്പെന്‍സറികള്‍, ആയുര്‍വേദ ആശുപത്രി, അഞ്ച് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍. ആറ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആറ് വനിതാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, 26 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, എന്നിവരും പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമേ 60 ആശാവര്‍ക്കര്‍മാര്‍, 140 എസ്ടി പ്രെമോട്ടര്‍മാര്‍, 175 അങ്കണവാടികള്‍ (അഗളി 64, ഷോളയൂര്‍ 54, പുതൂര്‍ 57), 180 കുടുംബശ്രീ ഹെല്‍ത്ത് ആനിമേറ്റര്‍മാര്‍. കൂടാതെ സ്വകാര്യ ആശുപത്രികളും. ഇത്രയേറെ സുസജ്ജമായ ആരോഗ്യ സംവിധാനങ്ങളുള്ള നാട്ടിലാണ് ശിശുമരണത്തിന്റെ എണ്ണത്തില്‍ മാറ്റമില്ലാത്ത അവസ്ഥയുള്ളത്.
ഭാരക്കുറവും ന്യുമോണിയയും മസ്തിഷ്കാഘാതവും
ഈ വര്‍ഷം ഇതുവരെ ജീവന് നഷ്ടപ്പെട്ടത് ഒമ്പത് കുരുന്നുകള്‍ക്ക്. ഇതില്‍ ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ശ്വാസതടസവും മസ്തിഷ്കാഘാതവും ന്യുമോണിയയുമെല്ലാമാണ് മരണകാരണം.
ഈ വര്‍ഷമാദ്യം കറുക്കത്തിക്കല്ലില്‍ ഓമന- ചിന്നരാജ് ദമ്പതികളുടെ മൂന്ന് മാസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. 2.260 തൂക്കമുണ്ടായിരുന്ന കുഞ്ഞ് ലുക്കീമിയ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച് വീട്ടില്‍ വെച്ചാണ് മരിച്ചത്. ജനനം പെരിന്തല്‍മണ്ണ ഇഎംഎസിലും.വെന്തവെട്ടിയില്‍ പൊന്നി- രാമസ്വാമി എന്നിവരുടെ രണ്ട് ദിവസം പ്രായമായ 2.560 കിലോഗ്രാം തൂക്കമുള്ള ആണ്‍കുഞ്ഞിന്റെ മരണ കാരണം ഇപ്പാഴും വ്യക്തമല്ല. ജനനവും മരണവും കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു. മേലെ മുള്ളിയില്‍ ഗായത്രിയുടെയും രാമന്റെയും 13 ദിവസം പ്രായമുണ്ടായിരുന്ന കുഞ്ഞ് രക്തത്തില്‍ ഗ്ലൂക്കോസിന്റെ സാന്നിധ്യം കുറഞ്ഞതിനാലാണ് മരിച്ചത്. 850 ഗ്രാം മാത്രം ഭാരമുണ്ടായിരുന്ന പെണ്‍കുഞ്ഞിന്റെ ജനനം വീട്ടിലായിരുന്നു. മരണം കോഴിക്കോട് മെഡിക്കല്‍ കോളേജിലും. മേലെ ആനവായില്‍ സന്ധ്യ-രമേഷ് എന്നിവരുടെ അഞ്ച് ദിവസം പ്രായമുള്ള 1.930 കിലോഗ്രാം തൂക്കമുള്ള ആണ്‍കുഞ്ഞ് ശ്വസന സംബന്ധമായ രോഗം ബാധിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് മരിക്കുന്നത്. ജനനം കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലും. ചുണ്ടകുളത്ത് പവിത്രയുടെയും ബാബുരാജിന്റെയും ആറ് ദിവസം പ്രായമുള്ള 715 ഗ്രാം മാത്രം ഭാരമുണ്ടായിരുന്ന ആണ്‍കുട്ടിയും ഗുരുതരമായ വളര്‍ച്ചക്കുറവ്, ഹൃദയസംബന്ധമായ തകരാര്‍, മസ്തിഷ്കാഘാതം എന്നിവ മൂലം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് മരിച്ചത്. ജനനവും അവിടെ തന്നെ.
തൂവയില്‍ വള്ളി- രാജേന്ദ്രന് എന്നിവരുടെ 42 ദിവസം പ്രായമായ ആണ്‍കുഞ്ഞിന് തീവ്രമായ വളര്‍ച്ചക്കുറവ്, ഗര്‍ഭാശയാന്തര വളര്‍ച്ചാ പ്രതിബന്ധം കൂടാതെ രക്തചംക്രമണത്തിലെ പ്രശ്നങ്ങള്‍ക്കൊപ്പം ശ്വസന സംബന്ധമായ പ്രശ്നങ്ങളും ന്യുമോണിയയും ബാധിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ തന്നെയായിരുന്നു ജനനവും മരണവും. ജനനസമയത്ത് 715 ഗ്രാം ആയിരുന്നു കുഞ്ഞിന്റെ ഭാരം.
വീട്ടിയൂരില്‍ ഗീതു-സുനീഷ് എന്നിവരുടെ മൂന്ന് ദിവസം പ്രായമായ 2.200 കിലോഗ്രാം തൂക്കമുള്ള ആണ്‍കുഞ്ഞ് ഭാരക്കുറവും ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ മെക്കോണിയം പുറത്തുപോയതിനാലുമാണ് മരിച്ചത്. ന്യുമോണിയയും ബാധിച്ചിരുന്നു. ജനനവും മരണവും മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍.
കതിരംപതി ഊരില്‍ രമ്യ- അയ്യപ്പന് എന്നിവരുടെ 10 മാസം പ്രായമായ ജനനസമയത്ത് 1.830 കിലോഗ്രാം തൂക്കമുണ്ടായിരുന്ന പെണ്‍കുഞ്ഞ് ഹൃദയസംബന്ധമായ രോഗങ്ങളും സെറിബ്രല്‍ പാഴ്സിയും ബാധിച്ചാണ് മരിച്ചത്. ജനനം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും മരണം വീട്ടിലുമായിരുന്നു.
ഭീഷണിയാകുന്ന അരിവാള്‍ രോഗം
ശിശുമരണത്തിനൊപ്പം ഇത്തവണ അരിവാള്‍ രോഗിയായ അമ്മയുടെയും കുഞ്ഞിന്റെയും മരണവുമുണ്ടായിരുന്നു. അഗളി കൊറവങ്കണ്ടി ഊരിലെ ബാലകൃഷ്ണന്റെ ഭാര്യ 23കാരിയായ തുളസി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. സിക്കിള്‍സെല്‍ അനീമിയ ബാധിച്ച തുളസി ഏഴുമാസം ഗര്‍ഭിണിയായിരുന്നു. ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവനുണ്ടായിരുന്നില്ല.
ജനിതക കാരണങ്ങളാല്‍ ചുവന്ന രക്തകോശങ്ങള്‍ക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താല്‍ സംഭവിക്കുന്ന രോഗമാണ് അരിവാള്‍ രോഗം അഥവാ അരിവാള്‍ കോശ വിളര്‍ച്ച. ചുവന്ന രക്താണുക്കള്‍ക്ക് രൂപമാറ്റം സംഭവിച്ച് അരിവാള്‍ രൂപത്തിലാവുകയും ഇലാസ്തികത നഷ്ടപ്പെടുകയും ചെയ്യുന്നതാണ് ഈ രോഗാവസ്ഥ. പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല. ജീനിലൂടെ അടുത്ത തലമുറയിലേക്കും രോഗം പടരും. രോഗമുള്ള മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് രോഗം വരാനുള്ള സാധ്യത 25% ആണ്. സിക്കിള്‍ സെല്‍ ട്രെയ്റ്റ് ഉള്ള രണ്ട് പേര് വിവാഹിതരായാല്‍ അവരുടെ കുട്ടികളിലേക്കും രോഗം പടരാന്‍ സാധ്യതയുണ്ട്. അരിവാള്‍ കോശ രോഗമുള്ള വ്യക്തികള്‍ തമ്മില്‍ വിവാഹം കഴിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
200 അരിവാള്‍ രോഗികളാണ് ഇപ്പോള്‍ അട്ടപ്പാടിയിലുള്ളത്. എട്ട് പേര് ഗര്‍ഭിണികളാണ്. 40 കുട്ടികളുണ്ട്. ആറു മാസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും അനീമീയ പരിശോധന നടത്തുന്നുണ്ടെങ്കിലും 2015ന് ശേഷം ഊര് കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ നടക്കുന്നില്ലെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: