കൊല്ലം: കേരളത്തിലെ പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കിയ പിണറായി-കോടിയേരി അച്ചുതണ്ടിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബ്രാഞ്ച്, ലോക്കല്‍, ഏരിയ സമ്മേളനങ്ങള്‍. വിഭാഗീയത പൂര്‍ണമായും ഇല്ലാതാക്കിയ സമ്മേളനം എന്നായിരുന്നു സിപിഎം അവകാശപ്പെട്ടിരുന്നത്. അതിനാല്‍ വോട്ടെടുപ്പ് ഒഴിവാക്കി ഭാരവാഹികളെ ഏകകണ്ഠമായി തെരഞ്ഞെടുക്കണമെന്ന് കീഴ്ഘടകങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ബ്രാഞ്ച് മുതല്‍ ഏരിയ വരെ എത്തിയപ്പോള്‍, നിരവധി സമ്മേളനങ്ങളില്‍ വാക്കേറ്റവും പരസ്പര ആരോപണങ്ങളും സംഘര്‍ഷവും ഉണ്ടായി. വോട്ടെടുപ്പില്‍ ഔദ്യോഗികപക്ഷത്തു നിന്നുള്ളവര്‍ ദയനീയമായി തോറ്റു. എംഎല്‍എ, പഞ്ചായത്തംഗങ്ങള്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ഡിവൈഎഫ്ഐ ജില്ലാ, സംസ്ഥാന ഭാരവാഹികള്‍ തോറ്റവരില്‍ പ്രമുഖര്‍ നിരവധിയാണ്.
പാലക്കാട് കുഴല്‍മന്ദം ഏരിയ കമ്മറ്റിയിലേക്ക് നടന്ന മത്സരത്തില്‍ കോങ്ങാട് എംഎല്‍എ കെ. ശാന്തകുമാരി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി. പൊന്മല എന്നിവര്‍ ദയനീയമായി പരാജയപ്പെട്ടു.
ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി മത്സരത്തില്‍ ഔദ്യോഗിക പക്ഷത്തെ പതിമൂന്ന് പേര് പരാജയപ്പെട്ടു. തൃത്താല ഏരിയ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് നറുക്കെടുപ്പ് വേണ്ടിവന്നു. വയനാട്ടില്‍ വൈത്തിരി, കല്പറ്റ, ബത്തേരി ഏരിയ സമ്മേളനങ്ങളില്‍ മത്സരം നടന്നു. വൈത്തിരിയിലെ ഏരിയ സെക്രട്ടറി കമ്മിറ്റിയില്‍ നിന്നു തന്നെ പുറത്തായി.
നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് സാധിച്ചിട്ടില്ല. കൊട്ടാരക്കര മൈലം പഞ്ചായത്തില്‍ ചെമ്പന്‍പൊയ്ക ബ്രാഞ്ച് സമ്മേളനത്തിലെ തര്‍ക്കം കത്തിക്കുത്തിലെത്തി. സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.
ആലപ്പുഴ പുന്നപ്രയില്‍ സിപിഎം ലോക്കല്‍ സമ്മേളനത്തിലെ തര്‍ക്കത്തിനു പിന്നാലെ വീടുകയറിയുള്ള ആക്രമണത്തില്‍ ബ്രാഞ്ച് സെക്രട്ടറി അടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. കരുനാഗപ്പള്ളി ലോക്കല്‍ സമ്മേളനം തര്‍ക്കത്തെ തുടര്‍ന്ന് പൂര്‍ത്തിയാക്കാതെ പിരിഞ്ഞു. കുന്നത്തൂര്‍ പോരുവഴി പടിഞ്ഞാറ് ലോക്കല്‍ സമ്മേളനത്തില്‍ സെക്രട്ടറിയെയും പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നതില്‍ തീരുമാനമാകാതെ രാത്രി ഒരു മണിയോടെ സമ്മേളനം അവസാനിപ്പിച്ചു. പത്തനംതിട്ട, അടൂര്‍ ഏരിയ സമ്മേളനങ്ങളിലും വിഭാഗീയത പ്രകടമായി.
പാലക്കാട് എലപ്പുള്ളി വെസ്റ്റ് ലോക്കല്‍ സമ്മേളനം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ കടുത്ത വിഭാഗീയത കണ്ടെത്തിയതിനെ തുടര്‍ന്ന് പുതിശ്ശേരി ഏരിയ സമ്മേളനം മാറ്റിവച്ചു. വാളയാര്‍, എലപ്പുള്ളി ലോക്കല്‍ സമ്മേളനങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.
കോഴിക്കോട്ടും പാലക്കാട്ടും ഏരിയ സമ്മേളനങ്ങളില്‍ മത്സരമുണ്ടായി. കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര, കക്കോടി ഏരിയ സമ്മേനങ്ങളില്‍ മത്സരമുണ്ടായി. കോഴിക്കോട് സൗത്ത് ഏരിയയില്‍ സെക്രട്ടറിയായത് വിമതവിഭാഗത്തില്‍ നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: