മുംബൈ: ബോളിവുഡ് നടി കരീന കപൂര്‍ ഖാനും ഉറ്റസുഹൃത്തായ അമൃത അറോറയും കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് (ബിഎംസി) ഇവരുടെ വീട് സീല്‍ ചെയ്തു. അടുത്ത കാലത്ത് ‘കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുകയും നിരവധി പാര്‍ട്ടികളില്‍ പങ്കെടുക്കുകയും ചെയ്തതിനാല്‍’ കരീനയ്ക്ക് ‘സൂപ്പര്‍ സ്പ്രെഡര്‍’ ആകാന്‍ കഴിയുമെന്നാണ് ബിഎംസി അധികൃതര്‍ പറയുന്നത്.
കരീന ഇതുവരെ ശരിയായ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നും എന്നാല്‍ എത്ര ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തി എന്നറിയാന്‍ ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്നും ബിഎംസി പ്രസ്താവനയില്‍ പറഞ്ഞു. കോവിഡ് സ്ഥിരീകരിക്കുന്നതിനു തൊട്ടു മുന്‍പ് ഇവര്‍ കരണ്‍ ജോഹറിന്റെ വസതിയില്‍ ഒരു വലിയ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഈ താരങ്ങളെല്ലാം നിരീക്ഷണത്തിലാണ്. കരീനയും അമൃതയും തങ്ങള്‍ക്ക് കോവിഡ് 19 ഉണ്ടെന്നും എല്ലാ മെഡിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്നും സ്ഥിരീകരിക്കുന്ന പ്രസ്താവനകള്‍ തങ്ങളുടെ ഇന്‍സ്റ്റാഗ്രാമില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇവരുമായി ബന്ധപ്പെട്ട മഹീപ് കപൂര്‍, സീമ ഖാന് എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ രോഗം പകര്‍ന്നെന്നാണ് ബിഎംസി അധികൃതര്‍ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: