കൊച്ചി: ശബരിമല അയ്യപ്പ ക്ഷേത്രത്തിലേക്കുള്ള പരമ്പരാഗത കാനന പാത സഞ്ചാരയോഗ്യമാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 16ന് പ്രതിഷേധ യാത്ര സംഘടിപ്പിക്കുമെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാത മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ അടച്ചിട്ടിരിക്കുകയാണ്.
ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന ഭാഗമാണ് എരുമേലിയില്‍ നിന്ന് പരമ്പരാഗത കാനന പാത വഴിയുള്ള യാത്ര. കൊവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടും ശബരിമല ആചാരനുഷ്ഠാനങ്ങളുടെ കാര്യത്തിലോ തീര്‍ത്ഥാടനത്തിന്റെ കാര്യത്തിലോ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ പലതും തുടരുകയാണ്. സര്‍ക്കാര്‍ അയ്യപ്പഭക്തരോട് കാട്ടുന്ന നീതിനിഷേധം ഒരിക്കലും ന്യായീകരിക്കാവുന്നതല്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.
ഇതിനെതിരെ ഹൈന്ദവ സംഘടനകളും ഭക്തജനങ്ങളും നേരിട്ടും കത്തു മുഖേനയും ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും നല്കിയ പരാതികളില്‍ ചിലത് മാത്രം അംഗീകരിക്കുകയും എന്നാല്‍ പരമ്പരാഗത കാനന പാത മണ്ഡലകാലം അവസാനിക്കാറായ സമയത്ത് പോലും സഞ്ചാരയോഗ്യമാക്കി തുറന്ന് നല്‍കാതിരുക്കുകയും ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധ യാത്ര നടത്തുന്നത്. ഭക്തജനങ്ങള്‍ 16ന് രാവിലെ ഒമ്പതിന് എരുമേലിയില്‍ ഒത്തുചേരും. തുടര്‍ന്ന് ഭക്തജന സമ്മേളനത്തില്‍ വിവിധ മേഖലയിലുള്ള പ്രമുഖര്‍ സംസാരിക്കും. തുടര്‍ന്ന് 11 മണിയോടെ എരുമേലിയില്‍ നിന്നും പരമ്പരാഗത പാത വഴിയുള്ള യാത്ര ആരംഭിക്കും.
പത്രസമ്മേളനത്തില്‍ ശബരിമല അയ്യപ്പ സേവ സമാജം ദേശീയ വൈസ് ചെയര്മാന് എസ്.ജെ.ആര്. കുമാര്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ശിവന്, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എം. മോഹനന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: