ന്യൂദല്‍ഹി: നായകമാറ്റത്തില്‍ വിരാട് കോഹ്ലിയുടെ പരിഭവവും പിണക്കവും തീരുന്നില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന മത്സരത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് കീഴില്‍ കളിക്കാന്‍ മടിച്ച് പരമ്പരയില്‍ നിന്ന് കോഹ്ലി പിന്മാറി. കുടുംബത്തോടൊപ്പം ചെലവഴിക്കാനാണെന്നാണ് കാരണം പറഞ്ഞത്. അതേസമയം, കോഹ്ലിയുടെ പിന്മാറ്റത്തിനെതിരെ പല മുന്‍ താരങ്ങളും രംഗത്തെത്തി.
മകളുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കണമെന്ന ആവശ്യത്തിലാണ് കോഹ്ലി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ അവധി ചോദിച്ചത്. എന്നാല്‍ പിറന്നാള്‍ ദിനം ടെസ്റ്റ് പരമ്പരയുടെ സമയത്താണ്. എന്നിട്ടും ടെസ്റ്റ് ഒഴിവാക്കുന്നില്ല, പകരം ഏകദിനം വേണ്ടെന്ന് വയ്ക്കുന്നു. കൗതുകമുണര്‍ത്തുന്ന ചോദ്യമാണ് ആരാധകര്‍ക്കിടയില്‍ ഉയരുന്നത്. തര്‍ക്കങ്ങളും പിണക്കങ്ങളും ടീമിന്റെ അകത്തളങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നെന്നും വാര്‍ത്തകളുണ്ട്. ഇക്കാര്യത്തില്‍ കൃത്യമായ പ്രസ്താവനകള്‍ക്കോ മറുപടികള്‍ക്കോ ബിസിസിഐ അധികൃതര്‍ തയാറായിട്ടില്ല. രോഹിത്തിന് കീഴില്‍ കോഹ്ലി കളിക്കുന്ന മുഹൂര്‍ത്തത്തിന് ഇനിയും കാത്തിരിക്കണമെന്ന് ചുരുക്കം. പടലപ്പിണക്കങ്ങള്‍ ഒരുപാട് കണ്ടിട്ടുള്ള ഇന്ത്യന്‍ ടീമില്‍ ഇന്ന് നിയന്ത്രണ ചരട് വലിക്കുന്നത് രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയുമാണ്. താരങ്ങളുടെ ‘ഈഗോ’ ഇനി വച്ചുപുറപ്പിക്കില്ലെന്ന് ഉറപ്പ്.
കളിയുടെ മൂന്ന് ഫേര്മാറ്റുകളിലും ഒന്നിച്ച് നായകനായി വിലസിയ കോഹ്ലിക്ക് അപ്രതീക്ഷിതമായി കിട്ടിയ അടിയായിരുന്നു ഏകദിനത്തിലെ നായകമാറ്റം. ലോകകപ്പിന് തൊട്ടുമുന്‍പ് ട്വന്റി20 നായകസ്ഥാനം ഒഴിയുമെന്ന് അപ്രതീക്ഷിത പ്രഖ്യാപനം നടത്തി കോഹ്ലി തന്നെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ബിസിസിഐയും ഗാംഗുലിയും കോഹ്ലി ഒഴിയരുതെന്നാണ് നിര്‍ദേശിച്ചത്. എന്നാല്‍, ഇതു മറികടന്നാണ് കോഹ്ലി രാജിവച്ചതെന്ന് പിന്നീട് വാര്‍ത്തകള്‍ വന്നു.
ലോകകപ്പ് കഴിയുന്നതു വരെ പ്രതികരിക്കാതിരുന്ന ഗാംഗുലി, അതിനു ശേഷം കൃത്യസമയത്ത് തിരിച്ചടിച്ചു. ലോകകപ്പിലെ മോശം പ്രകടനവും തീരുമാനങ്ങള്‍ക്ക് വേഗത നല്കി. കോഹ്ലിയെ പോലും ഞെട്ടിച്ചായിരുന്നു ഏകദിനത്തില്‍ നായക മാറ്റമെന്ന പ്രഖ്യാപനം വന്നത്. സ്ഥിരം ശൈലിക്ക് വിപരീതമായി മുന്‍ നായകന് നന്ദി പറയാന്‍ പോലും ബിസിസിഐ തയാറായില്ല. ഏകദിന നായകപദവി ഒഴിയണമെന്ന് കോഹ്ലിയോട് ബിസിസിഐ ആവശ്യപ്പെട്ടിരുന്നെങ്കിലും വഴങ്ങിയില്ലെന്നാണ് സൂചനകള്‍. അതിനു പിന്നാലെ ഒഴിവാക്കിയുള്ള പ്രഖ്യാപനം പുറത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: