ജിഷ്മ ചന്ദ്രന്
ദേശീയ സമ്പത്തായ ഹൈദരാബാദ് നിസാമിന്റെ കൊട്ടാരങ്ങളും വിലപിടിപ്പുള്ള നിധികളും വിദേശ ശക്തികള്‍ക്ക് വില്ക്കാന് ചില ദേശവിരുദ്ധ ഗ്രൂപ്പുകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇവ സംരക്ഷിക്കുന്നതിന് വേണ്ടി മാതൃകാപരമായ സേവനങ്ങളാണ് ഇദ്ദേഹം രാജ്യത്തിനു നല്‍കിയത്. പാമാര്‍ട്ടി വെങ്കിട്ടരമണ, ചീഫ് കൗണ്‍സില്‍ എന്ന നിലയില്‍, സുദീര്‍ഘവും കഠിനവുമായ നിരവധി കോടതി പോരാട്ടങ്ങള്‍ നടത്തുകയും നിസാമിന്റെ സ്വത്തുക്കള്‍ സംരക്ഷിക്കുകയും ചെയ്തു.
നിരവധി അഭിമാനകരമായ അവാര്‍ഡുകള്‍ നേടിയിട്ടുള്ള കവിയും ഗ്രന്ഥകാരനുമായ പാമര്ട്ടി വെങ്കിട്ടരമണ, പല തവണ പത്മ അവാര്‍ഡുകള്‍ക്കായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ കൃതികള്‍ ടര്‍ക്കിഷ്, അറബിക്, ബംഗാളി, തെലുങ്ക്, തമിഴ്, ഒഡിയ, പഞ്ചാബി, ഇറ്റാലിയന്‍, സ്പാനിഷ് എന്നിങ്ങനെ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഏഷ്യയിലെയും ആഫ്രിക്കയിലെയും നിരാലംബരായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അദ്ദേഹം തന്റെ സാഹിത്യ സമ്പാദ്യമെല്ലാം വിനിയോഗിച്ച് പോരുന്നു.
ഈ അഭിമുഖത്തില്‍, സനാതന ധര്‍മ്മത്തെക്കുറിച്ചും പ്രസിദ്ധമായ നിസാമിന്റെ ജ്വല്ലറി വിവാദത്തെക്കുറിച്ചും തന്റെ ആവേശകരമായ പോരാട്ടത്തെക്കുറിച്ചുമുള്ള ഉള്‍ക്കാഴ്ചകള്‍ അദ്ദേഹം നമ്മളോട് പങ്കുവയ്ക്കുന്നു.
- ഒരു പ്രമുഖ നിയമവിദഗ്ദ്ധനില് നിന്ന് പ്രമുഖ എഴുത്തുകാരനിലേക്കുള്ള താങ്കളുടെ യാത്രയെക്കുറിച്ച് ഞങ്ങളോട് പങ്കുവയ്ക്കാമോ?
ഞാന്‍ കൈകാര്യം ചെയ്ത കേസുകളില്‍ ബഹുഭൂരിപക്ഷവും എല്ലായ്പ്പോഴും ‘അസാധ്യമായത് സാധ്യമാക്കുക’ എന്നയവസ്ഥയിലായിരുന്നു. ഇത്രയും വിപുലമായ പ്രവര്‍ത്തനത്തിനിടയില്‍, മനുഷ്യന്റെ കഷ്ടപ്പാടുകള്‍ക്ക് കാരണമായ ഘടകങ്ങള്‍, അപൂര്‍ണ്ണമായ സാമൂഹിക വ്യവസ്ഥകള്‍, നീതിമാന്മാരെ സംരക്ഷിക്കുന്ന അദൃശ്യശക്തിയുടെ സാന്നിധ്യം തുടങ്ങി നിരവധി കാര്യങ്ങള്‍ നല്ല വാക്കുകള്‍ പ്രചരിപ്പിക്കാന്‍ എന്നെ സ്വാധീനിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തു. മനസ്സാക്ഷിയുടെ വിളിയാണ് എഴുത്ത്. അതേസമയം നിയമ സമ്പ്രദായം നമ്മുടെ സമൂഹത്തില്‍ അത്യന്താപേക്ഷിതമാണ്. ഇവ പരസ്പരം കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നു.
- താങ്കള്‍ അറിയപ്പെടുന്ന കവിയാണ്. താങ്കളുടെ കവിതാ സമാഹാരങ്ങള്‍ വളരെ ജനപ്രിയവും വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമാണ്. എങ്ങനെയാണ് അവയെ രൂപകല്‍പ്പന ചെയ്യുകയും തരംതിരിക്കുകയും ചെയ്യുന്നത്?
എന്റെ എല്ലാ കവിതകളും ‘ആത്മീയതയില്‍’ പെടുന്നവയാണ്. ദൈവികത അനുദിന വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായാല്‍ മനുഷ്യരാശിക്ക് സ്വയം മനുഷ്യത്വമായി പെരുമാറാന്‍ കഴിയും എന്നതാണ് അടിസ്ഥാന പ്രമേയം. സനാതന ധര്‍മ്മത്തിന്റെ അതുല്യമായ സത്തയും ഇതാണ്.
- താങ്കളുടെ പുതിയ പുസ്തകം ‘ദി വിസ്പറിങ് സ്റ്റാര്‍’ ആധുനിക മിസ്റ്റിക്കല്‍ ചെറുകഥകളുടെ പുസ്തകമാണ്. ഈ എഴുത്തിന് പിന്നിലെ പ്രചോദനം എന്തായിരുന്നു?
‘ദി വിസ്പറിങ് സ്റ്റാര്‍’ എക്കാലത്തെയും എന്റെ പ്രിയപ്പെട്ട സൃഷ്ടിയായി നിലനില്ക്കും. കാരണം ഇത് ദൈനംദിന കോടതിയുദ്ധങ്ങളില് മുഴുകിയിരിക്കുമ്പോള്‍ ലഭിക്കുന്ന പ്രപഞ്ചത്തിന്റെ ചില അദൃശ്യമായ തോന്നലുകളില്‍ നിന്നുള്ള സൃഷ്ടിയാണ്. ഇവ വ്യക്തതയുള്ള ശൈലിയില്‍ അവതരിപ്പിക്കുമ്പോള്‍ വായനക്കാരില്‍ തീക്ഷ്ണമായ ചിന്തകള്‍ ഉണരുമെന്നും പല ജീവിതങ്ങളും സന്തോഷകരമായി മാറുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
- ഈ പുസ്തകത്തിന്റെ രചനയ്ക്കിടെ ഉണ്ടായ രസകരമായ ചില സംഭവങ്ങളെക്കുറിച്ച് പറയാമോ?
ഈ ചെറുകഥകള്‍ ഓരോന്നും എല്ലാ ദിവസവും 21 മണിക്കൂര്‍ ജോലി സമയം എന്ന കഠിനമായ ദിനചര്യക്കിടയിലാണ് എഴുതിയത്. മുന്നൊരുക്കവും ഡ്രാഫ്റ്റുകളുടെ പുനരവലോകനങ്ങളും ഒന്നും തന്നെ ചെയ്യാനുള്ള സമയം കിട്ടിയിരുന്നില്ല. 2020-ലെ ലോക്ഡൗണ്‍ കാലയളവ് മൂന്ന് വര്‍ഷങ്ങളായി തീര്‍പ്പുകല്‍പ്പിക്കാത്ത പ്രൂഫ് റീഡിങ്ങും പ്രസിദ്ധീകരണവും പൂര്‍ത്തിയാക്കാന്‍ എന്നെ സഹായിച്ചു എന്നതാണ് രസകരമായ കാര്യം. എന്നിരുന്നാലും, കൊവിഡ് കാലയളവില്‍ എല്ലാ മനുഷ്യരുടെയും ജീവിതത്തിലും മനസ്സിലും കടന്നുകൂടിയ ആശയക്കുഴപ്പവും പരിഭ്രാന്തിയും കണക്കിലെടുത്ത് കൊവിഡിന് ശേഷമുള്ള കാലഘട്ടത്തില്‍ ഈ പുസ്തകത്തിന് ഏറെ പ്രാധാന്യമുണ്ട്.
- താങ്കളുടെ അഭിപ്രായത്തില്‍ പുരാതന ഭാരത സംസ്കാരവും ആധുനിക ഇന്ത്യയും തമ്മിലുള്ള വ്യത്യാസം എന്താണ്?
പ്രാചീന ഭാരതീയ സംസ്കാരം വേദ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അതിനാല്‍, അത് ശാശ്വതമാണ്. അതേസമയം ആധുനിക കാലത്തെ ഇന്ത്യയില്‍ ഇപ്പോള്‍ ക്ഷണികവും പാളം തെറ്റിയ ധാര്‍മ്മികതയുമാണ് നിലനില്‍ക്കുന്നത്. സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ശാസ്ത്രത്തിന്റെ ചലനാത്മകതയാണ് ഇന്നത്തെ സാമൂഹിക സ്വഭാവങ്ങളെ നിര്‍ണ്ണയിക്കുന്നത്. പക്ഷേ ഇന്ത്യ മാത്രമല്ല, സനാതന ധര്‍മ്മത്തെ ലോകം മുഴുവന്‍ വീണ്ടും കണ്ടെത്താന്‍ ശ്രമിക്കുകയാണ്.
- ‘ദി വിസ്പറിങ് സ്റ്റാര്‍’ എന്ന പുസ്തകം മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനും പ്രസിദ്ധീകരിക്കാനും താങ്കള്‍ക്കു പദ്ധതിയുണ്ടോ?
പ്രമുഖ ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കുമുള്ള വിവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. വാക്കുകള്‍ വിവര്‍ത്തനം ചെയ്യപ്പെടുമ്പോഴും ചിന്തകള്‍ സ്ഥായിയായിരിക്കും.
- ഇന്ത്യന്‍ സാഹിത്യത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്. പ്രത്യേകിച്ചും മറാത്തി സാഹിത്യത്തെക്കുറിച്ച്?
വേദവ്യാസ മഹര്‍ഷിയുടെ കാലം മുതല്‍ ഇന്ത്യന്‍ സാഹിത്യം സമ്പന്നമായിരുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ അവാര്‍ഡ് സമ്പ്രദായത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ ഫലമായി സാഹിത്യ നിലവാരത്തില്‍ ഒരു ഇടിവ് സംഭവിച്ചു. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ യഥാര്‍ത്ഥ പ്രതിഭകളുടെ തിരിച്ചുവരവ് കാണാന്‍ സാധിക്കുന്നു എന്നതാണ് സന്തോഷം. പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന പ്രസിദ്ധീകരണ ഭീമന്മാരുടെ കുത്തക, സ്വയം പ്രസിദ്ധീകരണ വ്യവസായത്തിലൂടെ ഇപ്പോള്‍ തകര്‍ക്കപ്പെടുന്നു. ഇതിനാല്‍ തന്നെ നല്ല എഴുത്തുകാരുടെ എണ്ണത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഇത്തരം സാങ്കേതികവിദ്യകള്‍ ഒരുപാടു സഹായിച്ചിട്ടുണ്ട്.
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര കാലത്ത് മറാത്തി സാഹിത്യം സമര വീര്യത്തിന് വെളിച്ചം പകരാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. സമകാലിക മറാത്തി സാഹിത്യം കൂടുതല്‍ കൂടുതല്‍ ചലച്ചിത്ര പ്രവര്‍ത്തകരെയും യുവാക്കളെയും ആകര്‍ഷിക്കുകയും ചിന്തകരെ സാഹിത്യത്തിന്റെ പുതിയ രൂപങ്ങള്‍ സൃഷ്ടിക്കുവാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.
- താങ്കള്‍ ഒരു പ്രമുഖ അഭിഭാഷകനും ധനകാര്യത്തിലും വ്യാപാരത്തിലും വിദഗ്ദ്ധനുമാണ്. അതേസമയം തന്നെ ഒരു നിയമജ്ഞന്, തത്ത്വചിന്തകന്, ഗ്രന്ഥകര്‍ത്താവ്, കവി, എഴുത്തുകാരന് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ഈ വേഷങ്ങളില്‍ ഏതാണ് താങ്കള്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത്?
ഇവയെല്ലാം ഒരു തലയില്‍ ധരിക്കുന്ന വ്യത്യസ്ത തൊപ്പികളാണ്. തീര്‍ച്ചയായും ഏറ്റവും സന്തോഷകരം, സ്വതസിദ്ധമായ കവിയാവുക എന്നതാണ്. അത് കോടതിമുറിയില്‍ നന്നായി പുരോഗമിക്കുന്ന ഒരു വാദത്തിലൂടെ ഒരു മനുഷ്യന്റെ നിയമപരമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് പോലെയാണ്. അതേ പോലെ തന്നെ എല്ലാ രാജ്യക്കാരുടെയും ജീവിത നിലവാരം പുനര്‍രൂപകല്‍പ്പന ചെയ്യുന്നതില്‍ നയതന്ത്രഞ്ജന് ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാല്‍, ഒരു നിയമജ്ഞന്റെ സംഭാവന ശാന്തവും പ്രധാനപ്പെട്ടതുമാണ്.
- മൊബൈലും ടാബ്ലെറ്റും പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കുട്ടികളുടെയും യുവാക്കളുടെയും വായനാശീലത്തെ മോശമായി ബാധിക്കുന്നതായി താങ്കള്‍ കരുതുന്നുണ്ടോ?
സംശയമില്ല. ഒരു പുസ്തകം കൈയില്‍ പിടിച്ചു കടലാസിന്റെയും ഉള്ളടക്കത്തിന്റെയും സുഗന്ധം ആസ്വദിക്കുന്നതിന്റെ ആ സന്തോഷം പൂര്‍ണ്ണമായും അവര്‍ണ്ണനീയമാണ്. ഇതിന് റേഡിയേഷന് പോലുള്ള പാര്‍ശ്വഫലങ്ങളൊന്നുമില്ല, മറിച്ച് ഏകാഗ്രതയും ശ്രദ്ധയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
വായനശാലകളും ലൈബ്രറികളും നമ്മുടെ രാജ്യത്ത് അതിവേഗം മ്യൂസിയങ്ങള്‍ പോലെയായി മാറുകയാണ്, ഇത് ആരോഗ്യകരമായ ലക്ഷണമല്ല. യന്ത്രങ്ങള്‍ മനുഷ്യരാശിയുടെ യജമാനന്മാരല്ല, സഹായികളായിരിക്കണം.
- ഇന്ത്യയിലെ സ്ത്രീ ശാക്തീകരണ നയത്തെക്കുറിച്ച് താങ്കള്‍ക്ക് എന്തു തോന്നുന്നു? അതില്‍ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടോ?
ബേഠി ബച്ചാവോ ബേഠി പഠാവോ പരിപാടിയില്‍ തുടങ്ങി സ്ത്രീ ശാക്തീകരണത്തിന് അനുയോജ്യമായ ഒരു നയം രൂപപ്പെടുത്തുന്നതില്‍ ഇന്ത്യ യഥാര്‍ത്ഥത്തില്‍ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്ന നിയമങ്ങള്‍, അഴിമതി എന്നിവ വേരോടെ പിഴുതെറിയുന്നതിലും അഭ്യസ്തവിദ്യരായ സ്ത്രീകളെയും വീട്ടമ്മമാരെയും പ്രോത്സാഹിപ്പിക്കുന്നതിലും ലിംഗവിവേചനത്തിന്റെയും പുരുഷമേധാവിത്വത്തിന്റെയും വിലങ്ങുതടികള്‍ തകര്‍ക്കുന്നതിലും ഈ നയങ്ങള്‍ അപര്യാപ്തമാണെന്ന് തോന്നുന്നു.
- ഇന്ത്യയിലെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?
സ്ത്രീശാക്തീകരണം സര്‍ക്കാരിലെ ഒരു മന്ത്രാലയത്തിന്റെയോ ഒരു പ്രത്യേക വകുപ്പിന്റെയോ മുദ്രാവാക്യം മാത്രമായി ഒതുങ്ങരുത്. വ്യാവസായിക മേഖലയിലെ പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭങ്ങളില്‍ വനിതാ സംരംഭകരുടെ പങ്കാളിത്തം ഉറപ്പു വരുത്തി ഒരു സ്ഥാപനത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനും മറ്റും യോഗ്യതയുള്ള സ്ത്രീകളെ സ്വാഗതം ചെയ്യുകയും വേണം. ശാസ്ത്രജ്ഞര്‍, സൈനികര്‍, ബിസിനസുകാര്‍, പത്രപ്രവര്‍ത്തകര്‍, ജഡ്ജിമാര്‍, കരകൗശല വിദഗ്ധര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍, സംഗീതജ്ഞര്‍, ബസ് കണ്ടക്ടര്‍മാര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകള്‍ തങ്ങളുടെ കഴിവുകള്‍ പ്രകടമാക്കുന്നതില്‍ ഇന്ത്യ അഭിമാനിക്കുന്നു. പക്ഷേ, ഇതൊരു ചെറിയ തുടക്കം മാത്രമാണ്.
സ്ത്രീ ശാക്തീകരണവും ലിംഗസമത്വവും യാഥാര്‍ത്ഥ്യമാകണമെങ്കില്‍ നിയമസഭയില്‍ സ്ത്രീകള്‍ക്ക് അമ്പത് ശതമാനം സീറ്റ് സംവരണം നല്കുന്ന നിയമം പാര്‍ലമെന്റ് പാസാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലാത്തപക്ഷം സ്ത്രീശാക്തീകരണം എന്നത് തയ്യല്‍, കരകൗശലവസ്തുക്കള്‍ തുടങ്ങിയ കുടില്‍ വ്യവസായങ്ങളില്‍ മാത്രം വീമ്പിളക്കുന്ന ഒരു സമൂഹത്തിന്റെ അവകാശവാദങ്ങളായി തുടര്‍ന്നു പോകും.
- താങ്കള്‍ നിയമപരമായ ഒരു ഇതിഹാസവും മികച്ച ദേശീയ സേവനത്തിനുള്ള യൂത്ത് ഐക്കണുമാണ്. ‘ദേശീയത’യെക്കുറിച്ച് ഞങ്ങളുടെ വായനക്കാര്‍ക്ക് താങ്കള്‍ നല്കുന്ന സന്ദേശം എന്താണ്?
‘ദേശീയത’ എന്നത് അഭിമാനത്തിന്റെയും അന്തസ്സുള്ള നിലനില്‍പ്പിന്റെയും പ്രശ്നമാണ്. ഒരാള്‍ക്ക് മാതാപിതാക്കളോടും സന്തതികളോടും സ്വാഭാവിക സ്നേഹവും വാത്സല്യവും ഉള്ളതുപോലെ, എല്ലാവരും മാതൃരാജ്യത്തോടും ആരോഗ്യകരമായ സ്നേഹം പുലര്‍ത്തണം.
(‘മസ്തിഷ്ക ചോര്‍ച്ച’ എന്നത് തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട മോശം രാഷ്ട്രീയ നയങ്ങളാല്‍ സംഭവിക്കുന്ന ഒരു നീചമായ പ്രതിഭാസമാണ്. എന്നിട്ടും ഈ കുടിയേറ്റക്കാര്‍ വിദേശത്തേക്ക് പ്രവാസികളായി മാറിയതിന് ശേഷവും ജന്മനാടിനായി ഹൃദയം കൊതിക്കുകയും ചെയ്യുന്നു എന്ന് കാണുന്നത് സന്തോഷകരമാണ്.)
ദേശീയത ഏറ്റുപറയുക എന്നത് എല്ലാവരുടെയും കടമയാണ്, പട്ടാളക്കാരെപ്പോലെ അത് കോളറില്‍ ധരിക്കുന്നതില്‍ തെറ്റില്ല. എന്റെ രാഷ്ട്രത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുക എന്ന ഗൗരവമേറിയ കടമയില്‍ ലാഭകരമായ വിദേശ ഓഫറുകള്‍ നിരസിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഒരാള്‍ ദേശീയതയെ കെട്ടിപ്പിടിക്കുന്നതില്‍ ആര്‍ക്കും ലജ്ജിക്കേണ്ട കാര്യമില്ല. കൊളോണിയല്‍ ഭരണാധികാരികളില്‍ നിന്ന് മുക്തി നേടാനും വിവിധ നാട്ടുരാജ്യങ്ങളെ ഏകീകൃത ഇന്ത്യയാക്കി മാറ്റാനും ദേശീയത എന്ന വികാരമാണ് നമ്മളെ സഹായിച്ചത്.
വിവര്‍ത്തനം:ഖുശ്ബു ആഗ്രഹരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: