സമരം ചെയ്യുന്ന മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടത് സ്വാഭാവികം. അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്നവരോട് പിണറായി വിജയന് നേതൃത്വം നല്കുന്ന സര്‍ക്കാരിന്റെ പൊതുസമീപനം ശത്രുതാപരമാണ്. തുറന്ന മനസ്സോടെ ചര്‍ച്ചകള്‍ നടത്തി ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനു പകരം അവരെ കഴിയാവുന്നത്ര അവഗണിക്കുകയും പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്യുകയെന്നതാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ രീതി. വിവിധ ആവശ്യങ്ങളുന്നയിച്ച് കെജിഎംഒഎ, കെജിഎംസിടിഎ എന്നീ സംഘടനകളും പിജി ഡോക്ടര്‍മാരുടെയും ഹൗസ് സര്ജന്മാരുടെയും സംഘടനകളും സമരത്തിലാണ്. ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന നില്‍പ്പുസമരം ഏഴ് ദിവസം പിന്നിട്ടിട്ടും അനുനയിപ്പിക്കാനുള്ള ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. മെഡിക്കല്‍ കോളജുകളിലെ അധ്യയനത്തെയും ചികിത്സയെയും ബാധിക്കുന്ന തീരുമാനങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. പിജി വിദ്യാര്‍ത്ഥികളുടെ സമരം ഇനിയും നീണ്ടാല്‍ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ അത്യാഹിത വിഭാഗത്തിലേക്കു മാത്രമായി ചുരുക്കേണ്ടിവരുമെന്ന് കത്തില്‍ മുന്നറിയിപ്പ് നല്കിയിരിക്കുന്നു. സമരം നീണ്ടുപോയാല്‍ എംബിബിഎസ്, പിജി സൂപ്പര്‍ സ്പെഷ്യാലിറ്റി വിദ്യാര്‍ത്ഥികളുടെ അധ്യാപനം, പരിശീലനം എന്നിവ നിര്‍ത്തിവയ്ക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇപ്പോള്‍ തന്നെ മെഡിക്കല്‍ കോളജുകള്‍ അഞ്ച് ദിവസമായി താളംതെറ്റിയ അവസ്ഥയിലാണ്.
ഒന്നാംവര്‍ഷ പിജി പ്രവേശനം നേരത്തെയാക്കണമെന്നും ജോലിഭാരം കുറയ്ക്കാന്‍ നടപടി വേണമെന്നുമാണ് പിജി വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. പിജിക്കാരുടെ സമരം കാരണം ജോലിഭാരം കൂടുന്നു എന്നാരോപിച്ചാണ് ഒപിയിലും വാര്‍ഡുകളിലും ഡ്യൂട്ടിയിലുള്ള ഹൗസ്സര്ജന്മാര് പ്രതിഷേധിക്കുന്നത്. ആലപ്പുഴയില്‍ ഹൗസ് സര്‍ജനെ ആക്രമിച്ചതിലും ഒരാഴ്ച അറുപതിലധികം മണിക്കൂറുകള്‍ ജോലിചെയ്യേണ്ടി വരുന്നതിലും പ്രതിഷേധിച്ച് കെജിഎംസിടിഎ സംസ്ഥാന വ്യാപകമായി സമരത്തിലാണ്. ഇത്തരമൊരു ഗുരുതരമായ സാഹചര്യം രൂപംകൊണ്ടിട്ടും വളരെ ലാഘവബുദ്ധിയോടെയാണ് ആരോഗ്യമന്ത്രി പെരുമാറുന്നത്. മന്ത്രിയെന്ന നിലയ്ക്ക് സ്വന്തം ചുമതലകള്‍ നിറവേറ്റുന്നതില്‍ നിരന്തരം പരാജയപ്പെടുകയാണ്. സമരം ചെയ്യുന്നവരുടെ പരാതികള്‍ കേള്‍ക്കാന്‍ പോലും മന്ത്രി തയ്യാറാവുന്നില്ല. പകരം പ്രൈവറ്റ് സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരുമാണ് മന്ത്രിക്കുവേണ്ടി കാര്യങ്ങളില്‍ ഇടപെടുന്നത്. എടുത്തുപറയത്തക്ക രാഷ്ട്രീയ പശ്ചാത്തലമോ ഭരണപരിചയമോ ഇല്ലാത്തതിനാല്‍ പ്രശ്നങ്ങളുടെ ഗുരുതരാവസ്ഥയോ ഇതുമൂലം ജനങ്ങള്‍ നേരിടുന്ന വിഷമതകളോ മനസ്സിലാക്കാന്‍ മന്ത്രിക്ക് കഴിയുന്നില്ല. ആരോഗ്യമന്ത്രിയുടെ പല ഇടപെടലുകള്‍ക്കും പ്രദര്‍ശനമൂല്യം മാത്രമാണുള്ളതെന്ന ആക്ഷേപം ശക്തമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് സംഭവിച്ച വീഴ്ചയ്ക്ക് ഉത്തരവാദിയായി പലരും ചൂണ്ടിക്കാട്ടിയത് മന്ത്രിയുടെ കഴിവില്ലായ്മയാണ്. എന്നിട്ടും പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്താന്‍ മന്ത്രി തയ്യാറാവുന്നില്ല എന്നതിനു തെളിവാണ് പിജി ഡോക്ടര്‍മാരുടെയും മറ്റും സമരത്തോട് പുലര്‍ത്തുന്ന നിഷേധാത്മക സമീപനം.
ആരോഗ്യ-മെഡിക്കല്‍ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണേണ്ടതുണ്ട്. മറ്റ് മേഖലകള്‍ പോലെയല്ല ഇത്. ആശുപത്രികളെ ആശ്രയിക്കുന്ന രോഗികള്‍ക്ക് യഥാസമയം ചികിത്സ നല്‍കുന്നതിനും ശസ്ത്രക്രിയകള്‍ നടത്തുന്നതിനുമൊക്കെ വിശ്രമമില്ലാതെ പണിയെടുക്കുന്ന ഡോക്ടര്‍മാരുടെ അവകാശം നിഷേധിക്കുന്നതും ആവശ്യങ്ങളോട് മുഖം തിരിക്കുന്നതുമൊക്കെ അവരോട് മാത്രമല്ല രോഗികളോടും ചെയ്യുന്ന ദ്രോഹമായേ കാണാനാവൂ. ഒമിക്രോണ്‍ എന്ന പുതിയ വകഭേദത്തിന്റെ വരവോടെ ജനങ്ങള്‍ വീണ്ടും കൊവിഡ് ഭീതിയുടെ നിഴലില്‍ കഴിയുമ്പോള്‍ ആശുപത്രി സംവിധാനങ്ങളുടെ താളം തെറ്റാന്‍ ഒരുതരത്തിലും അനുവദിച്ചുകൂടാ. സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാനും അവ സമയബന്ധിതമായി പരിഹരിക്കാനുമുള്ള സന്നദ്ധത സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മുന്‍വിധിയില്ലാതെ ചര്‍ച്ച നടത്തിയാല്‍ ഇപ്പോഴത്തെ അന്തരീക്ഷത്തിന് അയവുവരും. നിസ്സഹായരായ രോഗികളുടെ പ്രശ്നങ്ങള്‍ മറ്റാരെക്കാളും അറിയാവുന്നവരാണ് ഡോക്ടര്‍മാര്‍. രോഗികളെ കരുതിക്കൂട്ടി ഉപദ്രവിക്കുന്ന സമീപനം ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇതൊക്കെ മനസ്സില്‍വച്ചുകൊണ്ട് ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കാണ് സര്‍ക്കാര്‍ മുന്‍കയ്യെടുക്കേണ്ടത്. സമരക്കാരോടുള്ള സര്‍ക്കാരിന്റെ അസഹിഷ്ണുത വിലപ്പെട്ട സമയം പാഴാക്കിക്കളയും. സമരക്കാരെ പാഠം പഠിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുമ്പെടുന്നതെങ്കില്‍ സ്ഥിതി സങ്കീര്‍ണമാകും. ദുരഭിമാനം മാറ്റിവച്ച് സമരരംഗത്തുള്ള ഡോക്ടര്‍മാരുമായി എത്രയും വേഗം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടുപിടിക്കുകയാണ് വേണ്ടത്. സമൂഹത്തിന് വിലയേറിയ സേവനങ്ങള്‍ ചെയ്യുന്ന ഒരു വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും നേര്‍ക്ക് കണ്ണടയ്ക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഡോക്ടര്‍മാരുടെ സമരം നീണ്ടുപോകുന്തോറും സര്‍ക്കാരിന്റെ ചീത്തപ്പേര് കൂടുകയേയുള്ളൂ. ആരോഗ്യമന്ത്രി ഉചിതമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിന് പരിഹാരം കണ്ടെത്തേണ്ട ബാധ്യതയും സര്‍ക്കാരിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: