തിരുവനന്തപുരം: സി.ബി.ഐ സിരീസിലെ പുതിയ ചിത്രത്തില്‍ ജഗതി ശ്രീകുമാറും അഭിനയിക്കുന്നു. സി.ബി.ഐ സിരീസിലെ ആദ്യ ചിത്രമായ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് മുതലുള്ള എല്ലാ ചിത്രങ്ങളിലും ജഗതി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി അവതരിപ്പിക്കുന്ന സി.ബി.ഐ ഓഫീസറായ സേതുരാമയ്യരുടെ അസിസ്റ്റന്റായ വിക്രം ജഗതിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയ കഥാപാത്രമായിരുന്നു. ജഗതി ശ്രീകുമാറിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സി.ബി.ഐ 5ല്‍ അദ്ദേഹം അഭിനയിക്കുന്ന രംഗങ്ങള്‍ തിരുവനന്തപുരത്ത് പേയാടുള്ള അദ്ദേഹത്തിന്റെ വസതിയില്‍ത്തന്നെ ചിത്രീകരിക്കാനാണ് തീരുമാനം. സി.ബി.ഐയുടെ പുതിയ ഭാഗത്തിലും ജഗതിയുടെ സാന്നിദ്ധ്യമുണ്ടാകണമെന്നത് മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരുടെ നിര്‍ബന്ധമായിരുന്നു. അങ്ങനെയാണ് അണിയറ പ്രവര്‍ത്തകര്‍ ജഗതിയുടെ കുടുംബവുമായി ബന്ധപ്പെട്ടതും ജഗതിയെ സി.ബി.ഐ 5ല്‍ അഭിനയിപ്പിക്കാനുള്ള അനുവാദം വാങ്ങിയതും.
2012 ല്‍ നടന്ന ഒരു വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് അഭിനയ രംഗത്ത് നിന്നുവിട്ടുനിന്ന ജഗതി ശ്രീകുമാര്‍ കഴിഞ്ഞവര്‍ഷം ഒരു പരസ്യചിത്രത്തിലും സിനിമയിലും അഭിനയിച്ചു. സിനിമ റിലീസായിട്ടില്ല. എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന സി.ബി.ഐ 5ല്‍ ശനിയാഴ്ചയാണ് മമ്മൂട്ടി ജോയിന്‍ ചെയ്തത്. ലോക സിനിമാ ചരിത്രത്തിലാദ്യമായാണ് ഒരേ നായകനും ഒരേ സംവിധായകനും ഒരേ തിരക്കഥാകൃത്തും ഒരു ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന് വേണ്ടി ഒരുമിക്കുന്നത്. മമ്മൂട്ടി കെ. മധു. എസ്.എന്‍. സ്വാമി ടീമിനൊപ്പം സി.ബി.ഐ സീരിസിലെ എല്ലാ ചിത്രങ്ങളിലും പ്രവര്‍ത്തിച്ച മറ്റൊരാള്‍ പ്രൊഡക്ഷന്‍ കണ്ട്രോളര് അരോമ മോഹനാണ്.
സി.ബി.ഐ 5 ല്‍ മമ്മൂട്ടിക്കും ജഗതിക്കുമൊപ്പം മുകേഷ്, രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, സന്തോഷ് കീഴാറ്റൂര്‍, ആശാശരത്, മാളവിക മേനോന് തുടങ്ങിയവരും വേഷമിടുന്നുണ്ട്. സ്വര്‍ഗ ചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സി.ബി.ഐ സിരീസിലെ ഏറ്റവും അധികം കളക്ഷന്‍ നേടിയ സേതുരാമയ്യര്‍ സി.ബി.ഐയുടെയും ഒടുവിലിറങ്ങിയ നേരറിയാന്‍ സി.ബി.ഐയുടെയും വിതരണം സ്വര്‍ഗചിത്രയായിരുന്നു. അഖില്‍ ജോര്‍ജാണ് സി.ബി.ഐ അഞ്ചിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം ജേക്ക്സ് ബിജോയ്. സംഗീത മാന്ത്രികന് ശ്യാം ഒരുക്കിയ സി.ബി.ഐ തീം മ്യൂസിക് ആരാധാകര്‍ക്ക് ഹരം നല്‍കുന്നതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: