കൊച്ചി: കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിക്കാരനെ രൂക്ഷമായി വിമര്‍ശിച്ച് ജഡ്ജി. ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലീഡര്‍ഷിപ്പില്‍ ജോലി ചെയ്യുന്ന ആളായിരുന്നു ഹര്ജിക്കാരന്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരിലുള്ള സര്‍വകലാശാലയയില്‍ ജോലി ചെയതു കൊണ്ട് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നതിനോട് എങ്ങനെയാണ് വിയോജിക്കുന്നതെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന് ചോദിച്ചു.
‘വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി മോദിയുടെ പേരുണ്ടെങ്കില്‍ എന്താണ് പ്രശ്നം? നിങ്ങള്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരിലുള്ള ഒരു ഇന്‍സ്റ്റിറ്റിയൂട്ടിലാണ് ജോലി ചെയ്യുന്നത്, അദ്ദേഹവും പ്രധാനമന്ത്രിയാണ്. ആ പേരും നീക്കം ചെയ്യാന്‍ എന്തുകൊണ്ട് സര്‍വകലാശാലയോട് ആവശ്യപ്പെടുന്നില്ല’, ജഡ്ജി ചോദിച്ചു. മറ്റ് രാജ്യങ്ങളില്‍ നല്കുന്ന വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ അതത് നേതാക്കളുടെ ഫോട്ടോകള്‍ ഇല്ലെന്ന ഹര്‍ജിക്കാരന്റെ അഭിഭാഷകന്റെ വാദം കേട്ടപ്പോള്‍ ‘അവര്‍ അവരുടെ പ്രധാനമന്ത്രിയെക്കുറിച്ച് അഭിമാനിക്കുന്നില്ല, ഞങ്ങളുടേതില്‍ അഭിമാനിക്കുന്നു. ജനങ്ങളുടെ ജനവിധി കൊണ്ടാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. ഞങ്ങള്‍ക്ക് വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങളുണ്ട്, പക്ഷേ അദ്ദേഹം ഇപ്പോഴും ഞങ്ങളുടെ പ്രധാനമന്ത്രിയാണെന്ന് ജഡ്ജി മറുപടി നല്കി.
രാജ്യത്തെ പൗരന്മാര് അധികാരത്തിലേയ്ക്ക് തിരഞ്ഞെടുത്ത പ്രധാനമന്ത്രിയെ ഓര്‍ത്ത് എന്തുകൊണ്ടാണ് ലജ്ജിക്കുന്നതെന്നും കോടതി ഹര്‍ജിക്കാരനോട് ആവര്‍ത്തിച്ച് ചോദിച്ചു. ‘നിങ്ങള്‍ എന്തിനാണ് നിങ്ങളുടെ പ്രധാനമന്ത്രിയെ ഓര്‍ത്ത് ലജ്ജിക്കുന്നത്? 100 കോടി ജനങ്ങള്‍ക്ക് ഇതില്‍ ഒരു പ്രശ്നവുമില്ലെന്ന് തോന്നുന്നു-ജഡ്ജി പറഞ്ഞു.
പ്രതിരോധ കുത്തിവയ്പ്പിനായി പണം നല്കിയ ശേഷം ലഭിച്ച സര്ട്ടിഫിക്കെറ്റില് കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ചിരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹര്ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന് അജിത് ജോയിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: