ആലപ്പുഴ: ജില്ലയില്‍ സിപിഎം സമ്മേളനങ്ങളില്‍ മേധാവിത്തം നേടാന്‍ സമ്മേളന പ്രതിനിധികളെ സ്വാധീനിക്കാന്‍ അടവുകള്‍ പലത്. സഹകരണ ബാങ്ക് വായ്പ, വായ്പ തിരിച്ചടവ്, പണം നല്‍കല്‍ തുടങ്ങി എല്ലാവിധ കുതന്ത്രങ്ങളും പ്രയോഗിക്കുകയാണ്. ഒരു സമ്മേളനത്തിലെ പ്രതിനിധിയെ സ്വാധീനിക്കാന്‍ പാര്‍ട്ടിനിയന്ത്രണത്തിലുള്ള സഹകരണബാങ്കിലെ വായ്പ അടച്ചു തീര്‍ത്തതായും പണം വാഗ്ദാനം ചെയ്തതായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നല്‍കിയ പരാതിയില്‍ പറയുന്നു.
ജില്ലയില്‍ ഏരിയ സമ്മേളനങ്ങള്‍ തുടങ്ങിയതോടെ സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതികളും പ്രവഹിക്കുകയാണ് സമ്മേളനത്തില്‍ അനുകൂല നിലപാടെടുക്കാന്‍ ഒരു പ്രതിനിധിയുടെ സഹകരണ ബാങ്കിലെ വായ്പ അടച്ചു തീര്‍ത്തതായി സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ആലപ്പുഴ നോര്‍ത്ത് ഏരിയയിലെ ഏതാനും പ്രവര്‍ത്തകര്‍ പരാതി നല്‍കി. മറ്റൊരു പ്രതിനിധിക്ക് പതിനായിരം രൂപ നല്‍കിയെന്നുള്ള ആരോപണവും സംസ്ഥാന നേതൃത്വത്തിന് നല്‍കി. മറ്റു ചിലര്‍ക്ക് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ നേരിട്ടെത്തിയാണ് പ്രവര്‍ത്തകര്‍ കോടിയേരിക്ക് പരാതി നല്‍കിയത്.
പ്രതിനിധികളെ സ്വാധീനിക്കാന്‍ നല്‍കുന്ന പണത്തിന്റെ സ്രോതസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ കോടിയേരി എത്തിയപ്പോഴും പരാതി നല്‍കാന്‍ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ആലപ്പുഴയിലെ ചില ലോക്കല്‍ കമ്മിറ്റികളില്‍ നടന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുന്‍ ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്‌സന്‍ മേഴ്‌സി ഡയാന മാസിഡോ, കര്‍ഷക സംഘം ഏരിയ സെക്രട്ടറി വി.എന്‍ രാജേഷ് എന്നിവരും പരാതി നല്‍കി. കൊമ്മാടി ലോക്കല്‍ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെതിരെ ബദല്‍ പാനല്‍ തയ്യാറാക്കി ലോക്കല്‍ സെക്രട്ടറി തന്നെ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചു എന്നാണ് ആക്ഷേപം.
തുമ്പോളി ലോക്കല്‍ സമ്മേളനത്തില്‍ നിലവിലുള്ള സെക്രട്ടറി പരാജയപ്പെട്ടെങ്കിലും ഓഫീസിന്റെ താക്കോല്‍ പുതിയ സെക്രട്ടറിക്ക് കൈമാറിയിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ സമ്മേളന കാലത്തുണ്ടായ വിഭാഗീയതയെക്കുറിച്ച് അന്വേഷണം ഉണ്ടായേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. ജില്ലാ സമ്മേളനത്തിനുശേഷമായിരിക്കും ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുക. ജില്ലയില്‍ ഔദ്യോഗിക പക്ഷം പല തട്ടുകളിലായാണ് ഏറ്റുമുട്ടുന്നത്. ജി. സുധാകരന്‍, സജി ചെറിയാന്‍, പി.പി. ചിത്തരഞ്ജന്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ചേരിതിരിവ്. ഭൂരിഭാഗം സ്ഥലങ്ങളിലും സജിചെറിയാന്‍ വിഭാഗവും, സുധാകരന്‍ പക്ഷവും ഏകോപിച്ചാണ് നീങ്ങുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ പരസ്പരം ഏറ്റുമുട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: