സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ രാഷ്‌ട്രീയവല്‍ക്കരിക്കുന്നതില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ കത്തെഴുതിയത് അഭിനന്ദനാര്‍ഹമായ നടപടിയാണ്. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയ്‌ക്ക് തന്റെ വിവേചനാധികാരം ഉപയോഗിക്കാന്‍ അനുവദിക്കാതെ വൈസ് ചാന്‍സലര്‍ പദവികളില്‍ പാര്‍ട്ടിക്കു താത്പര്യമുള്ളവരെ നിയമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകടിപ്പിച്ചിട്ടുള്ളത്. ഇതാണ് രീതിയെങ്കില്‍ ചാന്‍സലര്‍ പദവി തനിക്ക് ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അതേറ്റെടുക്കുന്നതാണ് നല്ലതെന്നും ഗവര്‍ണര്‍ തുറന്നടിച്ചിരിക്കുന്നു. ഇതിനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ താന്‍ ഒപ്പിട്ടു നല്‍കാമെന്നും ഗവര്‍ണര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചാന്‍സലര്‍ എന്ന നിലയില്‍ തന്നെ അവഗണിച്ചും തന്നില്‍ നിക്ഷിപ്തമായ അധികാരത്തെ മറികടന്നും പിണറായി സര്‍ക്കാര്‍ എങ്ങനെയൊക്കെയാണ് സര്‍വകലാശാലകളുടെ സ്വയംഭരണത്തില്‍ കൈകടത്തുന്നതെന്ന് അക്കമിട്ട് നിരത്തിയാണ് ഗവര്‍ണര്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുള്ളത്. അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരെ കൂട്ടുപിടിച്ച് സര്‍ക്കാരിന് താത്പര്യമുള്ളയാളെ കണ്ണൂര്‍ സര്‍വകലാശാല വിസിയായി ഏകപക്ഷീയമായി നിയമിച്ചതും കലാമണ്ഡലം വിസി സര്‍ക്കാരിന്റെ ഒത്താശയോടെ തനിക്കെതിരെ കേസു കൊടുത്തതും തന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ഈ വിസി തയ്യാറാകാതിരുന്നതുമുള്‍പ്പെടെ നിരവധി നിയമലംഘനങ്ങളാണ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കടുത്ത മനോവിഷമമുണ്ടാക്കുന്ന ഇത്തരം കാര്യങ്ങള്‍ തുടരുന്നതിനാലാണ് ചാന്‍സലര്‍ പദവി വേണ്ടെന്ന് വയ്‌ക്കുന്നതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരിക്കുന്നു.
സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ വേണ്ട എന്നു കരുതിയാണ് പലതിനും വഴങ്ങിക്കൊടുത്തതെന്നും ഇനി അത് വയ്യെന്നും മുഖ്യമന്ത്രിക്കുള്ള കത്തില്‍ ഗവര്‍ണര്‍ പറയുന്നതില്‍നിന്ന് തന്നെ സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കാനാവും. സംസ്ഥാനത്തിന്റെ എന്നല്ല, രാജ്യത്തിന്റെ തന്നെ ചരിത്രത്തില്‍ ആദ്യമായാണ് സര്‍വകലാശാലകളുടെ സ്വയംഭരണത്തെ സര്‍ക്കാര്‍ അട്ടിമറിക്കുന്നതിനെതിരെ ചാന്‍സലറായ ഗവര്‍ണര്‍ ഏതെങ്കിലും ഒരു മുഖ്യമന്ത്രിക്ക് ഇങ്ങനെയൊരു കത്തെഴുതുന്നത്. കക്ഷിരാഷ്‌ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ യുജിസി ചട്ടങ്ങള്‍ മറികടന്നും തുടര്‍ച്ചയായ നിയമലംഘനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഇതിന് എത്രവേണമെങ്കിലും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. കെ.ടി. ജലീല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ എംജി സര്‍വകലാശാലയിലെ വിവാദമായ മാര്‍ക്ക് ദാനം ഒരു തുടക്കമായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയിലും ഫിഷറീസ് സര്‍വകലാശാലയിലും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വിസിമാരെ നിയമിച്ചത്. കണ്ണൂര്‍ സര്‍വകലാശാലയിലും ഇത് ആവര്‍ത്തിക്കപ്പെട്ടു. മികവിന്റെ കേന്ദ്രങ്ങളാവേണ്ട അക്കാദമിക സ്ഥാപനങ്ങളില്‍ പാര്‍ട്ടിയോടു കൂറുള്ളവരെ തിരുകിക്കയറ്റി നിലവാരം തകര്‍ക്കുകയാണ് സര്‍ക്കാര്‍. ഇതുമൂലം ഉന്നത പഠനങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ സംസ്ഥാനം വിടേണ്ട സ്ഥിതിയാണ്. അക്കാദമിക് യോഗ്യതകള്‍ക്കുപരി പാര്‍ട്ടിക്ക് വിടുപണി ചെയ്യുന്നവരെ സര്‍വകലാശാലകള്‍ ഭരിക്കാന്‍ അനുവദിക്കുന്നതിലൂടെ ഒരു തലമുറയെത്തന്നെയാണ് സര്‍ക്കാര്‍ ദ്രോഹിക്കുന്നത്.
ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായ തികച്ചും അപ്രതീക്ഷിതമായ നടപടി സര്‍ക്കാരിന്റെ മുഖംമൂടി വലിച്ചുകീറിയിരിക്കുകയാണ്. സ്വന്തം മരുമകനെ തെരഞ്ഞെടുക്കുന്നതുപോലുള്ള തന്നിഷ്ടത്തോടെ സര്‍വകലാശാലകളുടെ സ്വയംഭരണത്തില്‍ ഇടപെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ജനമധ്യത്തില്‍ നഗ്നനായി നില്‍ക്കുകയാണ്. ഗവര്‍ണറുടെ സ്‌ഫോടനാത്മകമായ കത്ത് ലഭിച്ചതോടെ ധനകാര്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും പറഞ്ഞയച്ച് അനുനയിപ്പിക്കാനുള്ള ശ്രമം മുഖ്യമന്ത്രി നടത്തിയത് വിജയിച്ചില്ല. പരിപാടികളെല്ലാം റദ്ദാക്കി ദല്‍ഹിക്കു പോയ ഗവര്‍ണര്‍ അവിടേയും വാര്‍ത്താ സമ്മേളനം വിളിച്ച് നിയമലംഘനങ്ങളെ ഒരിക്കല്‍ക്കൂടി തുറന്നുകാട്ടിയത് സര്‍ക്കാരിന് വീണ്ടും തിരിച്ചടിയായി. പാര്‍ട്ടി താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള നിയമലംഘനങ്ങള്‍ വെളിപ്പെട്ടതോടെ ഗവര്‍ണറുടെ മുന്‍പില്‍ നല്ലപിള്ള ചമയാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഗവര്‍ണറുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും പറയുന്നത് വെറും തട്ടിപ്പാണ്. പ്രതിസന്ധി മറികടക്കാന്‍ തല്‍ക്കാലം ഇങ്ങനെയൊരു നാട്യം ആവശ്യമാണ്.
കണ്ണൂര്‍ വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഈ നിയമനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ കത്ത് പുറത്തു വന്നത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കും. പിണറായി വിജയന്‍ ഏകാധിപതിയാണെന്നതുപോലെ വലിയ സൂത്രശാലിയുമാണ്. കാര്യം കാണാന്‍ വളഞ്ഞ വഴികള്‍ ഉപയോഗിക്കാന്‍ മടിക്കില്ല. എന്തായാലും കേരളത്തെ ഭരിച്ചു നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ഏകാധിപതിക്കെതിരെ വിരല്‍ചൂണ്ടാന്‍ ഗവര്‍ണര്‍ കാണിച്ച ധീരതയെ ജനങ്ങള്‍ പിന്തുണക്കേണ്ടതുണ്ട്, അഭിനന്ദിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: